തിരുവനന്തപുരം: മനോരമ ലേഖകനും ആനാട് പഞ്ചായത്ത് മുന്‍വൈസ് പ്രസിഡന്റുമായിരുന്ന കെ ശശിധരന്‍ നായര്‍ (ആനാട് ശശി) ജീവനൊടുക്കിയ സംഭവത്തിന് പിന്നില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണസംഘമെന്ന് കുടുംബം.
ശശിയുടെ ആത്മഹത്യ ക്യാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്നുള്ള മനോവിഷമത്തിലാണെന്ന വ്യാജപ്രചാരണം നടക്കുന്നുണ്ടെന്നും കുടുംബം പറഞ്ഞു.
മുണ്ടേല രാജീവ്ഗാന്ധി റസിഡന്റ്‌സ് വെല്‍ഫയര്‍ സഹകരണസംഘത്തില്‍ നിക്ഷേപിച്ച പണം തിരിച്ചുകിട്ടാത്തതിന്റെ മനോവിഷമത്തിലാണ് ആനാട് ശശി ആത്മഹത്യ ചെയ്തതെന്ന് കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.
ആനാട് ശശി മരിച്ച് ഒന്നരമാസത്തോളം പിന്നിട്ടിട്ടും പണം കുടുംബത്തിന് നല്‍കാന്‍ സഹകരണസംഘം തയ്യാറായിട്ടില്ല.
ആനാട് ശശി ക്യാന്‍സര്‍ ബാധിതനായതിന്റെ മനോവിഷമത്തിലാണ് ജീവനൊടുക്കിയതെന്ന പ്രചാരണം വ്യാപകമായി നടക്കുന്നുണ്ടെന്നും ഇത് വ്യാജപ്രചാരണമാണെന്നും ആനാട് ശശിയുടെ പങ്കാളി റിട്ട. ആയുര്‍വേദ ഡോക്ടര്‍ പി. ലത മാധ്യമങ്ങളോട് പറഞ്ഞു.
ശശിയുടെ മെഡിക്കല്‍ രേഖകള്‍ തന്നെ അദ്ദേഹത്തിന് ക്യാന്‍സര്‍ ഉണ്ടായിരുന്നില്ലെന്ന് തെളിയിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. നിരവധി തവണ ബയോപ്‌സി ചെയ്തിരുന്നു.
ആനാട് ശശി
ത്വക്ക് രോഗം മാത്രമാണ് ഉണ്ടായിരുന്നത്. അത് ആശങ്ക കാരണമുണ്ടായതാണ്. എന്തിനാണ് വ്യാജപ്രചാരണം നടത്തുന്നതെന്നും ലത ചോദിച്ചു.
ഇത്രവലിയ രോഗമുണ്ടായിരുന്നു എന്ന മുള്‍ക്കിരീടം അദ്ദേഹത്തിന് മരണാനന്തരം ചാര്‍ത്തിക്കൊടുക്കരുതെന്നും കുടുംബം പറഞ്ഞു. ആരാണ് ഇതിന് പിന്നിലെങ്കിലും കുടുംബത്തെ ആലോചിച്ചെങ്കിലും അവസാനിപ്പിക്കണമെന്നും ആനാട് ശശിയുടെ പങ്കാളി ആവശ്യപ്പെട്ടു.
ഒരു ശത്രു പോലും ഇല്ലാതിരുന്ന ശശിയോട് മരണശേഷം ചെയ്യുന്നത് ക്രൂരതയാണെന്നും തന്നേയും മകളേയും ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്നും അവര്‍ ആവശ്യപ്പെട്ടു.
ആരാണ് വ്യാജപ്രചാരണങ്ങള്‍ക്ക് പിന്നിലെന്ന് അറിയില്ലെന്നും കുടുംബം പ്രതികരിച്ചു.
ലളിതമായ ജീവിതത്തിലൂടെ തങ്ങള്‍ സ്വരൂപിച്ച പണമാണ് സഹകരണസംഘത്തില്‍ നിക്ഷേപിച്ചത്. തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട പണം തിരികെ ലഭിക്കാന്‍ സഹായിക്കണമെന്നും അവര്‍ പറഞ്ഞു.
ആനാട് ശശി 2021ലാണ് വന്‍തുക സ്ഥിരനിക്ഷേപമായി മുണ്ടേല രാജീവ്ഗാന്ധി റസിഡന്റ്‌സ് വെല്‍ഫയര്‍ സഹകരണസംഘത്തില്‍ നിക്ഷേപിച്ചത്. പിന്നീട് പലതവണ പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ പല കാരണങ്ങള്‍ പറഞ്ഞ് മടക്കുകയായിരുന്നു.
ഒടുവില്‍ 25,000 രൂപ മാത്രമാണ് തിരികെ നല്‍കിയിരുന്നതെന്ന് ബന്ധുക്കള്‍ പറയുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 4നാണ് വെള്ളയമ്പലം കനകനഗറിലെ ഹെഡ് സര്‍വേയര്‍ ഓഫീസിന് മുന്‍വശത്തെ ഷെഡില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
കോണ്‍ഗ്രസ് ഭരണസമിതിയുള്ള സഹകരണ സംഘം നടത്തിയ 24.74 കോടി രൂപയുടെ ക്രമക്കേട് 2024ല്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സഹകരണസംഘം പിരിച്ചുവിട്ട് സെപ്റ്റംബറില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തുകയും ചെയ്തു.
പിന്നീട് നിക്ഷേപകര്‍ പണം ആവശ്യപ്പെട്ട് പ്രതിഷേധമാരംഭിച്ചതോടെ സംഘം പ്രസിഡന്റ് എം.മോഹനകുമാര്‍ ഒളിവില്‍ പോവുകയും അദ്ദേഹത്തെ നവംബറില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയും ചെയ്തിരുന്നു.
കോടതി നിര്‍ദേശിച്ചപ്രകാരം 2025 മാര്‍ച്ചില്‍ എം. ഗംഗാധരന്‍ അധ്യക്ഷനായി സഹകരണസംഘത്തിന് പുതിയ ഭരണസമിതി നിലവില്‍ വന്നിരുന്നു,
Content Highlight: Congress-ruled cooperative cheated him says Manorama repoter’s family