അവിടെ ബി.ജെ.പി നേതാക്കള്‍ അയോധ്യയില്‍ ഭൂമി പൂജ നടത്തുന്നു; ഇവിടെ മതേതര കോണ്‍ഗ്രസ് നേതാക്കള്‍ ഹിന്ദുത്വ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്നു
Natonal news
അവിടെ ബി.ജെ.പി നേതാക്കള്‍ അയോധ്യയില്‍ ഭൂമി പൂജ നടത്തുന്നു; ഇവിടെ മതേതര കോണ്‍ഗ്രസ് നേതാക്കള്‍ ഹിന്ദുത്വ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd August 2020, 1:14 pm

1885 ല്‍ സ്ഥാപിതമായ കാലംമുതല്‍ മതനിരപേക്ഷത അടിസ്ഥാന തത്വമായി സ്വീകരിച്ച രാഷ്ട്രീയപാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എന്നാല്‍ ഇപ്പോള്‍ പാര്‍ട്ടിയുടെ ഈ നിലപാടിനെ മറന്ന്‌കൊണ്ട് കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ രംഗത്തെത്തുന്നത് പാര്‍ട്ടിയുടെ മതേതരമൂല്യങ്ങളുടെ ലംഘനമാണെന്ന് വിമര്‍ശനങ്ങള്‍ ഉയരുകയാണ്.

രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ നടത്തിയ പ്രസ്താവനയാണ് പാര്‍ട്ടിയ്‌ക്കെതിരെ ഇത്തരം വിമര്‍ശനങ്ങളുയരാന്‍ കാരണം. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ ദിഗ് വിജയ്‌സിംഗ്, ഉത്തരാഖണ്ഡ് മുന്‍മുഖ്യമന്ത്രി ഹരീഷ് റാവത്ത് എന്നിവരുടെ പ്രസ്താവനകള്‍ ഇതിനുഹാദരണമാണ്.

അയോധ്യ ഭൂമിപൂജയില്‍ കോണ്‍ഗ്രസ്‌നേതാക്കളെ ക്ഷണിക്കാത്തത് ചോദ്യം ചെയ്തുകൊണ്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയതോടെയാണ് പാര്‍ട്ടിയുടെ മതനിരപേക്ഷ നിലപാടിനെ ചോദ്യം ചെയ്തുകൊണ്ടുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരാന്‍ തുടങ്ങിയത്. ക്ഷേത്ര നിര്‍മ്മാണ ട്രസ്റ്റില്‍ നിന്ന് തങ്ങളെ മാറ്റി നിര്‍ത്തിയത് ശരിയായില്ലെന്നും കോടതി വിധി വരുന്നതിന് മുമ്പ് തന്നെ അയോധ്യയില്‍ മസ്ജിദ് നിന്ന സ്ഥലത്ത് ക്ഷേത്രം പണിയണമെന്ന നിലപാടാണ് തങ്ങള്‍ സ്വീകരിച്ചതെന്നും വെളിപ്പെടുത്തി രംഗത്തെത്തിയത് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളാണ്.

രാമക്ഷേത്ര നിര്‍മ്മാണത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കിയ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്

അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തെ സ്വാഗതം ചെയ്ത് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ് രംഗത്തെത്തിയത് വാര്‍ത്തയായിരുന്നു. ഇതിലൂടെ ഇന്ത്യയിലെ കോടിക്കണക്കിന് ജനങ്ങളുടെ സ്വപ്നം പൂവണിയുകയാണ് എന്നാണ് കമല്‍നാഥ് പറഞ്ഞത്.

‘അയോധ്യയിലെ രാമക്ഷേത്രം നിര്‍മിക്കുന്നത് വഴി രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ പ്രതീക്ഷകളാണ് പൂര്‍ത്തീകരിക്കുന്നത്. രാജ്യത്തെ എല്ലാ വിഭാഗത്തിന്റെയും പൂര്‍ണ പിന്തുണയോടെ തന്നെ ക്ഷേത്രത്തിന്റെ നിര്‍മാണം നടക്കും. ഇത് ഇന്ത്യയില്‍ മാത്രമേ സാധ്യമാകൂ,’ കമല്‍ നാഥ് വെള്ളിയാഴ്ച ട്വീറ്റ് ചെയ്തു.

അയോധ്യയില്‍ രാമക്ഷേത്രം പണിയണമെന്ന രാജീവ് ഗാന്ധി ആഗ്രഹിച്ചിരുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗിന്റെ പ്രസ്താവനയും ഏറെ ചര്‍ച്ചയായിരുന്നു.

2019 ഫെബ്രുവരിയില്‍ രാമക്ഷേത്ര നിര്‍മ്മാണം കോണ്‍ഗ്രസിന്റെ ലക്ഷ്യങ്ങളിലൊന്നാണെന്ന തരത്തില്‍ പ്രതികരിച്ചയാളാണ് ഉത്തരാഖണ്ഡ് മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായിരുന്ന ഹരീഷ് റാവത്ത്.

‘അധികാരത്തിലിരിക്കുമ്പോള്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് കൂടുതല്‍ സംഭാവനകള്‍ നല്‍കിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍ അയോധ്യയില്‍ രാമക്ഷേത്രം പണിയുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല’- ഹരീഷ് റാവത്ത് പറഞ്ഞു.

അതേസമയം കോണ്‍ഗ്രസ് ഹിന്ദുത്വ നിലപാടുകള്‍ സ്വീകരിക്കുന്നത് ഇതാദ്യമല്ലെന്നും രാജീവ് ഗാന്ധിയുടെ കാലത്ത് ബാബരി മസ്ജിദ് സംബന്ധിച്ച് നടന്ന വിഷയങ്ങളെ ചൂണ്ടിക്കാട്ടി പുറത്തിറക്കിയ മാധവ് ഗോഡ്ബാളെയുടെ പുസ്തകവും ഈ സാഹചര്യത്തില്‍ ചര്‍ച്ചചെയ്യപ്പെടുകയാണ്. 1992 ല്‍ ബാബ്റി മസ്ജിദ് തകര്‍ത്തപ്പോള്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായിരുന്ന മാധവ് ഗൊഡ്ബാളെ. ‘രാം മന്ദിര്‍-ബാബ്‌റി മസ്ജിദ് ഡിലെമ: ആന്‍ ആസിഡ് ടെസ്റ്റ് ഫോര്‍ ഇന്ത്യാസ് കോണ്‍സ്റ്റിറ്റിയൂഷന്‍’ എന്ന പുസ്തകത്തിലെ അദ്ദേഹത്തിന്റെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

 

 

രാജീവ് ഗാന്ധിയാണ് രണ്ടാം കര്‍സേവകന്‍. ഒന്നാമന്‍ 1949ല്‍ പള്ളിയില്‍ രാമവിഗ്രഹം ഒളിച്ചു കടത്താന്‍ സഹായിച്ച ഫൈസാബാദ് ജില്ലാ മജിസ്ട്രേറ്റ് കെ.കെ.നായര്‍. പള്ളിപൊളിച്ചപ്പോള്‍ യു.പി മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍ സിങ്ങാണ് മൂന്നാമന്‍. നാലാം സ്ഥാനത്ത് ആരെന്ന് പറയുക എളുപ്പമല്ല. അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവു അടക്കം നിരവധി പേര്‍ക്ക് അര്‍ഹതയുണ്ട്’. എന്നാണ് തന്റെ പുസ്തകത്തില്‍ ഗൊഡ്ബാളെ പറഞ്ഞത്.

തര്‍ക്കം പരിഹരിക്കാന്‍ 1984 മുതല്‍ 1989 വരെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയ്ക്ക് അവസരമുണ്ടായിരുന്നെന്ന് തന്റെ പുസ്തകത്തില്‍ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

കേരളത്തിലും കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് സമാനമായ നിലപാടുകളാണ് പുറത്ത് വന്നത്. അയോധ്യയില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നതിന് കോണ്‍ഗ്രസ് എതിരല്ലെന്നാണ് എംപി കെ. മുരളീധരന്‍ പറഞ്ഞത്. പള്ളിപൊളിച്ച് ക്ഷേത്രം നിര്‍മ്മിക്കുന്നതിനോടാണ് എതിര്‍പ്പ് എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നയം വ്യക്തമാക്കേണ്ടത് സോണിയ ഗാന്ധിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മഹിളകോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായ ഷീബ രാമചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റും ക്ഷേത്ര നിര്‍മ്മാണത്തെ പിന്‍തുണയ്ക്കുന്ന രീതിയിലാണ് പുറത്തുവന്നത്.

കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് രാമക്ഷേത്ര വിഷയത്തില്‍ സ്വീകരിച്ച നിലപാട് കോണ്‍ഗ്രസ് ആശയത്തിനും മതേതരത്വ സംസ്‌കാരത്തിനും എതിരല്ല.’ ആര്‍.എസ്സ്.എസ്സ് നും ബിജെപിക്കും ഇന്ത്യയിലെ മതേതര ഹിന്ദുക്കള്‍ ഒരു ക്ഷേത്രവും തീറെഴുതിയിട്ടില്ല. ഏറ്റവും വലിയ മതേതര പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസ് നേതൃത്വം അതില്‍ പങ്കെടുക്കുന്നതില്‍ യാതൊരു തെറ്റുമില്ല.
ക്ഷേത്രം ഞാനടങ്ങുന്ന ഹിന്ദുവിന്റേതാണ്. ബി.ജെ.പി യുടേതല്ല’ – എന്നായിരുന്നു ഷീബ രാമചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ