കറുപ്പണിഞ്ഞ് എം.പിമാര്‍ രാഷ്ട്രപതിഭവനിലേക്ക്; മോദിയുടെ വസതി വളഞ്ഞ് പ്രതിഷേധിക്കാന്‍ കോണ്‍ഗ്രസ്; രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ള നേതാക്കള്‍ കസ്റ്റഡിയില്‍
national news
കറുപ്പണിഞ്ഞ് എം.പിമാര്‍ രാഷ്ട്രപതിഭവനിലേക്ക്; മോദിയുടെ വസതി വളഞ്ഞ് പ്രതിഷേധിക്കാന്‍ കോണ്‍ഗ്രസ്; രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ള നേതാക്കള്‍ കസ്റ്റഡിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th August 2022, 2:09 pm

ന്യൂദല്‍ഹി: അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്വാനം ചെയ്ത രാജ്യവ്യാപക പ്രതിഷേധത്തെത്തുടര്‍ന്ന് രാഹുല്‍ ഗാന്ധിയെയും എം.പിമാരെയും കസ്റ്റഡിയിലെടുത്ത് ദല്‍ഹി പൊലീസ്.

രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, ശശി തരൂര്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജെബി മേത്തര്‍, രമ്യ ഹരിദാസ്, ജയ്റാം രമേശ്, ഉള്‍പ്പെടെയുള്ളവരെയാണ് കസ്റ്റഡിയിലെടുത്തത്. പ്രതിഷേധ പ്രവര്‍ത്തകരുടെ വസ്ത്രങ്ങള്‍ പൊലീസ് വലിച്ചുകീറിയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

വെള്ളിയാഴ്ച നടന്ന രാജ്യവ്യാപക പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, എം.പി മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയ നേതാക്കളെല്ലാം കറുത്ത നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് എത്തിയത്.

രാഹുല്‍ ഗാന്ധി കറുപ്പ് നിറത്തിലുള്ള ഷര്‍ട്ട് ധരിച്ചപ്പോള്‍ പ്രിയങ്ക ഗാന്ധി കറുത്ത നിറത്തിലുള്ള സ്യൂട്ട് ധരിച്ചാണ് പ്രതിഷേധത്തിനെത്തിയത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ഈ വിഷയത്തില്‍ പ്രതിഷേധം നടക്കുന്നുണ്ട്. എല്ലാ തലസ്ഥാന നഗരികളിലും കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധ പ്രകടനം നടത്തുന്നുണ്ട്. മുംബൈയില്‍ ചില കോണ്‍ഗ്രസ് നേതാക്കളെ ആസാദ് മൈദാന്‍ പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.

പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ എ.ഐ.സി.സി ആസ്ഥാനം വിട്ടെന്നും, പ്രതിഷേധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതി വളയാന്‍ ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിലക്കയറ്റം, അഗ്നിപഥ് തുടങ്ങിയ നിരവധി വിഷയങ്ങള്‍ ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ പ്രതിപക്ഷം നിരന്തരം ഉന്നയിച്ചുകൊണ്ടിരിക്കുന്ന വിഷയമാണ് അവശ്യസാധനങ്ങളുടെ വിലക്കയറ്റം. പ്രതിപക്ഷ അംഗങ്ങള്‍ ഇതിനെതിരെ നിരന്തരം സഭകളില്‍ പ്രതിഷേധിച്ചിരുന്നു. എന്നാല്‍ അംഗങ്ങള്‍ സഭയില്‍ അനിയന്ത്രിതമായി പെരുമാറിയെന്നാരോപിച്ച് ഇരുസഭകളിലും അംഗങ്ങളെ സസ്പെന്‍ഡ് ചെയ്തിരുന്നു.

ജനാധിപത്യത്തിന്റെ മരണത്തിനാണ് തങ്ങള്‍ സാക്ഷ്യം വഹിക്കുന്നതെന്നും രാഹുല്‍ ഗാന്ധി വെള്ളിയാഴ്ച മാധ്യമങ്ങളുമായി സംസാരിക്കവെ പറഞ്ഞിരുന്നു. പ്രധാനമന്ത്രി മോദിയെ ഹിറ്റ്‌ലറുമായി താരതമ്യപ്പെടുത്തിയും രാഹുല്‍ സംസാരിച്ചിരുന്നു.

‘ഹിറ്റ്‌ലറും തെരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നു, എങ്ങനെയാണ് അദ്ദേഹം ജയിച്ചത്? കാരണം, ജര്‍മ്മനിയിലെ എല്ലാ സ്ഥാപനങ്ങളുടെയും നിയന്ത്രണം അദ്ദേഹത്തിന് ഉണ്ടായിരുന്നു… അപ്പോള്‍ മുഴുവന്‍ സംവിധാനവും എനിക്ക് തരൂ. തെരഞ്ഞെടുപ്പ് എങ്ങനെ വിജയിക്കുമെന്ന് ഞാന്‍ കാണിച്ചുതരാം.’ രാഹുല്‍ പറഞ്ഞു.

പ്രതിഷേധത്തോടനുബന്ധിച്ച് ജന്തര്‍മന്തര്‍ ഒഴികെ ദല്‍ഹിയില്‍ എല്ലായിടത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. നാഷണല്‍ ഹെറാള്‍ഡ് ഓഫീസ് ഇ.ഡി സീല്‍ ചെയ്തതിലുള്ള കോണ്‍ഗ്രസ് പ്രതിഷേധം കണക്കിലെടുത്താണ് നിയന്ത്രണം.

നിരോധനാജ്ഞ ലംഘിച്ചാല്‍ കര്‍ശന നടപടിയെന്നും എ.ഐ.സി.സി ആസ്ഥാനത്തിന് മുന്നില്‍ ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. എ.ഐ.സി.സി ആസ്ഥാനം ദല്‍ഹി പൊലീസും കേന്ദ്ര സേനകളും വളഞ്ഞിരിക്കുകയാണ്.

 

Content highlight: Congress Protest, Rahul, Priyanka Gandhi and other leaders detained