നെഹ്‌റുവിന്റെ പേര് ഐന്‍സ്റ്റീനൊപ്പമെങ്കില്‍ മോദിയുടെ പേര് എപ്സ്റ്റീനൊപ്പം; 'പുതിയ ഇന്ത്യ'യെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എം.പി
India
നെഹ്‌റുവിന്റെ പേര് ഐന്‍സ്റ്റീനൊപ്പമെങ്കില്‍ മോദിയുടെ പേര് എപ്സ്റ്റീനൊപ്പം; 'പുതിയ ഇന്ത്യ'യെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എം.പി
അനിത സി
Saturday, 7th February 2026, 4:03 pm

നെഹ്‌റുവിന്റെ പേര് ഐന്‍സ്റ്റീനൊപ്പവും മോദിയുടെ പേര് എപ്സ്റ്റീനൊപ്പവും; ഇതാണ് പുതിയ ഇന്ത്യയെന്ന് കോണ്‍ഗ്രസ് എം.പി

ന്യൂദല്‍ഹി: രാജ്യത്ത് വിദ്വേഷ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ രാജ്യസഭാംഗമായ ഇമ്രാന്‍ പ്രതാപ്ഗഡി നടത്തിയ പ്രസംഗം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു.

മുന്‍പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെതിരെ നടത്തുന്ന പ്രചാരണങ്ങളെ അപലപിച്ചുകൊണ്ടും രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ ആവര്‍ത്തിച്ച ‘പുതിയ ഇന്ത്യ’ എന്ന വിശേഷണത്തെ വിമര്‍ശിച്ചുമായിരുന്നു ഇമ്രാന്റെ വാക്കുകള്‍. മഹാരാഷ്ട്രയില്‍ നിന്നുള്ളകോണ്‍ഗ്രസ് എം.പിയാണ് അദ്ദേഹം.

നെഹ്‌റുവിന്റെ പേര് ഐന്‍സ്റ്റീന്റെ പേരിനൊപ്പം ചേര്‍ത്ത് ഓര്‍മിക്കപ്പെടുമ്പോള്‍ മോദിയുടെ പേര് എപ്സ്റ്റീന് ഒപ്പമാണ് ഓര്‍മിക്കപ്പെടുകയെന്ന് ഉറുദു കവി കൂടിയായ ഇമ്രാന്‍ വിമര്‍ശിച്ചു.

‘മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെയും ഇന്ദിര ഗാന്ധിയെയും ചീത്ത വിളിക്കുകയാണ് നിങ്ങള്‍. നെഹ്‌റുവിനെ ചെറുതാക്കി കാണാനാവില്ല. നെഹ്‌റുവിന്റെ പേര് ഐന്‍സ്റ്റീനൊപ്പമാണ് ചേര്‍ത്തിരുന്നത്.

എന്നാല്‍ നിങ്ങളുടെ പേര് എപ്സ്റ്റീന്റെ പേരിനൊപ്പമാണ് കേള്‍ക്കുന്നത്’, ഇമ്രാന്‍ രാജ്യസഭയില്‍ പറഞ്ഞു.

രാജ്യത്ത് വിദ്വേഷങ്ങള്‍ക്ക് ബി.ജെ.പി ഭരണകൂടം വേണ്ടുവോളം പ്രോത്സാഹനം നല്‍കുന്നുണ്ടെന്നും ഇതാണ് ‘പുതിയ ഇന്ത്യ’യെന്നും ഇമ്രാന്‍ വിമര്‍ശിച്ചു.

ഉത്തരാഖണ്ഡ് കോട്ദ്വാറില്‍ മുസ്‌ലിം കടയുടമയെ മര്‍ദനത്തില്‍ നിന്നും രക്ഷിച്ച ദീപക് കുമാര്‍ എന്നയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. അന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയും കോട്ദ്വാറിലുണ്ടായിരുന്നു.

വിദ്വേഷത്തിന്റെ പേരില്‍ മര്‍ദിച്ചവര്‍ക്കെതിരെ കേസെടുക്കാതെ, സ്‌നേഹത്തിനും മതസൗഹാര്‍ദത്തിനുമൊപ്പം നിന്ന ദീപകിനെതിരെയാണ് കേസെടുത്തത്. ഇതാണ് പുതിയ ഇന്ത്യയെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.

‘ഈ പുതിയ ഇന്ത്യയില്‍ അസം മുഖ്യമന്ത്രി ദിവസവും പ്രോട്ടോക്കോള്‍ ലംഘിച്ച് വിദ്വേഷ പ്രസംഗം നടത്തുന്നു. ബംഗാള്‍ മുസ്‌ലിങ്ങളെ പരമാവധി പീഡിപ്പിച്ച് സംസ്ഥാനത്ത് നിന്നും പുറത്താക്കാന്‍ ആഹ്വാനം ചെയ്യുന്നു. മിയ മുസ് ലിങ്ങള്‍ ഓടിക്കുന്ന ഓട്ടോറിക്ഷയില്‍ പണം കുറച്ചുകൊടുത്താല്‍ മതിയെന്ന വിദ്വേഷം പരത്തുന്നു.

ബറേലിയിലെ ഒഴിഞ്ഞവീട്ടില്‍ നിസ്‌കരിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്യുന്നു, ഈ പുതിയ ഇന്ത്യയില്‍ മധ്യപ്രദേശിലെ ഗോത്രഗ്രാമത്തില്‍ സ്‌കൂള്‍ നിര്‍മിച്ച മുസ്‌ലിമായ വ്യക്തി നിര്‍മിച്ച സ്‌കൂള്‍ സര്‍ക്കാര്‍ പൊളിച്ചുമാറ്റുന്നു.

ക്രിസ്മസ് ആഘോഷിക്കുന്ന ക്രിസ്ത്യാനികളെ സര്‍ക്കാരിന്റെ അറിവോട ആക്രമിക്കുന്നു. കാശ്മീരില്‍ നീറ്റ് പരീക്ഷ പാസായി മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ അഡ്മിഷനെടുത്തതിന്റെ പേരില്‍ മെഡിക്കല്‍ കോളേജ് തന്നെ അടച്ചുപൂട്ടുന്നു. ഇതൊക്കെ ചേര്‍ന്നതാണ് പുതിയ ഇന്ത്യ’, ഇമ്രാന്റെ പ്രസംഗത്തില്‍ പറഞ്ഞു.

Content Highlight: Congress Rajyasabha MP Imran Pratapgarhi’s viral speech

അനിത സി
ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍