ജനങ്ങളെ കാളവണ്ടിയിലെത്തിച്ചു; ദല്‍ഹിയില്‍ കാളവണ്ടി പ്രതിഷേധവുമായി കോണ്‍ഗ്രസ്
national news
ജനങ്ങളെ കാളവണ്ടിയിലെത്തിച്ചു; ദല്‍ഹിയില്‍ കാളവണ്ടി പ്രതിഷേധവുമായി കോണ്‍ഗ്രസ്
ആദര്‍ശ് എം.കെ.
Saturday, 16th May 2026, 3:31 pm

ന്യൂദല്‍ഹി: പെട്രോള്‍, ഡീസല്‍, പാല്‍ എന്നിവയുടെ വില വര്‍ധനവില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്. കാളവണ്ടിയിലാണ് നേതാക്കള്‍ പ്രതിഷേധത്തിനെത്തിയത്.

പണപ്പെരുപ്പം പൊതുജനങ്ങളില്‍ ഏല്‍പ്പിക്കുന്ന ആഘാതം എത്രത്തോളം വലുതെന്ന് പ്രതീകാത്മകമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു നേതാക്കളുടെ കാളവണ്ടിയാത്ര.

കേന്ദ്രസര്‍ക്കാരിന് കീഴില്‍ അവശ്യസാധനങ്ങളുടെ വില കുത്തനെ വര്‍ധിക്കുന്നതിലേക്ക് ശ്രദ്ധ കൊണ്ടുവരാനാണ് ഈ പ്രതിഷേധം ലക്ഷ്യമിടുന്നതെന്ന് ദല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ ദേവേന്ദ്ര യാദവ് പറഞ്ഞു.

‘ഇത് ഞങ്ങളുടെ പോരാട്ടമാണ്, ഇത് ജനങ്ങളുടെ പോരാട്ടമാണ്. ഞങ്ങള്‍ പോരാടും. ഇതൊരു അതീവ ഗുരുതരമായ വിഷയമാണ്, ഇത് വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നു.

അവര്‍ 2014ല്‍ അധികാരത്തില്‍ വന്നു, 12 വര്‍ഷത്തെ ഭരണത്തിനിടെ അവര്‍ പണപ്പെരുപ്പം ഇരട്ടിയാക്കി. ഇന്ധനം, പച്ചക്കറികള്‍, പാല്‍, എല്‍.പി.ജി, അല്ലെങ്കില്‍ സി.എന്‍.ജി എന്നിവയുടെ വിലയില്‍ വര്‍ധനവുണ്ടായി.

ഈ സര്‍ക്കാര്‍ പണപ്പെരുപ്പത്തിന് കാരണമായി. ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിനായി ഫലപ്രദമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല,’ ദേവേന്ദ്ര യാദവ് പറഞ്ഞു.

ഇന്ധനവില വര്‍ധനവിനെക്കുറിച്ച് സംസാരിക്കവെ, ‘ജനങ്ങള്‍ കാളവണ്ടികളില്‍ യാത്ര ചെയ്യാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പണപ്പെരുപ്പം നിയന്ത്രിക്കുന്നതിലും ദൈനംദിന ചിലവുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസം നല്‍കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി.വെള്ളിയാഴ്ച പൊതുമേഖലാ എണ്ണ വിപണന കമ്പനികള്‍ ഇന്ധനവിലയില്‍ ലിറ്ററിന് ഏകദേശം 3 രൂപയുടെ വര്‍ധനവ് പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണ് ഈ പ്രതിഷേധം ഉണ്ടായത്.

ഇതോടെ ദല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 97.77 രൂപയായും ഡീസല്‍ വില 90.67 രൂപയായും ഉയര്‍ന്നു.

ഹോര്‍മുസ് കടലിടുക്കിലെ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ആഗോള ഊര്‍ജ്ജ വിതരണത്തിലുണ്ടായ തടസ്സങ്ങള്‍ കാരണം ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 70 ഡോളറില്‍ നിന്ന് ഏകദേശം 105 ഡോളറായി കുതിച്ചുയര്‍ന്നിട്ടുണ്ട്.

അതേസമയം, ഇന്ധനവിലവര്‍ധനവിനെ ന്യായീകരിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്.

2022 ഏപ്രിലിന് ശേഷം 2024 മാര്‍ച്ചില്‍ കേന്ദ്രം പ്രഖ്യാപിച്ച 2 രൂപയുടെ എക്‌സൈസ് ഡ്യൂട്ടി കുറവ് ഒഴിച്ചാല്‍ ഇന്ധനവിലയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായിരുന്നില്ല.

 

Content Highlight: Congress protests against increase in petrol, diesel and milk prices

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.