'കോണ്‍ഗ്രസ് എന്നാല്‍ മുസ്‌ലിങ്ങൾ' രേവന്ത് റെഡ്ഡിയുടെ പരാമര്‍ശം വിവാദത്തില്‍; വിമര്‍ശിച്ച് ബി.ജെ.പി
India
'കോണ്‍ഗ്രസ് എന്നാല്‍ മുസ്‌ലിങ്ങൾ' രേവന്ത് റെഡ്ഡിയുടെ പരാമര്‍ശം വിവാദത്തില്‍; വിമര്‍ശിച്ച് ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 6th November 2025, 8:56 pm

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ ‘കോണ്‍ഗ്രസ് എന്നാല്‍ മുസ്‌ലിങ്ങൾ, മുസ്‌ലിങ്ങൾ എന്നാല്‍ കോണ്‍ഗ്രസ്’ എന്ന പരാമര്‍ശം വിവാദത്തില്‍.

ബുധനാഴ്ച നടന്ന, ജൂബിലി ഹില്‍സ് നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വി. നവീന്‍ യാദവിന്റെ പ്രചരണ റാലിക്കിടെയായിരുന്നു രേവന്ത് റെഡ്ഡിയുടെ പരാമര്‍ശം.

തെലങ്കാന മുഖ്യമന്ത്രിയുടേത് വോട്ട് ബാങ്കില്‍ കണ്ണുവെച്ചുകൊണ്ടുള്ള പ്രസ്താവനയെന്ന് ബി.ജെ.പി അധ്യക്ഷന്‍ എന്‍. രാമചന്ദ്രന്‍ പറഞ്ഞു. എ.ഐ.എം.ഐ.എമ്മിന്റെ ഭാഷയിലാണ് രേവന്ത് റെഡ്ഡി സംസാരിക്കുന്നതെന്നും എന്‍. രാമചന്ദ്രന്‍ വിമര്‍ശിച്ചു.

രേവന്ത് റെഡ്ഡിക്കും തെലങ്കാന കോണ്‍ഗ്രസിനും ജൂബിലി ഹില്‍സില്‍ തോല്‍ക്കുമെന്ന ഭയമുണ്ട്. അതുകൊണ്ടാണ് മുസ്‌ലിങ്ങളെ കൈയിലെടുക്കാന്‍ ശ്രമിക്കുന്നതെന്നും ബി.ജെ.പി നേതൃത്വം പറഞ്ഞു.

മുഹമ്മദ് അസറുദ്ദീനെ മന്ത്രിസഭയിലേക്ക് ഉയര്‍ത്തിയതിനെതിരായ ബി.ജെ.പി, ബി.ആര്‍.എസ് നേതാക്കളുടെ വിമര്‍ശനങ്ങള്‍ക്ക് നല്‍കിയ മറുപടിയിലായിരുന്നു രേവന്ത് റെഡ്ഡിയുടെ വിവാദ പ്രസ്താവന. യോഗ്യതയുള്ള ഒരു മുസ്‌ലിം നേതാവിന്റെ നിയമനം എന്തുകൊണ്ട് വിവാദമാക്കണമെന്ന് ചോദിച്ചുകൊണ്ടാണ് രേവന്ത് റെഡ്ഡി സംസാരിച്ചത്.

ബി.ജെ.പിയുടെ പക്ഷപാതമാണ് ഇത്തരം എതിര്‍പ്പുകളിലൂടെ കാണാനാകുന്നതെന്നും രേവന്ത് റെഡ്ഡി പറഞ്ഞിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാര്‍ എല്ലാ സമുദായങ്ങളെയും തുല്യമായി പരിഗണിക്കുന്നുവെന്നും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനത്തിനും സുതാര്യമായ ഭരണത്തിനുമായി പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി സംസാരിച്ചിരുന്നു.

ജൂബിലി ഹില്‍സില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ രേവന്ത് റെഡ്ഡി എണ്ണമിട്ട് പറയുകയും ചെയ്തു.

‘2.39 ലക്ഷം താമസക്കാര്‍ക്ക് സൗജന്യ ഫൈന്‍ അരി ലഭിക്കുന്നുണ്ട്. 4,000 കുടുംബങ്ങള്‍ക്ക് ഇന്ദിരമ്മ വീടുകള്‍ അനുവദിച്ചു. 6,000 കോടി രൂപയുടെ സബ്സിഡി അനുവദിച്ചതിലൂടെ സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര സൗകര്യം ഉറപ്പാക്കി. കാര്‍ഷിക വായ്പ എഴുതിത്തള്ളുന്നതിനായി 21,000 കോടി രൂപ ചെലവഴിച്ചു, രണ്ട് വര്‍ഷത്തിനുള്ളില്‍ നികത്തിയത് 60,000 സര്‍ക്കാര്‍ ഒഴിവുകള്‍. വികസനത്തില്‍ എന്തെങ്കിലും കുറ്റങ്ങളുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കൂ,’ രേവന്ത് റെഡ്ഡിയുടെ വാക്കുകള്‍.

അതേസമയം മുഹമ്മദ് അസറുദ്ദീന് ന്യൂനപക്ഷ ക്ഷേമം, പൊതുസംരംഭങ്ങള്‍ എന്നീ വകുപ്പുകളുടെ ചുമതലയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ നല്‍കിയത്. ഇതിനെ ചോദ്യം ചെയ്താണ് ബി.ജെ.പിയും ബി.ആര്‍.എസും രംഗത്തെത്തിയത്.

Content Highlight: ‘Congress means Muslims’; Revanth Reddy’s statement in controversy