വയനാട്: വയനാട്ടില്‍ ആത്മഹത്യ ചെയ്ത ഡി.സി.സി. ട്രഷറര്‍ എന്‍.എം. വിജയന്റെ കുടുംബവുമായി കരാറുണ്ടായിരുന്നെന്ന് സ്ഥിരീകരിച്ച് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കരാറില്‍ പറഞ്ഞ കാര്യങ്ങളില്‍ നടപടി എടുത്തിട്ടുണ്ടെന്നും എന്നാല്‍ എന്തെല്ലാം നടപടികളാണ് എടുത്തിരിക്കുന്നതെന്ന് തനിക്കറിയില്ലെന്നും തിരുവഞ്ചൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ഇത്തരത്തിലൊരു കരാര്‍ ഇല്ലെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ സണ്ണി ജോസഫിന്റെ പ്രസ്താവനയെ പൊളിച്ചടക്കുന്ന സ്ഥിരീകരണമാണ് തിരുവഞ്ചൂരിന്റേത്.
‘റിപ്പോര്‍ട്ട് കൊടുത്ത ശേഷം പത്മജ എന്നെ വന്ന് കണ്ടിരുന്നു. അവര്‍ പ്രശ്‌നങ്ങളെല്ലാം പറഞ്ഞു. അതെല്ലാം പരിഹരിക്കാന്‍ തക്ക കാര്യങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് ചെയ്തിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം. അത് എതൊക്കെ എന്ന് സ്‌ട്രൈറ്റ് ആയിട്ട് പറയാനറിയില്ല. കാരണം അവര്‍ എന്നോട് ആലോചിച്ചിട്ടല്ല ഒന്നും ചെയ്തത്. പക്ഷെ അതിന്റെ റിപ്പോര്‍ട്ട് അവിടെ ഉണ്ട്. അതിന്റെ അടിസ്ഥാനത്തിന്‍ എന്തങ്കിലും ചെയ്തിട്ടുണ്ടാകും എന്ന പ്രതീക്ഷയിലാണ് ഞാന്‍,’ തിരുവഞ്ചൂര്‍ പറഞ്ഞു.
റിപ്പോര്‍ട്ടില്‍ പറഞ്ഞ കരാറിന്റെ അടിസ്ഥാനത്തിലുള്ള കാര്യങ്ങള്‍ പാര്‍ട്ടി നടപ്പാക്കിയിരുന്നോ എന്ന് അന്വേഷിക്കേണ്ടതല്ലെ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് സമയമാകുമ്പോള്‍ അന്വേഷണം നടത്തുമെന്നാണ് തിരുവഞ്ചൂര്‍ പറഞ്ഞത്.
‘അന്വേഷിക്കേണ്ടിവന്നാല്‍ ആ സമയത്ത് അന്വേഷിക്കാം. റിപ്പോര്‍ട്ടില്‍ പറഞ്ഞ കാര്യങ്ങളുടെ തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. അത് ഏത് ഘട്ടം വരെയായി എന്ന് എനിക്ക് ഇപ്പോള്‍ പറയാന്‍ പറ്റില്ല. എന്ത് തന്നെയായാലും പരിഹാരമുണ്ടാക്കും,’ അദ്ദേഹം പറഞ്ഞു.
ടി. സിദ്ദീഖ് എം.എല്‍.എ, ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, എ.പി. അനില്‍കുമാര്‍ തുടങ്ങിയവര്‍ക്കെതിരെ പരാതി പറയുന്ന സംഭഷണത്തിന്റെ ഓഡിയോ നേരത്തെ എന്‍.എം. വിജയന്റെ കുടുംബം പുറത്ത് വിട്ടിരുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ നേരില്‍ കണ്ട് സംസാരിച്ചപ്പോള്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്ത ഓഡിയോ ആയിരുന്നു ഇത്.
നേതാക്കളുടെ നിലപാടുകളോട് തനിക്ക് യോചിപ്പില്ലെന്നും ടി.സിദ്ദീഖ് പറഞ്ഞ ഒരു കാര്യങ്ങളും ഇതുവരെ നടന്നിട്ടില്ലെന്നും സംഭാഷണത്തില്‍ തിരുവഞ്ചൂര്‍ പറയുന്നുണ്ട്. കഴിഞ്ഞ ദിവസം കെ.പി.സി. പ്രസിഡന്റ് തള്ളിപ്പറഞ്ഞ കരാര്‍ രേഖയുണ്ടായിരുന്നു എന്ന് ഈ സംഭാഷണത്തില്‍ തിരുവഞ്ചൂര്‍ സമ്മതിക്കുന്നുണ്ട്.