കര്‍ണാടകയില്‍ ഒറ്റക്ക് നേടിയ വിജയം; മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, തെലങ്കാന എന്നിവിടങ്ങളിലും ബി.ജെ.പിയെ ഒറ്റക്ക് നേരിടും: വി.ടി. ബല്‍റാം
Kerala News
കര്‍ണാടകയില്‍ ഒറ്റക്ക് നേടിയ വിജയം; മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, തെലങ്കാന എന്നിവിടങ്ങളിലും ബി.ജെ.പിയെ ഒറ്റക്ക് നേരിടും: വി.ടി. ബല്‍റാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th May 2023, 11:48 pm

പാലക്കാട്: കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് ഒറ്റക്ക് പൊരുതിയാണ് ബി.ജെ.പിയെ തോല്‍പ്പിച്ചിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം. കോണ്‍ഗ്രസിനെതിരെ മത്സരിച്ച് സി.പി.ഐ.എമ്മിനെ രണ്ടാം സ്ഥാനത്ത് നിന്ന് മൂന്നാം സ്ഥാനത്ത് എത്തിച്ചതാണ് പ്രകാശ് കാരാട്ടും പിണറായി വിജയനും കര്‍ണാടകക്ക് നല്‍കിയ ഏക സംഭാവനയെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടകയില്‍ നാളെ നടക്കാനിരിക്കുന്ന സത്യപ്രതിജ്ഞക്ക് മുഖ്യമന്ത്രി പിണറായി വിജയനെയും തെലങ്കാന മുഖ്യമന്ത്രിയെയും ക്ഷണിക്കാത്ത വിഷയത്തിലുള്ള
പ്രകാശ് കാരാട്ടിന്റെ പ്രസ്താവന പങ്കുവെച്ചായിരുന്നു വി.ടി. ബല്‍റാമിന്റെ പ്രതികരണം.

‘ഇതെന്തൊരു പ്രാക്കാണ്! മുന്‍പ് എപ്പോഴെങ്കിലുമാണ് ഇങ്ങനെ പറയുന്നതെങ്കില്‍ ആ നിലക്കെങ്കിലും മനസിലാക്കാം. ഇതിപ്പോള്‍ കര്‍ണ്ണാടകത്തില്‍ കോണ്‍ഗ്രസ് ഒറ്റക്ക് പൊരുതിത്തന്നെയല്ലേ ബി.ജെ.പിയെ തോല്‍പ്പിച്ചിരിക്കുന്നത്? ആകെ അല്‍പ്പമെങ്കിലും ശക്തിയുള്ള ഒരേയൊരു മണ്ഡലത്തില്‍പ്പോലും കോണ്‍ഗ്രസിനെതിരെ മത്സരിച്ച് സി.പി.ഐ.എമ്മിനെ രണ്ടാം സ്ഥാനത്തു നിന്ന് മൂന്നാം സ്ഥാനത്ത് എത്തിച്ചതാണല്ലോ പ്രകാശ് കാരാട്ടും പിണറായി വിജയനുമൊക്കെ അവിടെ നല്‍കിയ ഏക സംഭാവന.

ഇനി അടുത്ത് വരാനിരിക്കുന്ന മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, തെലങ്കാന എന്നിവിടങ്ങളിലും കോണ്‍ഗ്രസിന് ഒറ്റക്ക് തന്നെയാണ് ബി.ജെ.പിയെ നേരിടാനുള്ളത്.
എന്തിന് സി.പി.ഐ.എമ്മിനെ കോണ്‍ഗ്രസ് കൂടെക്കൂട്ടണമെന്ന് കൃത്യമായ കാരണങ്ങള്‍ സഹിതം പ്രകാശ് കാരാട്ടിന് പറയാന്‍ സാധിക്കുമോ? പ്രത്യേകിച്ചും കോണ്‍ഗ്രസുമായി ഒരു കൂട്ടുകെട്ടും വേണ്ടെന്ന് പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രമേയം പാസാക്കാന്‍ കേരള സഖാക്കള്‍ക്കൊപ്പം നിന്ന ഒരാളെന്ന നിലയില്‍?,’ വി.ടി. ബല്‍റാം പറഞ്ഞു.

അതേസമയം, കേരളത്തിലെ കോണ്‍ഗ്രസിന്റെ ശത്രുതാ നിലപാട് പ്രതിപക്ഷ ഐക്യത്തിന് ഗുണകരമല്ലെന്നും അക്കാരണത്താലാണ് നാളെ നടക്കാനിരിക്കുന്ന സത്യപ്രതിജ്ഞക്ക് മുഖ്യമന്ത്രി പിണറായി വിജയനെയും തെലങ്കാന മുഖ്യമന്ത്രിയെയും ക്ഷണിക്കാത്തതെന്നും പ്രകാശ് കാരാട്ട് പറഞ്ഞിരുന്നു. കണ്ണൂരില്‍ ഇ.കെ. നായനാര്‍ അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

കോണ്‍ഗ്രസ് ദുര്‍ബലമായ സംസ്ഥാനങ്ങളില്‍ ബി.ജെ.പി വിരുദ്ധ പാര്‍ട്ടികളെ പിന്തുണക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്നും, എന്നാല്‍ കേരളത്തില്‍ സി.പി.ഐ.എമ്മിനെ മുഖ്യ ശത്രുവായാണ് കോണ്‍ഗ്രസ് കാണുന്നതെന്നും പ്രകാശ് കാരാട്ട് പറഞ്ഞിരുന്നു.

Content Highlights:  Congress leader V.T. Balram said that the Congress has defeated the BJP in Karnataka by fighting alone