ശിവസേന സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് എം.എല്‍.എമാര്‍: കത്തുമായി നേതൃത്വം ദല്‍ഹിയിലേക്ക്; സോണിയയുടെ വീട്ടില്‍ കെ.സിയും ആന്റണിയും
India
ശിവസേന സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് എം.എല്‍.എമാര്‍: കത്തുമായി നേതൃത്വം ദല്‍ഹിയിലേക്ക്; സോണിയയുടെ വീട്ടില്‍ കെ.സിയും ആന്റണിയും
ന്യൂസ് ഡെസ്‌ക്
Monday, 11th November 2019, 1:14 pm

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് നിര്‍ണായക ചര്‍ച്ചകള്‍ പുരോഗമിക്കവേ ശിവസേന-എന്‍.സി.പി സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി കോണ്‍ഗ്രസിന്റെ 40 എം.എല്‍.എമാര്‍ ഒപ്പുവെച്ചതായി റിപ്പോര്‍ട്ട്.

എം.എല്‍.എമാര്‍ ഒപ്പുവെച്ച കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് മുന്‍പില്‍ സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്.

ശിവസേനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് പൂര്‍ണ പിന്തുണ കോണ്‍ഗ്രസിന്റെ എം.എല്‍.എമാര്‍ നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയാണ് ഇക്കാര്യത്തില്‍ അവസാന വാക്ക് പറയേണ്ടതെന്നും എന്‍.സി.പി നേതാവ് നവാബ് മാലിക് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം ദല്‍ഹിയിലെ സോണിയയുടെ വസതിയില്‍ കോണ്‍ഗ്രസ് നേതാക്കളായ എ.കെ ആന്റണിയും കെ.സി വേണുഗോപാലുമുണ്ട്. മുതിര്‍ന്ന നേതാവായ അഹമ്മദ് പട്ടേലും വസതിയില്‍ എത്തിച്ചേരുന്നുണ്ട്.

സോണിയാ ഗാന്ധിയുടെ വസതിയില്‍ ഇന്ന് വൈകീട്ട് നാല് മണിക്കാണ് അവസാന ഘട്ട ചര്‍ച്ച നടക്കുക. നാല് മണിക്ക് നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ടെന്നും തീരുമാനം അതില്‍ പ്രഖ്യാപിക്കുമെന്നും മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

ബാലാസാഹബ് തൊറാട്ട്, പൃഥ്വിരാജ് ചവാന്‍, അശോക് ചവാന്‍, സുശീല്‍ കുമാര്‍ ഷിന്‍ഡെ, കെ.സി പദ്‌വി, വിജയ് വഡേട്ടിവാര്‍ എന്നീ നേതാക്കളാണ് നാല് മണിക്ക് നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.

അതേസമയം ശിവസേന-എന്‍.സി.പി സര്‍ക്കാരിനെ കോണ്‍ഗ്രസ് പുറത്തുനിന്ന് പിന്തുണയ്ക്കാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ