മധ്യപ്രദേശില്‍ ഗവര്‍ണറെ കോണ്‍ഗ്രസ് സന്ദര്‍ശിച്ചു; എം.എല്‍.എമാരുടെ പട്ടിക കൈമാറി
national news
മധ്യപ്രദേശില്‍ ഗവര്‍ണറെ കോണ്‍ഗ്രസ് സന്ദര്‍ശിച്ചു; എം.എല്‍.എമാരുടെ പട്ടിക കൈമാറി
ന്യൂസ് ഡെസ്‌ക്
Wednesday, 12th December 2018, 1:35 pm

ന്യൂദല്‍ഹി: മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശമുന്നയിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിനെ കണ്ടു. 121 എം.എല്‍.എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. എം.എല്‍.എമാര്‍ ഒപ്പിട്ട കത്തും ഗവര്‍ണര്‍ക്ക് കൈമാറി. നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

രണ്ടു സീറ്റു നേടിയ ബി.എസ്.പിയും ഒരു സീറ്റ് ലഭിച്ച എസ്.പിയും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. വ്യക്തമായി ഭൂരിപക്ഷമില്ലാത്തതിനാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കില്ലെന്നു ബി.ജെ.പിയും വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ശിവരാജ് സിങ് ചൗഹാന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുകയും ചെയ്തു.


മധ്യപ്രദേശില്‍ തങ്ങള്‍ക്കു ഭൂരിപക്ഷം ലഭിച്ചിട്ടില്ലെന്നു പറഞ്ഞ ചൗഹാന്‍, ബി.ജെ.പിയുടെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും പറഞ്ഞിരുന്നു. ഇന്ന് വൈകീട്ട് നാല് മണിക്ക് നിയമസഭാകക്ഷി യോഗം ചേരുന്നുണ്ട്. നിയമസഭാകക്ഷി നേതാവിനെ യോഗത്തില്‍ തെരഞ്ഞെടുക്കും. എന്നാല്‍ മുഖ്യമന്ത്രിയെ രാഹുല്‍ ഗാന്ധി തീരുമാനിക്കുമെന്നാണ് റിപ്പോര്‍ട്ട്.

114 സീറ്റുമായി കോണ്‍ഗ്രസാണ് സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും കോണ്‍ഗ്രസിന് കേവലഭൂരിപക്ഷം തികയ്ക്കാനായില്ല. 116 സീറ്റാണ് കേവലഭൂരിപക്ഷത്തിനാവശ്യം. ബി.എസ്.പി രണ്ട് സീറ്റിലും എസ്.പി ഒരുസീറ്റിലും മറ്റുള്ളവര്‍ 4 സീറ്റിലും ജയിച്ചു. 109 സീറ്റിലാണ് ബി.ജെ.പി വിജയിച്ചത്.

രാജസ്ഥാനില്‍ രാഷ്ട്രീയ ലോക്ദളിന്റെ പിന്തുണയോടെ കോണ്‍ഗ്രസ് അധികാരത്തിലെത്തും. എന്നാല്‍ മുഖ്യമന്ത്രി ആരാകണമെന്ന ചര്‍ച്ചകള്‍ ഇനിയും നടക്കാനിരിക്കുന്നേയുള്ളു. സച്ചിന്‍ പൈലറ്റും അശോക് ഗെലോട്ടും വിജയിച്ചിട്ടുണ്ട്. ഛത്തീസ്ഗഡില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയതിനാല്‍ മുഖ്യമന്ത്രിയെ കണ്ടെത്തുക മാത്രമാണു കോണ്‍ഗ്രസിനുള്ള വെല്ലുവിളി.


അതേസമയം, മിസോറാമില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മിസോ നാഷനല്‍ ഫ്രണ്ട് അംഗങ്ങള്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ കണ്ടു. എം.എന്‍.എഫ് പ്രസിഡന്റ്, നിയമസഭാകക്ഷി നേതാവ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗവര്‍ണറെ സന്ദര്‍ശിച്ചത്. തെലങ്കാനയില്‍ കെ.ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നാളെ അധികാരത്തിലെത്തുമെന്നാണ് സൂചന. സത്യപ്രതിജ്ഞ നാളെത്തന്നെയുണ്ടാകുമെന്നും രാഷ്ട്രീയ വൃത്തങ്ങള്‍ സൂചിപ്പിച്ചു.