'ഇത്ര മോശം ഭരണം നടത്തിയിട്ടും എങ്ങനെയാണ് അവര്‍ ജയിക്കുന്നത്?'; വോട്ടിങ് മെഷീനില്‍ ബി.ജെ.പി കൃത്രിമം കാണിക്കുന്നെന്ന ആരോപണവുമായി സിദ്ധരാമയ്യ
assembly elections
'ഇത്ര മോശം ഭരണം നടത്തിയിട്ടും എങ്ങനെയാണ് അവര്‍ ജയിക്കുന്നത്?'; വോട്ടിങ് മെഷീനില്‍ ബി.ജെ.പി കൃത്രിമം കാണിക്കുന്നെന്ന ആരോപണവുമായി സിദ്ധരാമയ്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 22nd October 2019, 7:31 pm

ബെംഗളൂരു: മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടിങ് മെഷീന്‍ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണവുമായി കര്‍ണാടകത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ. ഇത്ര മോശം ഭരണം നടത്തിയിട്ടും എങ്ങനെയാണ് ബി.ജെ.പി വിജയിക്കുന്നതെന്ന് അറിയില്ലെന്നും വോട്ടിങ് മെഷീന്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്നു സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

‘മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സോലാപുര്‍-ഹൈദരാബാദ് റോഡിലൂടെ സഞ്ചരിച്ചു. റോഡെല്ലാം തകര്‍ന്നിരിക്കുകയാണ്. ബി.ജെ.പി നേതാവ് നിതിന്‍ ഗഡ്കരി വകുപ്പ് മന്ത്രിയായിരിക്കുമ്പോഴാണ് ഈ അവസ്ഥ. എന്നിട്ടും അവര്‍ ജയിക്കുകയാണ്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബി.ജെ.പിയുടെ നിയന്ത്രണത്തിലാണ്. അവരുടെ നിര്‍ദ്ദേശം അനുസരിച്ചാണ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത്. സി.ബി.ഐയെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയും ദുരുപയോഗം ചെയ്തതു പോലെ തെരഞ്ഞെടുപ്പ് കമ്മീഷനെയും ദുരുപയോഗം ചെയ്യുകയാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

24-നു ഫലം വരും. ജനവിധി നമ്മള്‍ അംഗീകരിക്കണം. എന്തുതരത്തിലുള്ള വിധിയാണ് അവര്‍ കുറിക്കുക എന്നതിനെക്കുറിച്ച് അറിയില്ല.’- അദ്ദേഹം പറഞ്ഞു.

പ്രളയ ദുരിത ബാധിതര്‍ക്കു സഹായമെത്തിക്കുന്നതില്‍ യെദ്യൂരപ്പ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു. ഹുബ്ബള്ളിയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബി.ജെ.പിയുടെ ഏറ്റവും വലിയ വിശ്വസ്തന്‍ വോട്ടിങ് മെഷീനാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും നേരത്തേ രംഗത്തെത്തിയിരുന്നു.