ന്യൂദല്‍ഹി: രാജ്യത്തെ വിദ്യാര്‍ത്ഥികളും യുവാക്കളും നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനായി ‘ഛാത്രോം കി ഗുഞ്ച്’ എന്ന പേരില്‍ 40 ദിവസം നീണ്ടുനില്‍ക്കുന്ന രാജ്യവ്യാപക പ്രചാരണത്തിന് കോണ്‍ഗ്രസ്.
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഈ പ്രചാരണത്തിന്റെ ഭാഗമായി ആഗസ്റ്റ് ഒമ്പതിന് പാര്‍ലമെന്റ് വളയുമെന്ന് പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു.
പ്രചാരണത്തിന്റെ ഭാഗമായി ആഗസ്റ്റ് ഒന്നിന് രാജ്യത്തെ 28 പ്രധാന നഗരങ്ങളിലെ ഡിസ്ട്രിക്റ്റ് കളക്ടറേറ്റുകള്‍ കോണ്‍ഗ്രസ് വളയും. തുടര്‍ന്ന് ആഗസ്റ്റ് ഒമ്പതിന് ദല്‍ഹിയില്‍ പാര്‍ലമെന്റ് വളയുന്നതോടെ പ്രതിഷേധം ശക്തമാക്കും.
ചോദ്യപേപ്പര്‍ ചോര്‍ച്ച, പരീക്ഷകള്‍ റദ്ദാക്കല്‍, നിയമനങ്ങളിലെ കാലതാമസം, പരീക്ഷാ സമ്പ്രദായത്തിലെ പരാജയങ്ങള്‍ എന്നിവയാല്‍ ദുരിതമനുഭവിക്കുന്ന യുവാക്കളുടെ ശബ്ദം അധികാരികളിലെത്തിക്കുക എന്നതാണ് ഈ പ്രചാരണത്തിന്റെ ലക്ഷ്യം.
കോച്ചിങ് സെന്ററുകള്‍, കോളേജ് ക്യാമ്പസുകള്‍, ലൈബ്രറികള്‍ എന്നിവിടങ്ങളില്‍ വിദ്യാര്‍ത്ഥികളുമായും ഉദ്യോഗാര്‍ത്ഥികളുമായും പാര്‍ട്ടി സംവദിക്കും.
ജമ്മുവില്‍ നടന്ന പത്രസമ്മേളനത്തില്‍ എ.ഐ.സി.സി സെക്രട്ടറിമാരായ പര്‍ഗത് സിങ്ങും ദിവ്യ മദെര്‍നയുമാണ് ഈ പ്രഖ്യാപനങ്ങള്‍ നടത്തിയത്. മധ്യപ്രദേശ് നിയമസഭയിലെ പ്രതിപക്ഷ നേതാവ് ഉമംഗ് സിംഗാര്‍ പ്രയാഗ്രാജില്‍ പ്രചാരണത്തിന് തുടക്കം കുറിച്ചു.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ 89 ചോദ്യപേപ്പര്‍ ചോര്‍ച്ചകളും 48 പുനപരീക്ഷകളും നടന്നതായും ഇത് ദശലക്ഷക്കണക്കിന് യുവാക്കളുടെ ഭാവി തകര്‍ത്തതായും ദിവ്യ മദെര്‍ന ആരോപിച്ചു.
ഈ പ്രതിസന്ധികള്‍ കാരണം കുറഞ്ഞത് 93 പേരെങ്കിലും ആത്മഹത്യ ചെയ്തതായി നേതാക്കള്‍ ചൂണ്ടിക്കാട്ടി.
ബി.ജെ.പി ഭരണത്തിന് കീഴില്‍ സമീപ വര്‍ഷങ്ങളില്‍ നീറ്റ് പരീക്ഷയുടെ പേപ്പര്‍ നാല് തവണ ചോര്‍ന്നതായി അവര്‍ ആരോപിച്ചു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 15 സംസ്ഥാനങ്ങളിലായി 41 റിക്രൂട്ട്മെന്റ് പേപ്പര്‍ ചോര്‍ച്ചകള്‍ നടന്നതായും, ഇത് ഒരു ലക്ഷം തസ്തികകളിലേക്ക് മത്സരിക്കുന്ന ഏകദേശം 1.4 കോടി അപേക്ഷകരെ ബാധിച്ചതായും അവര്‍ വ്യക്തമാക്കി.
രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം തകര്‍ത്തതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മേഖലയെ വാണിജ്യവത്കരിക്കുകയും സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്ന നടപടിയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് പര്‍ഗത് സിങ് കുറ്റപ്പെടുത്തി.
ശ്രീനഗര്‍ ഉള്‍പ്പെടെ രാജ്യത്തെ 40 കേന്ദ്രങ്ങളിലാണ് പ്രചാരണത്തിന്റെ ഭാഗമായുള്ള പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ തകര്‍ന്ന ഭാവി വീണ്ടെടുക്കുന്നതിനായി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഈ പോരാട്ടം തുടരുമെന്ന് നേതാക്കള്‍ അറിയിച്ചു.
Content Highlight: Congress’s protest against student crisis and question paper leak; Parliament will be surrounded