'എന്റെ നേതാവിനെ ഞാന്‍ സംരക്ഷിക്കും, അവര്‍ എന്നെയും'; നെഹ്‌റു കുടുംബത്തെ സംരക്ഷിക്കാനാണ് കോണ്‍ഗ്രസ് നീക്കമെന്ന ബി.ജെ.പി വാദത്തിനെതിരെ സല്‍മാന്‍ ഖുര്‍ഷിദ്
national news
'എന്റെ നേതാവിനെ ഞാന്‍ സംരക്ഷിക്കും, അവര്‍ എന്നെയും'; നെഹ്‌റു കുടുംബത്തെ സംരക്ഷിക്കാനാണ് കോണ്‍ഗ്രസ് നീക്കമെന്ന ബി.ജെ.പി വാദത്തിനെതിരെ സല്‍മാന്‍ ഖുര്‍ഷിദ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th August 2022, 5:22 pm

ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ രാജ്യ വ്യാപക പ്രതിഷേധത്തില്‍ ബി.ജെ.പിയുടെ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്.

രാജ്യവ്യാപക റാലിയുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധത്തിനിറങ്ങിയത് സോണിയ ഗാന്ധിയെയും മക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെയും സംരക്ഷിക്കാനാണെന്ന് ബി.ജെ.പി പ്രസ്താവന നടത്തിയിരുന്നു. ഗാന്ധി കുടുംബത്തിനെതിരെ ഇ.ഡി ശക്തമായ അന്വേഷണം നടത്തുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു പ്രസ്താവന ഉയര്‍ന്നത്.

അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസ് വെള്ളിയാഴ്ച നടത്തുന്ന പ്രതിഷേധത്തില്‍ താനും പങ്കാളിയാണെന്ന് സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. തന്റെ നേതാക്കളെ താന്‍ സംരക്ഷിക്കുമെന്നും അതിനാല്‍ അവര്‍ തന്നെയും
സംരക്ഷിക്കുമെന്നുമാണ് ഖുര്‍ഷിദ് പറഞ്ഞത്.

‘എന്തിനാണ് ഞാന്‍ നെഹ്‌റു കുടുംബത്തെ സംരക്ഷിക്കാന്‍ വരുന്നത്? ഞാനെന്റെ നേതാവിനെ സംരക്ഷിക്കാനാണ് വരിക, എന്റെ നേതാവ് എന്നെയും സംരക്ഷിക്കും,’ ബി.ജെ.പി അങ്ങനൊരു പ്രസ്താവന നടത്തിയിട്ടുണ്ടെങ്കില്‍ തന്നെ എനിക്കൊരു പ്രശ്നവുമില്ല.’ സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.

അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തിനെതിരെ രാജ്യവ്യാപകമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് രാഷ്ട്രപതി ഭവനിലേക്ക് പ്രതിഷേധിച്ച രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, ജെബി മേത്തര്‍, രമ്യ ഹരിദാസ് തുടങ്ങിയവരെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് എം.പിമാരെല്ലാവരും പാര്‍ലമെന്റിലും പ്രതിഷേധത്തിനും കറുത്ത വസത്രമണിഞ്ഞാണ് എത്തിയത്.

പ്രതിഷേധത്തെ തുടര്‍ന്ന് ദല്‍ഹിയില്‍ 144 പ്രഖ്യാപിച്ചിരുന്നു. വിജയ് ചൗക്കിലും, പാര്‍ലമെന്റില്‍ നിന്നും പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള വഴിയിലും പൊലീസും അര്‍ധസൈനിക വിഭാഗങ്ങളും വന്‍ സുരക്ഷയേര്‍പ്പെടുത്തിയിരുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിലക്കയറ്റത്തിനെതിരെ പ്രതിഷേധം നടക്കുന്നുണ്ട്. എല്ലാ തലസ്ഥാന നഗരികളിലും കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധ പ്രകടനം നടത്തുന്നുണ്ട്. മുംബൈയില്‍ ചില കോണ്‍ഗ്രസ് നേതാക്കളെ ആസാദ് മൈദാന്‍ പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.

പ്രതിഷേധത്തിനിടെ ജന്തര്‍മന്തര്‍ ഒഴികെ ദല്‍ഹിയില്‍ എല്ലായിടത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. നാഷണല്‍ ഹെറാള്‍ഡ് ഓഫീസ് ഇ.ഡി സീല്‍ ചെയ്തതിലുള്ള കോണ്‍ഗ്രസ് പ്രതിഷേധം കണക്കിലെടുത്താണ് നിയന്ത്രണം. നിരോധനാജ്ഞ ലംഘിച്ചാല്‍ കര്‍ശന നടപടിയെന്നും എ.ഐ.സി.സി ആസ്ഥാനത്തിന് മുന്നില്‍ ബോര്‍ഡ് സ്ഥാപിച്ചിരുന്നു.

‘എന്തിനാണ് അവര്‍ ഗാന്ധി കുടുംബത്തെ ആക്രമിക്കുന്നത് ? ഞങ്ങള്‍ ഒരു പ്രത്യയശാസ്ത്രത്തിന് വേണ്ടിയാണ് പോരാടുന്നത്, ഞങ്ങളെപോലെ കോടിക്കണക്കിന് ആളുകള്‍ ഉണ്ട്. ഞങ്ങള്‍ ജനാധിപത്യത്തിനായും സാമുദായിക സൗഹാര്‍ദത്തിനായും പോരാടും, അതുതന്നെയാണ് ഞങ്ങള്‍ കാലങ്ങളായി ചെയ്യുന്നതും.’ രാഹുല്‍ ഗാന്ധി വെള്ളിയാഴ്ച്ച മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

Content Highlight: Congress leader Salman Khurshid says gives reply to BJP’s statements against Nehru family