എഡിറ്റര്‍
എഡിറ്റര്‍
‘ഗോവയില്‍ ഭരണം നഷ്ടമായത് നേതൃത്വത്തിന്റെ പിടിപ്പുകേട് മൂലം’; കേന്ദ്ര നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് കോണ്‍ഗ്രസ് എം.എല്‍.എമാര്‍
എഡിറ്റര്‍
Tuesday 14th March 2017 4:53pm


പനാജി: കൈവെള്ളയില്‍ നിന്നുമാണ് കോണ്‍ഗ്രസിന് ഗോവയിലെ ഭരണം നഷ്ടമായത്. ഭരണനഷ്ടമായത് പാര്‍ട്ടി നേതൃത്വത്തിന്റെ പിടിപ്പുകേടു കൊണ്ടാണെന്ന് അഭിപ്രായപ്പെട്ടു കൊണ്ട് രംഗത്തെത്തിയിരിക്കയാണ് ഗോവയിലെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍.

നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും ഭരണം പിടിക്കാന്‍ കഴിയാതെ പോയത് കേന്ദ്രനേതൃത്വം വേണ്ട ഇടപെടല്‍ നടത്താത്തിനാലാണെന്ന് ഇന്ന് രാവിലെ ചേര്‍ന്ന പാര്‍ട്ടിയോഗത്തില്‍ എം.എല്‍.എമാര്‍ വിമര്‍ശനം ഉന്നയിച്ചതായി എന്‍.ഡി. ടിവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിംഗിനെതിരേയും എം.എല്‍.എമാര്‍ കടുത്ത ഭാഷയില്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. നേതൃത്വത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായത് പിടിപ്പുകേടാണെന്ന് ഗോവ പ്രതിപക്ഷ നേതാവും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായിരുന്ന വിശ്വജിത്ത് പി.റാണെ വിമര്‍ശിച്ചു.

സര്‍ക്കാരുണ്ടാക്കാനുള്ള അവകാശം ജനം കോണ്‍ഗ്രസിന് നല്‍കിയിട്ടും നേതാക്കളുടെ വിഡ്ഢിത്തം കാരണം പാര്‍ട്ടി അവസരം തുലച്ചു കളയുകയായിരുന്നുവെന്നും അദ്ദേഹം തുറന്നടിച്ചു.

സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ പാര്‍ട്ടി നേതൃത്വം അലംഭാവം കാണിച്ചെന്നും ഈ അവസരം ബി.ജെ.പി മുതലെടുക്കുകയായിരുന്നെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നു. കേവല ഭൂരിപക്ഷത്തിന് നാലു പേരെ കൂടെ നിര്‍ത്താന്‍ കഴിയാത്തത് വലിയ വീഴ്ച്ചയാണെന്നും വിമര്‍ശനമുണ്ട്.


Also Read: ‘ധോണി വീ മിസ്സ് യൂ..’; ധോണിയില്ലാത്ത ടെസ്റ്റിനൊരുങ്ങി റാഞ്ചി; വേദിയാകുന്നത് 26ാം മത്സരത്തിന്


അതേസമയം,ഭരണം നഷ്ടമായതില്‍ പ്രതിഷേധിച്ച് മൂന്ന് എം.എല്‍.എമാര്‍ സ്ഥാനം രാജി വയ്ക്കാന്‍ തയ്യാറായെന്നും വാര്‍ത്തകളുണ്ട്.

17 സീറ്റുകളിലായിരുന്നു ഗോവയില്‍ കോണ്‍ഗ്രസ് വിജയിച്ചത്. പിന്നിലുള്ള ബി.ജെ.പി ആകട്ടെ 13 സീറ്റിലും. എന്നാല്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നതാകട്ടെ 21 സീറ്റും. എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി മനോഹര്‍ പരീക്കറെ മുഖ്യമന്ത്രിയാക്കി ബി.ജെ.പി പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണ നേടുകയായിരുന്നു.

Advertisement