ഹിമന്ത ബിശ്വ ശര്‍മ അനധികൃതമായി 3960 ഏക്കര്‍ ഭൂമി കൈവശപ്പെടുത്തിയെന്ന് കോണ്‍ഗ്രസ്; മാനനഷ്ടക്കേസ് നല്‍കുമെന്ന് മറുപടി
India
ഹിമന്ത ബിശ്വ ശര്‍മ അനധികൃതമായി 3960 ഏക്കര്‍ ഭൂമി കൈവശപ്പെടുത്തിയെന്ന് കോണ്‍ഗ്രസ്; മാനനഷ്ടക്കേസ് നല്‍കുമെന്ന് മറുപടി
അനിത സി
Wednesday, 4th February 2026, 9:36 pm

ഗുവാഹത്തി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയും കുടുംബവും 3960 ഏക്കറിലേറെ ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയെന്ന് കോണ്‍ഗ്രസ്. അസം കോണ്‍ഗ്രസ് മേധാവി ഗൗരവ് ഗോഗോയ് പാര്‍ട്ടി ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഗുരുതമായ ആരോപണം ഉന്നയിച്ചത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 12,000 ഭിഗാസ് (3960ലേറെ ഏക്കര്‍) ഭൂമി നിയമവിരുദ്ധമായി ഹിമന്തയുടെ കുടുംബം പിടിച്ചടക്കിയിരിക്കുകയാണ്. കോണ്‍ഗ്രസ് നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍ നടത്തിയതെന്ന് ഗോഗോയ് മാധ്യമങ്ങളോട് പ്രതികരിച്ചു.

അസമിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജിതേന്ദ്ര സിങ്, ഛത്തീസ്ഗഡ് മുന്‍മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍, എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും തട്ടിപ്പിന്റെ ആഴം ഇനിയും വര്‍ധിച്ചേക്കാമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു. ഹിമന്തയുടെ അനധികൃത സമ്പത്തിനെയും സാമ്പത്തിക ഇടപാടുകളെയും കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനായി വെബ്‌സൈറ്റ് ആരംഭിച്ചിട്ടുണ്ട്.

വിഷയത്തില്‍ ശക്തമായ ക്യാമ്പെയിനാണ് പാര്‍ട്ടി നടത്തുന്നതെന്നും ഗോഗോയ് അറിയിച്ചു. ഇതിനിടെ, വെബ്‌സൈറ്റിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തെത്തിയതിന് പിന്നാലെ തന്നെ സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. സംഭവത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

അതേസമയം, തനിക്കെതിരെ ഉന്നയിക്കപ്പെട്ടത് തെറ്റായതും ദുരുദ്ദേശപരവുമായ പ്രസ്താവനകളാണെന്ന് ഹിമന്ത ബിശ്വ ശര്‍മ പ്രതികരിച്ചു. ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അടുത്തയാഴ്ച മാനനഷ്ടക്കേസ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ഹിറ്റ് ആന്റ് റണ്‍ രാഷ്ട്രീയ യുഗം അവസാനിച്ചു. ഒരു തുള്ളി ധൈര്യമോ തനിക്കെതിരായ തെളിവോ കൈവശമുണ്ടെങ്കില്‍ ആരോപണങ്ങള്‍ കോടതിക്ക് മുന്നില്‍ തെളിയിക്കണമെന്നും കോണ്‍ഗ്രസിനെ മുഖ്യമന്ത്രി വെല്ലുവിളിച്ചു.

ഗാന്ധി കുടുംബത്തിലെ അടിമകളെന്ന് വിളിക്കപ്പെടുന്നവരാണ് അവര്‍. അവരുടെ അപവാദ പ്രചാരണങ്ങളും നാടകങ്ങളെ തന്നെ ഭയപ്പെടുത്തില്ലെന്നും ഹിമന്ത പ്രതികരിച്ചു.

Content Highlight: Congress says Himanta Biswa Sarma illegally acquired 3960 acres of land

അനിത സി
ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍