പരശുരാമ പ്രതിമ സ്ഥാപനം, ബ്രാഹ്മണ ചേതന യാത്ര; യു.പി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബ്രാഹ്മണ സമുദായത്തില്‍ നിന്നാകുമോ?
national news
പരശുരാമ പ്രതിമ സ്ഥാപനം, ബ്രാഹ്മണ ചേതന യാത്ര; യു.പി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബ്രാഹ്മണ സമുദായത്തില്‍ നിന്നാകുമോ?
ന്യൂസ് ഡെസ്‌ക്
Wednesday, 12th August 2020, 8:30 pm

ന്യൂദല്‍ഹി: രാഷ്ട്രീയ പ്രതിസന്ധികള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ വലച്ചുകൊണ്ടിരിക്കുമ്പോഴും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വിജയസാധ്യതയുറപ്പിക്കാനുള്ള ചര്‍ച്ചകളിലാണ് പാര്‍ട്ടി നേതൃത്വം.

യു.പി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഒരു ബ്രാഹ്മണനാകാനുള്ള സാധ്യതകള്‍ തള്ളിക്കളയാന്‍ കഴിയില്ലെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രതിപക്ഷ കക്ഷികളെ മറികടന്ന് ബ്രാഹ്മണ സംസ്‌കാരത്തിന്റെ അംഗീകൃത വ്യക്തിത്വമായ പരശുരാമ പ്രതിമ യു.പിയില്‍ സ്ഥാപിക്കാന്‍ മുന്‍കൈയെടുത്ത കോണ്‍ഗ്രസ് നിലപാടാണ് ഇത്തരത്തില്‍ ചിന്തിപ്പിക്കാന്‍ കാരണമെന്ന് ഡെക്കാണ്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്ന കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി ഒരു ബ്രാഹ്മണനായിരിക്കാന്‍ സാധ്യതകളേറെയാണ്- യു.പിയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡെക്കാണ്‍ ഹെറാള്‍ഡിനോട് പറഞ്ഞു.

ബ്രാഹ്മണ സമുദായത്തില്‍ നിന്ന് ആറ് മുഖ്യമന്ത്രിമാരെ സംഭാവന ചെയ്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എല്ലായ്‌പ്പോഴും ആ വിഭാഗത്തിന്റെ താല്പര്യങ്ങള്‍ കൂടി പരിഗണിക്കാന്‍ ഞങ്ങള്‍ ശ്രദ്ധിക്കാറുണ്ടെന്നും മറ്റ് പാര്‍ട്ടികള്‍ അവരെ വഞ്ചിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2017 ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിയുമായി കക്ഷി ചേര്‍ന്നത് തങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണുണ്ടാക്കിയത്. എസ്.പിയുമായി സഖ്യത്തിലേര്‍പ്പെട്ടതിനാല്‍ ബ്രാഹ്മണരുടെ വോട്ടുകള്‍ കുറഞ്ഞിരുന്നു. 2022 ലെ തെരഞ്ഞെടുപ്പില്‍ അത് ആവര്‍ത്തിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ആരുമായും സഖ്യത്തിലേര്‍പ്പെടില്ലെന്നും അദ്ദേഹം ഡെക്കാണ്‍ ഹെറാള്‍ഡിനോട് പറഞ്ഞു.

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ബ്രാഹ്മണ സമുദായത്തിന്റെ വോട്ടുകള്‍ നിര്‍ണ്ണായകമാണെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഏകദേശം 10 ശതമാനം വരുന്ന ഈ വിഭാഗത്തിന്റെ വോട്ടുകള്‍ വരും തെരഞ്ഞെടുപ്പുകളില്‍ നിര്‍ണ്ണായകമാകുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം യു.പിയില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ബ്രാഹ്മിണ്‍ ചേതന യാത്ര സംഘടിപ്പിച്ചിരുന്നു. അതിന് നേതൃത്വം നല്‍കിയത് മുന്‍ കേന്ദ്രമന്ത്രിയായ ജിതിന്‍ പ്രസാധ ആയിരുന്നു.

യാത്രയുടെ ഭാഗമായി ഉത്തര്‍പ്രദേശിലെ ചില ബ്രാഹ്മിന്‍ കുടുംബങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. സംസ്ഥാനത്തെ ബി.ജെ.പി ഭരണകൂടം ബ്രാഹ്മണരെ വേട്ടയാടുന്നുവെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കിടയില്‍ യു.പിയില്‍ ബ്രാഹ്മണരെ ലക്ഷ്യം വെച്ച് ചിലര്‍ പ്രവര്‍ത്തിക്കുകയാണെന്നും നിരവധിപേരേ കൊല ചെയ്തതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. പ്രതികളെ പിടികൂടാന്‍ സര്‍ക്കാര്‍ വേണ്ടത്ര നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും ഇവര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


content highlights: congress-may-project-a-brahmin-cm-face-in-up