ജനാധിപത്യം ശക്തിപ്പെടുന്നത് വിജയത്തിലൂടെ മാത്രമല്ല, പുതിയ ഉപരാഷ്ട്രപതി സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങില്ലെന്ന് പ്രതീക്ഷിക്കുന്നു: മല്ലികാര്‍ജുന്‍ ഖാര്‍ഗെ
India
ജനാധിപത്യം ശക്തിപ്പെടുന്നത് വിജയത്തിലൂടെ മാത്രമല്ല, പുതിയ ഉപരാഷ്ട്രപതി സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങില്ലെന്ന് പ്രതീക്ഷിക്കുന്നു: മല്ലികാര്‍ജുന്‍ ഖാര്‍ഗെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th September 2025, 11:58 am

ന്യൂദൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വിജയം നേടിയ സി.പി. രാധാകൃഷ്ണന് ആശംസകൾ നേർന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലിഗാർജുൻ ഖാര്‍ഗെ.

ഇതൊരു തെരഞ്ഞെടുപ്പിലുപരി ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കുന്നതിന് സ്വേച്ഛാധിപത്യ സർക്കാരുകളെ നിയന്ത്രിക്കുന്നതിനുള്ള പോരാട്ടമായിരുന്നെന്ന് ഖാർഗെ പറഞ്ഞു.

‘പുതിയ ഉപരാഷ്‌ട്രപതി പാർലമെന്ററി പാരമ്പര്യങ്ങളുടെ ഏറ്റവും ഉയർന്ന മൂല്യങ്ങൾ ഉയർത്തിപിടിക്കുമെന്നും, പ്രതിപക്ഷത്തെ ഉൾകൊള്ളുമെന്നും ഭരണകക്ഷിയുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്നും പ്രതീക്ഷിക്കുന്നു.’ മല്ലിഗാർജുൻ ഖാർഗെ എക്സ് പോസ്റ്റിൽ കുറിച്ചു.

മൺസൂൺ സമ്മേളനം ആരംഭിച്ച ദിവസം തന്നെയുള്ള ജഗദീപ് ധൻഖറിന്റെ രാജി ഇപ്പോഴും വിശദീകരിക്കപ്പെടാത്തതാണെന്ന് ഖാർഗെ പറഞ്ഞു.

അതേസമയം ഇന്ത്യ മുന്നണി സ്ഥാനാർത്ഥി ബി. സുദർശൻ റെഡ്ഢിയെയും ഖാർഗെ അഭിനന്ദിച്ചു.

ജനാധിപത്യം ശക്തിപ്പെടുന്നത് വിജയത്തിലൂടെ മാത്രമല്ല സംഭാഷണത്തിലൂടെയും വിയോജിപ്പുകളിലൂടെയും പങ്കാളിത്തത്തിലൂടെയുമാണെന്ന് റെഡ്ഢി പറഞ്ഞു.

ഭരണഘടനാപരമായ ധാർമികത, നീതി, ഓരോ വ്യക്തിയുടെയും അന്തസ് എന്നിവയെ നയിച്ച മൂല്യങ്ങൾക്കുവേണ്ടി നിലകൊള്ളാനുള്ള മഹത്തായ അവസരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തെ 15ാമത് ഉപരാഷ്ട്രപതിയായാണ് എൻ.ഡി.എ സ്ഥാനാർത്ഥി സി.പി. രാധാകൃഷ്ണൻ തെരഞ്ഞെടുക്കപ്പെടുന്നത്.

767ൽ 452 വോട്ട് നേടിയാണ് സി.പി. രാധാകൃഷ്ണൻ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

തമിഴ്‌നാട്ടിൽ നിന്നുള്ള മൂന്നാമത്തെ ഉപരാഷ്ട്രപതിയാണ് സി.പി. രാധാകൃഷ്ണൻ. മാത്രമല്ല സംസ്ഥാനത്തെ പ്രധാനപ്പെട്ട ആർ.എസ്.എസ് പ്രവർത്തകൻ കൂടിയാണ് അദ്ദേഹം.

തമിഴ്‌നാട്ടിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് സി.പി. രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയായി എത്തുന്നത്.

Content Highlight: Congress President Malligarjun Kharge congratulated C.P. Radhakrishnan on his victory in the Vice Presidential election