രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍
India
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 20th January 2013, 12:55 am

ജയ്പൂര്‍: കോണ്‍ഗ്രസിലെ രണ്ടാമനായി രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുത്തു. ജയ്പൂരില്‍ നടന്ന ചിന്തന്‍ ശിബിരിന് ശേഷം ചേര്‍ന്ന യോഗത്തിലാണ് രാഹുലിനെ കോണ്‍ഗ്രസ് ഉപാധ്യക്ഷനായി തിരഞ്ഞെടുത്തത്.

പ്രതിരോധ മന്ത്രി എ.കെ ആന്റണിയാണ് കോണ്‍ഗ്രസിലെ രണ്ടാമനായി രാഹുല്‍ ഗാന്ധിയെ നിര്‍ദേശിച്ചത്. ആന്റണിയുടെ നിര്‍ദേശം പ്രവര്‍ത്തക സമിതി മുഴുവന്‍ അംഗീകരിച്ചതായി എ.ഐ.സി.സി മാധ്യമവിഭാഗം തലവന്‍ ജനാര്‍ദന്‍ ദ്വിവേദി അറിയിച്ചു.[]

ഇന്ന് നടക്കുന്ന എ.ഐ.സി.സി സമ്മേളനത്തില്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും. അതേസമയം, അടുത്ത തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കുക രാഹുല്‍ ഗാന്ധിയാണോ എന്നതില്‍ തീരുമാനം പിന്നീടാണ് അറിയുക.

ചിന്തന്‍ ശിബിരില്‍ പങ്കെടുത്ത ഭൂരിഭാഗം യുവ നേതാക്കളും രാഹുലിനെ പാര്‍ട്ടിയുടെ പ്രസിഡന്റാക്കണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്. സമ്മേളനം നടന്ന ബിര്‍ള ഓഡിറ്റോറിയത്തിനുപുറത്ത് യൂത്ത് കോണ്‍ഗ്രസ്, എന്‍.എസ്.യു. പ്രവര്‍ത്തകര്‍ ഈ ആവശ്യമുന്നയിച്ച് പ്രകടനങ്ങളും നടത്തി.

പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുമെന്നും രാഹുല്‍ യോഗത്തില്‍ പറഞ്ഞു. കേരളത്തില്‍നിന്ന് എ.കെ.ആന്റണിക്കുപുറമെ കെ.പി.സി.സി. അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും വിപുലീകൃത പ്രവര്‍ത്തകസമിതി യോഗത്തില്‍ പങ്കെടുത്തു.