ദിലീപ് അനുകൂല പ്രസ്താവന; അടൂര്‍ പ്രകാശിനെ തള്ളി കോണ്‍ഗ്രസ് നേതാക്കള്‍
Kerala
ദിലീപ് അനുകൂല പ്രസ്താവന; അടൂര്‍ പ്രകാശിനെ തള്ളി കോണ്‍ഗ്രസ് നേതാക്കള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th December 2025, 11:34 am

തിരുവനന്തപുരം: ദിലീപിനെ അനുകൂലിച്ചുകൊണ്ടുള്ള വിവാദ പ്രസ്താവനയില്‍ യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ തള്ളി കോണ്‍ഗ്രസ് നേതാക്കള്‍.

നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതിയുടെ വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു. നിലവിലെ വിധി സര്‍ക്കാരിന്റെ പരാജയമാണെന്നും സണ്ണി ജോസഫ് വിമര്‍ശിച്ചു.

മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന തെളിയിക്കാനായില്ലെന്നതിന്റെ പേരില്‍ കോടതി വെറുതെ വിട്ട എട്ടാം പ്രതിയായ ദിലീപിന് നീതി ലഭ്യമായെന്ന അടൂര്‍ പ്രകാശിന്റെ പ്രസ്താവനയെ തള്ളിക്കൊണ്ടാണ് സണ്ണി ജോസഫിന്റെ പ്രതികരണം.

കോണ്‍ഗ്രസ് വേട്ടക്കാരനൊപ്പമല്ല, അതിജീവിതയ്ക്ക് ഒപ്പമാണെന്നും മുന്‍ ആഭ്യന്തരമന്ത്രി കൂടിയായ രമേശ് ചെന്നിത്തല പറഞ്ഞു. അടൂരിന്റേത് വ്യക്തിപരമായ പ്രതികരണമാണെന്നും ചെന്നിത്തല പ്രതികരിച്ചു.

നീതി കിട്ടിയില്ലെന്ന് തോന്നിയെങ്കില്‍ ഉറപ്പായും അതിജീവിതയ്ക്ക് അപ്പീല്‍ പോകാമെന്നും ഇപ്പോള്‍ ശിക്ഷ കിട്ടിയത് നേരിട്ട് തെറ്റ് ചെയ്തവര്‍ക്ക് മാത്രമാണെന്നുമാണ് കെ. മുരളീധരന്റെ പ്രതികരണം. അടൂര്‍ പ്രകാശ് പറഞ്ഞത് പാര്‍ട്ടിയുടെ നിലപാടല്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അടൂരിന്റെ വിവാദ പ്രസ്താവനയെ വിമര്‍ശിച്ച് ഇടത് നേതാക്കള്‍ രംഗത്തെത്തി.

അതിജീവിതയെ അധിക്ഷേപിക്കുന്ന നിലപാട് അങ്ങേയറ്റം പ്രതിഷേധാര്‍ഹമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. അടൂര്‍ പ്രകാശിന്റെ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയാന്‍ യു.ഡി.എഫ് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അടൂര്‍ പ്രകാശിന്റെ വാക്കുകളിലുള്ളത് സ്ത്രീ വിരുദ്ധതയാണെന്നും യു.ഡി.എഫിന് ഇത് തിരിച്ചടിയാകുമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. കേസിന്റെ അവസാന വാക്കായിട്ടില്ല. പൂര്‍ണമായും സത്യം തെളിഞ്ഞിട്ടില്ല. എല്‍.ഡി.എഫ് അതിജീവിതയ്ക്കൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതിജീവിതയ്ക്ക് നീതി ഉറപ്പാക്കാന്‍ നമ്മള്‍ പരിശ്രമിക്കുമ്പോള്‍ ‘സര്‍ക്കാരിന് വേറെ പണിയൊന്നുമില്ലെന്നാണ്’ യു.ഡി.എഫിന്റെ കണ്‍വീനര്‍ പറയുന്നതെന്ന് മന്ത്രി വി.എന്‍. വാസവന്‍ ചൂണ്ടിക്കാട്ടി. ഒരു മാനുഷിക പരിഗണന പോലും അതീജീവിതയ്ക്ക് കൊടുക്കണമെന്ന് അടൂര്‍ പ്രകാശിന് തോന്നിയില്ലെന്നും മന്ത്രി വിമര്‍ശിച്ചു.

സര്‍ക്കാര്‍ അവള്‍ക്കൊപ്പം ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. അതിജീവിത എടുത്ത നിശ്ചയദാര്‍ഢ്യത്തോടെയുള്ള നിലപാടാണ് ഈ പോരാട്ടങ്ങളെ മുന്നോട്ട് നയിച്ചതെന്നും മന്ത്രി പറഞ്ഞു.

‘കോണ്‍ഗ്രസിന്റെ സ്ത്രീ വിരുദ്ധതയാണ് അടൂര്‍ പ്രകാശിന്റെ വാക്കുകളില്‍ കണ്ടത്,’ മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷം അതിജീവിതക്കൊപ്പമല്ലെന്ന പക്ഷം ഇതോടെ വ്യക്തമായെന്ന് വ്യാവസായിക മന്ത്രി പി. രാജീവും പ്രതികരിച്ചു.

Content Highlight: Congress leaders reject Adoor Prakash’s pro-Dileep statement