സ്വത്ത് മറച്ചുവെച്ചെന്ന ആരോപണം പഴയത്; സി.പി.ഐ.എമ്മുമായി ഡീലുണ്ടാക്കിയെന്ന് കോണ്‍ഗ്രസ് പറയുന്നത് ഭയം കാരണം: രാജീവ് ചന്ദ്രശേഖര്‍
Kerala
സ്വത്ത് മറച്ചുവെച്ചെന്ന ആരോപണം പഴയത്; സി.പി.ഐ.എമ്മുമായി ഡീലുണ്ടാക്കിയെന്ന് കോണ്‍ഗ്രസ് പറയുന്നത് ഭയം കാരണം: രാജീവ് ചന്ദ്രശേഖര്‍
അനിത സി
Tuesday, 24th March 2026, 8:30 am

തിരുവനന്തപുരം: ചില മണ്ഡലങ്ങളില്‍ സി.പി.ഐ.എമ്മുമായി ഡീലുണ്ടാക്കിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തെ പരിഹസിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷനും നേമം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖര്‍.

ഡീലുണ്ടാക്കിയെന്ന ആരോപണം വര്‍ഷങ്ങളായി സിപി.ഐ.എമ്മും കോണ്‍ഗ്രസും ഉന്നയിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

ഡീല്‍ എന്ന ആരോപണം തോല്‍ക്കുമെന്ന ഭയത്തില്‍ നിന്നും ഉടലെടുക്കുന്നതാണ്. തോല്‍ക്കുമെന്ന് ഉറപ്പാകുമ്പോഴാണ് ഈ ഭ്രാന്ത് തുടങ്ങുന്നത്. ഇത് സി.പി.ഐ.എമ്മിന്റെയും കോണ്‍ഗ്രസിന്റെയും പഴയ ശൈലിയാണെന്നും രാജീവ് ചന്ദ്രശേഖര്‍ വിമര്‍ശിച്ചു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ചില മണ്ഡലങ്ങളുടെ പേരടക്കം പറഞ്ഞാണ് ഡീല്‍ ഉണ്ടാക്കിയെന്ന വിമര്‍ശനം ഉന്നയിച്ചതെന്ന ചോദ്യത്തോട് ഏപ്രില്‍ ഒമ്പത് വരെ അങ്ങനെ പറഞ്ഞോട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യാവാങ്മൂലത്തില്‍ മുഴുവന്‍ സ്വത്ത് വിവരങ്ങള്‍ കാണിച്ചില്ലെന്ന കോണ്‍ഗ്രസിന്റെ ആരോപണം പഴയതാണെന്നും അങ്ങനെ തന്നെ പറയട്ടെയെന്നും രാജീവ് ചന്ദ്രരശേഖര്‍ പ്രതികരിച്ചു.

2024ലെ തെരഞ്ഞെടുപ്പ് സമയത്തും ഇതേ ആരോപണമാണ് ഉന്നയിച്ചതെന്നും അദ്ദേഹം പരിഹസിച്ചു.അക്കൗണ്ട് തുറക്കുമോയെന്ന ചോദ്യത്തോട് മേയ് 14ന് കാണാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 140 മണ്ഡലങ്ങളിലും വിജയിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

പാലക്കാട് മണ്ഡലത്തിലുള്‍പ്പെടെ ബി.ജെ.പി-സിപി.ഐ.എം ഡീലുണ്ടാക്കിയെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം. മഞ്ചേശ്വരം, കാസര്‍കോട്, റാന്നി, കോന്നി തുടങ്ങിയ മണ്ഡലങ്ങളില്‍ ഡീല്‍ ഉണ്ടാക്കിയെന്ന് വി.ഡി. സതീശന്‍ ആരോപിച്ചിരുന്നു. എന്‍.എം.ആര്‍ റസാഖിനെ പാലക്കാട് സ്ഥാനാര്‍ത്ഥിയാക്കിയത് ചൂണ്ടിക്കാണിച്ചായിരുന്നു വി.ഡി. സതീശന്റെ പ്രധാന ആരോപണങ്ങള്‍.

ആരോപണങ്ങള്‍ തള്ളിയ സി.പി.ഐ.എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബു മണ്ഡലത്തില്‍ ഡീലുണ്ടാക്കിയിരിക്കുന്നത് കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലാണെന്നും അതുകൊണ്ടാണ് വിജയസാധ്യതയുള്ള മണ്ഡലത്തില്‍ കോമഡി സ്‌കിറ്റ് ചെയ്യുന്ന അര സംഘിയായ രമേശ് പിഷാരടിയെ സ്ഥാനാര്‍ത്ഥിയാക്കിയതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

ഷാഫി പറമ്പിലിന്റെ വാശിക്ക് മുന്നില്‍ വി.ഡി.സതീശനും കെ.സി.വേണുഗോപാലും മൗനം പാലിക്കുകയാണെന്നും സുരേഷ് ബാബു വിമര്‍ശിച്ചിരുന്നു.

കഴിഞ്ഞദിവസം രാജീവ് ചന്ദ്രശേഖറിനെതിരെ കോണ്‍ഗ്രസ് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ബെംഗളൂരു കോറമംഗലയിലുള്ള 200 കോടിയിലേറെ മൂല്യം വരുന്ന സ്വത്തിന്റെ വിവരങ്ങള്‍ മറച്ചുവെച്ചെന്നായിരുന്നു തെളിവ് സഹിതമുള്ള കോണ്‍ഗ്രസിന്റെ ആരോപണം. രാജീവ് ചന്ദ്രശേഖറിനെ മത്സരിക്കുന്നതില്‍ നിന്നും അയോഗ്യനാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

Content Highlight: Allegations of hiding assets are old; Congress saying it made a deal with CPI(M) is out of fear: Rajiv Chandrasekhar

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.