കൊവിഡ് മരുന്ന് വിതരണം സേവാ ഭാരതിയെ ഏല്‍പ്പിച്ചതിനെതിരെ വി.കെ ശ്രീകണ്ഠന്‍ എം.പി; പ്രധാനമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്തയച്ചു
Kerala News
കൊവിഡ് മരുന്ന് വിതരണം സേവാ ഭാരതിയെ ഏല്‍പ്പിച്ചതിനെതിരെ വി.കെ ശ്രീകണ്ഠന്‍ എം.പി; പ്രധാനമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്തയച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 24th May 2021, 9:05 am

തിരുവനന്തപുരം: ആയുഷ് മന്ത്രാലയം വികസിപ്പിച്ച കൊവിഡ് രോഗികള്‍ക്കുള്ള മരുന്നായ ആയുഷ് 64ന്റെ വിതരണം സംഘപരിവാര്‍ സംഘടനയായ സേവാഭാരതിയെ ഏല്‍പ്പിച്ചതിനെതിരെ കോണ്‍ഗ്രസ് എം.പി വി.കെ ശ്രീകണ്ഠന്‍. നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനും വി.കെ ശ്രീകണ്ഠന്‍ കത്തയച്ചു.

കൊവിഡ് മരുന്നില്‍ പോലും കേന്ദ്രം രാഷ്ട്രീയം കലര്‍ത്തുകയാണെന്നും ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും വി.കെ ശ്രീകണ്ഠന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ വിവിധ മേഖലകളില്‍ നിന്ന് പ്രതിഷേധം ശക്തമാകുന്നുണ്ട്.

ആയുഷ് -64 വിതരണം ചെയ്യാനുള്ള ചുമതല സംഘപരിവാര്‍ സംഘടനയായ സേവാഭാരതിക്ക് ഏല്‍പ്പിച്ചു കൊണ്ട് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് അയച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്. ഇതുസംബന്ധിച്ച കേന്ദ്ര ആയുര്‍വേദ ഗവേഷണ കൗണ്‍സിലിന്റെ (സി.സി.ആര്‍.എസ്) ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ വിതരണവും സേവാഭാരതി ഏറ്റെടുത്തു.

ആയുഷ് മന്ത്രാലയത്തിന്റെ കൊവിഡ് പോളി ഹെര്‍ബല്‍ ആയുര്‍വേദ മരുന്നുകളായ ആയുഷ് 64, സിദ്ധ മരുന്നായ കബാസുര കുഡിനീര്‍ എന്നിവ വിതരണം ചെയ്യുന്നതിന്റെ ചുമതല സേവാഭാരതിക്കു നല്‍കാന്‍ മെയ് ആറിനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തത്. തുടര്‍ന്ന് മരുന്ന് വിതരണം ചെയ്യുന്നത് സംബന്ധിച്ച് സേവാഭാരതി അംഗങ്ങള്‍ക്ക് പരിശീലനവും നല്‍കിയിരുന്നു.

കേരളത്തില്‍ ചെറുതുരുത്തിയിലെ ദേശീയ ആയുര്‍വേദ പഞ്ചകര്‍മ ഗവേഷണ കേന്ദ്രത്തിലാണ് കൊവിഡ് മരുന്നായ ആയുഷ് 64 എത്തിച്ചത്. ഇവിടെ നിന്നും രോഗികള്‍ക്ക് നേരിട്ട് വിതരണം ചെയ്തിരുന്ന മരുന്ന് ഇനി മുതല്‍ സേവാഭാരതിക്കാണ് നല്‍കുക. അവര്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് മാത്രമേ ഇനി മരുന്ന് ലഭിക്കുകയുള്ളൂ. മരുന്ന് വിതരണം ചെയ്യുന്ന സേവാഭാരതി പ്രവര്‍ത്തകര്‍ക്ക് സംസ്ഥാന സര്‍ക്കാറുകള്‍ പ്രത്യേക പാസ് നല്‍കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ആയുഷ് വകുപ്പിനു കീഴിലുള്ള ഹോമിയോ, ആയുര്‍വ്വേദ വകുപ്പുകളുടെ കൊവിഡ് മരുന്നുകള്‍ തദ്ദേശ സ്വയംഭരണ അംഗങ്ങള്‍ വഴിയാണ് സംസ്ഥാനത്ത് വിതരണം ചെയ്യുന്നത്. ആയുര്‍വേദ വകുപ്പിന്റെ പുനര്‍ജനി, അമൃതം എന്നീ പദ്ധതികളുടെ മരുന്നു വിതരണവും ഇവര്‍ നടത്തുന്നുണ്ട്. ഈ സംവിധാനങ്ങള്‍ നിലവിലുള്ളപ്പോഴാണ് ആര്‍.എസ്.എസ് സംഘടനയെ മരുന്ന് വിതരണം ചെയ്യാനുള്ള ചുമതല ഏല്‍പ്പിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


Content Highlight: Congress MP V K Sreekandan against Ayush Ministry giving Covid 19 medicine distribution to Seva Bharati