ആദ്യമേ 'മംഗള'; കോണ്‍ഗ്രസ് സ്ഥാപകദിനത്തില്‍ ദേശീയ ഗാനം വീണ്ടും തെറ്റിച്ച് നേതാക്കള്‍
Kerala
ആദ്യമേ 'മംഗള'; കോണ്‍ഗ്രസ് സ്ഥാപകദിനത്തില്‍ ദേശീയ ഗാനം വീണ്ടും തെറ്റിച്ച് നേതാക്കള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 28th December 2025, 12:21 pm

തിരുവനന്തപുരം: വീണ്ടും ദേശീയ ഗാനം തെറ്റിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. പാര്‍ട്ടിയുടെ 140ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് കെ.പി.സി.സി ആസ്ഥാനത്ത് നടന്ന പരിപാടിക്കിടെയാണ് സംഭവം.

‘ജനഗണമന അധിനായക ജയഹേ’ എന്നതിനുപകരം ‘ജനഗണ മംഗള ദായക ജയഹേ’ എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പാടിയത്. എന്നാൽ തെറ്റ് തിരുത്താതെ നേതാക്കള്‍ ദേശീയ ഗാനം പാടി അവസാനിപ്പിക്കുകയും ചെയ്തു.

നേരത്തെ ദേശീയ ഗാനം തെറ്റിപാടി കോണ്‍ഗ്രസിനെ വിവാദത്തിലാക്കിയ പാലോട് രവിയും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളായ എ.കെ. ആന്റണി, വി.എം. സുധീരന്‍ എന്നിവരും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുന്‍ഷിയും പി.സി. വിഷ്ണുനാഥും പരിപാടിയില്‍ ഉണ്ടായിരുന്നു.

ഇവര്‍ ആരും തന്നെ തെറ്റ് തിരുത്താന്‍ തയ്യാറായില്ലെന്നാണ് വിവരം. ചടങ്ങില്‍ പങ്കെടുത്ത മഹിളാ കോണ്‍ഗ്രസ് നേതാവ് ഉച്ചത്തില്‍ ദേശീയ ഗാനം പാടിയപ്പോള്‍ മറ്റു നേതാക്കള്‍ അത് ഏറ്റുപാടുകയായിരുന്നു.

Content Highlight: Congress leaders again misspell the national anthem