രാഹുല്‍ ഗാന്ധി രാജ്യത്തെ ഫാസിസ്റ്റ് വിരുദ്ധ മൂവ്‌മെന്റിന്റെ പ്രതീകം: വി.ഡി. സതീശന്‍
Kerala News
രാഹുല്‍ ഗാന്ധി രാജ്യത്തെ ഫാസിസ്റ്റ് വിരുദ്ധ മൂവ്‌മെന്റിന്റെ പ്രതീകം: വി.ഡി. സതീശന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 15th June 2022, 5:40 pm

 

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രാജ്യത്തെ ഫാസിസ്റ്റ് വിരുദ്ധ മൂവ്‌മെന്റിന്റെ പ്രതീകം എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

തെരഞ്ഞെടുപ്പ് അടുക്കാന്‍ പോകുമ്പോള്‍ ഇന്ത്യയിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഒരു ഫാസിസ്റ്റ് വിരുദ്ധ പ്ലാറ്റ്‌ഫോം ആയി അണിനിരക്കുന്നു എന്ന് കണ്ടപ്പോള്‍ രാഹുല്‍ ഗാന്ധിയേയും സോണിയ ഗാന്ധിയേയും അപകീര്‍ത്തിപ്പെടുത്താനാണ് നാഷണല്‍ ഹെറാള്‍ഡ് കേസ് എന്ന് വി.ഡി. സതീശന്‍ ആരോപിച്ചു.

നാഷണല്‍ ഹെറാള്‍ഡ് കേസ് കഴിഞ്ഞ കുറേ കാലമായി കോണ്‍ഗ്രസിനെതിരെ ഉയര്‍ത്തിയ അപവാദമാണ്. ഇരുപാട് അന്വേഷണം നടത്തിയിട്ടും അവര്‍ക്ക് ഒരു തെളിവും കണ്ടെത്താനായിട്ടില്ല. കോണ്‍ഗ്രസിനെ തകര്‍ക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം.

കോണ്‍ഗ്രസ് വിമുക്ത ഭാരതം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ബി.ജെ.പി മുന്നോട്ട് പോകുന്നത്. അഴിമതി ആരോപണത്തെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് ശക്തമായ സമര പോരാട്ടം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ദല്‍ഹിയില്‍ കോണ്‍ഗ്രസിനെ അപമാനിക്കാന്‍ കേന്ദ്രനീക്കം നടക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ അഭിപ്രായപ്പെട്ടു.

നെഹ്‌റുവിന്റെ സ്മരണ പോലും ബി.ജെ.പിയെ വിറളി പിടിപ്പിക്കുന്നു. കോണ്‍ഗ്രസിനെ ഇല്ലാതാക്കാനുള്ള രാഷ്ട്രീയ പാപ്പരത്തമാണ് ഇപ്പോള്‍ നടക്കുന്നത്.

ബി.ജെ.പിയുടെ തനി നിറം തുറന്ന് കാണിക്കുന്ന സമരങ്ങള്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായാണ് നാളെ എല്ലാ സംസ്ഥാനങ്ങളിലും രാജ്ഭവന്‍ മാര്‍ച്ച് സംഘടിപ്പിക്കാനുള്ള എ.ഐ.സി.സി തീരുമാനമെന്നും കെ. സുധാകരന്‍ പറഞ്ഞു.

Content Highlights: congress leader Rahul Gandhi is the symbol of the anti – fascist movement in the country vd  Satheesan