അലോക് വര്‍മ്മയെ പുറത്താക്കിയത് സംശയാസ്പദം, അന്വഷണം വേണം; സച്ചിന്‍ പൈലറ്റ്
national news
അലോക് വര്‍മ്മയെ പുറത്താക്കിയത് സംശയാസ്പദം, അന്വഷണം വേണം; സച്ചിന്‍ പൈലറ്റ്
ന്യൂസ് ഡെസ്‌ക്
Thursday, 10th January 2019, 11:21 pm

ന്യൂദല്‍ഹി: അലോക് വര്‍മ്മയെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തു നിന്നും മാറ്റിയത് സംശയാസ്പദമാണെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സച്ചിന്‍ പൈലറ്റ്. സുപ്രീം കോടതി അലോക് വര്‍മ്മയെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് നിയമിച്ച് രണ്ടു ദിവസം കഴിയുന്നതിന് മുന്നെയാണ് നരേന്ദ്ര മോദി അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റി അദ്ദേഹത്തെ പുറത്താക്കിയത്.

“അന്വേഷണം ആവശ്യമായ എന്തോ ഒന്ന് ഇതിന് പിന്നില്‍ നടക്കുന്നുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടി ഇതിനെ മുമ്പു തന്നെ എതിര്‍ത്തതാണ്. ഇത് സംശയാസ്പദമായ കാര്യമാണ്”- അദ്ദേഹം എ.എന്‍.ഐയോടു പറഞ്ഞു.

സെലക്ഷന്‍ കമ്മിറ്റിയുടെ തിടുക്കത്തിലുള്ള തീരുമാനം റഫാല്‍ ഇടപാടിലെ ക്രമക്കേടുകള്‍ പുറത്തു വരാതിരിക്കാന്‍ എടുത്ത മുന്‍കരുതലാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ചതുര്‍വേദിയും അഭിപ്രായപ്പെട്ടു. “റഫാല്‍ കരാറിനെക്കുറിച്ച് അന്വേഷിക്കുമെന്ന പേടി കാരണമാണ് അലോക് വര്‍മ്മയെ പുറത്താക്കിയത്. ഈ തീരുമാനമെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ലംഘിച്ച ഭരണഘടനാപരമായ മാനദണ്ഡങ്ങള്‍ അദ്ദേഹം(മല്ലികാര്‍ജുന ഖാര്‍ഗെ) ചൂണ്ടിക്കാട്ടിയിരുന്നു”- പ്രിയങ്ക എ.എന്‍.ഐയോട് പറഞ്ഞു.

സെലക്ഷന്‍ കമ്മറ്റി അംഗമായിരുന്ന ഖാര്‍ഗെ മാത്രമായിരുന്നു അലോക് വര്‍മ്മയെ പുറത്താക്കാനുള്ള തീരുമാനത്തിനെതിരെ രംഗത്തെത്തിയത്.

അലോക് വര്‍മ്മയെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തു നിന്നും പുറത്താക്കിയ കേന്ദ്ര സര്‍ക്കാറിന്റെ നടപടിയെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മയും രംഗത്തെത്തിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ തെറ്റുകള്‍ മറച്ചു വെക്കാനാണ് തിടുക്കപ്പെട്ട് അലോക് വര്‍മ്മയെ പുറത്താക്കിയതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

നേരത്തെ ഡയരക്ടര്‍ സ്ഥാനത്ത് തിരിച്ചെത്തിയതിന് പിന്നാലെ സി.ബി.ഐ. ഇടക്കാല ഡയറക്ടര്‍ നാഗേശ്വര്‍ റാവു നടത്തിയ ട്രാന്‍സ്ഫറുകള്‍ അലോക് വര്‍മ്മ റദ്ദാക്കിയിരുന്നു . സി.ബി.ഐയിലെ രണ്ടാമനായ രാകേഷ് അസ്താനയ്‌ക്കെതിരായ അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കുന്ന സംഘത്തിലെ ഉദ്യോഗസ്ഥരെയാണ് അലോക് വര്‍മ്മ തിരിച്ചെടുത്തത്.

ഈ സംഘത്തിലുള്‍പ്പെട്ട പത്ത് ഓഫീസര്‍മാരെ സ്ഥലം നാഗേശ്വര്‍ റാവു നേരത്തെ സ്ഥലം മാറ്റിയിരുന്നു.

സി.ബി.ഐ സ്പെഷ്യല്‍ ഡയരക്ടറും നരേന്ദ്ര മോദിയുടെ അടുപ്പക്കാരുനുമായ രാകേഷ് ആസ്താനയ്ക്കെതിരെ അലോക് വര്‍മ്മ അഴിമതിക്കേസില്‍ നടപടി എടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങള്‍ക്കൊടുവിലാണ് ഇരുവരെയും താല്‍കാലികമായി സി.ബി.ഐയില്‍ നിന്നും മാറ്റി നിര്‍ത്തിയത്.

മോയിന്‍ ഖുറേഷി എന്ന വ്യവസായിയില്‍ നിന്നും 5 കോടി രൂപ വാങ്ങി എന്നായിരുന്നു രാകേഷ് ആസ്താനയ്ക്കെതിരെയുള്ള പരാതി.