ചാനല്‍ മാറുന്നു, വേഷം മാറുന്നു, വാദം മാറുന്നു; വീരപ്പന്‍ മാറി സുന്ദര്‍ലാല്‍ ബഹുഗുണയാവുന്നു: വി.ടി. ബല്‍റാം
Kerala News
ചാനല്‍ മാറുന്നു, വേഷം മാറുന്നു, വാദം മാറുന്നു; വീരപ്പന്‍ മാറി സുന്ദര്‍ലാല്‍ ബഹുഗുണയാവുന്നു: വി.ടി. ബല്‍റാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th July 2023, 11:22 am

കൊച്ചി: മുട്ടില്‍ മരംമുറി കേസുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ കുമാറിനെയും റിപ്പോര്‍ട്ടര്‍ ടി.വിയെയും പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം.

അരുണ്‍കുമാര്‍ 24 ചാനലില്‍ ജോലി ചെയ്യുന്ന സമയത്ത് മുട്ടില്‍ മരംമുറി കേസുമായി ബന്ധപ്പെട്ട് ചെയ്ത വാര്‍ത്തയും ഇപ്പോള്‍ റിപ്പോര്‍ട്ടര്‍ ടി.വിയില്‍ വന്ന വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ടും ഫേസ്ബുക്കിലൂടെ പങ്കുവെച്ചാണ് ബല്‍റാമിന്റെ പ്രതികരണം.

വി.ടി. ബല്‍റാം

രണ്ട് വര്‍ഷം മുമ്പ് വി.എഫ്.എക്‌സിന്റെ അകമ്പടിയോടെ ‘വീരപ്പന്‍’ എന്ന ലോറിയെയൊക്കെ പ്രതീകവത്ക്കരിച്ച് ഒരു തൊഴിലാളിയുടെ വേഷം അണിഞ്ഞ് ‘എന്താണ് മുട്ടില്‍ മരംമുറി’ എന്ന എക്‌സ്‌പ്ലൈനെര്‍ സ്‌റ്റോറി 24 ചാനലിന് വേണ്ടി അരുണ്‍കുമാര്‍ ചെയ്തിരുന്നു. എന്നാല്‍ മുട്ടില്‍ മരംമുറിക്കേസില്‍ പ്രതികളായ അഗസ്റ്റിന്‍ ബ്രദേഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ചാനലില്‍ വന്നപ്പോള്‍ അരുണ്‍കുമാറിന്റെ നിലപാട് മാറിയെന്നാണ് ബല്‍റാമിന്റെ പരിഹാസം.

‘ചാനല്‍ മാറുന്നു, വേഷം മാറുന്നു, ന്യായം മാറുന്നു, വാദം മാറുന്നു. വീരപ്പന്‍ മാറി സുന്ദര്‍ലാല്‍ ബഹുഗുണയാവുന്നു,’ എന്നാണ് ബല്‍റാം ഫേസ്ബുക്കില്‍ എഴുതിയത്.

അതേസമയം, മുട്ടില്‍ മരംമുറി കേസുമായി ബന്ധപ്പെട്ട് എസ്.ഐ.ടി അന്വേഷണം വന്നതിനാല്‍ ഗൂഢാലോചനയും തെറ്റിദ്ധരിപ്പിക്കലും അടക്കം കുറ്റങ്ങള്‍ കോടതിയില്‍ എത്തിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.

വനംവകുപ്പ് മാത്രം നടപടികളുമായി മുന്നോട്ടുപോയിരുന്നെങ്കില്‍ പ്രതികള്‍ 500 രൂപ പിഴയടച്ചു രക്ഷപ്പെടുമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഒരു സര്‍ക്കാര്‍ ഉത്തരവിനെ മറയാക്കി പട്ടയഭൂമിയില്‍ നിന്ന് വ്യാപകമായി മരങ്ങള്‍ മുറിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘നിയമലംഘനം നടത്തിയവരോട് വിട്ടുവീഴ്ചയില്ല. മരം കൊള്ള സംബന്ധിച്ച ഡി.എന്‍.എ പരിശോധന ഇന്ത്യയില്‍ തന്നെ ആദ്യമായിട്ടാണ് നടക്കുന്നത്. ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി സ്വീകരിക്കുക പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും,’ ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Congress leader V.T. Balram ridiculed journalist Arun Kumar and reporter T.V. in the news related to the tree felling case