കോണ്‍ഗ്രസ് നേതാവ് പി.പി. തങ്കച്ചന്‍ അന്തരിച്ചു
Kerala
കോണ്‍ഗ്രസ് നേതാവ് പി.പി. തങ്കച്ചന്‍ അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 11th September 2025, 4:47 pm

കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെ.പി.സി.സി അധ്യക്ഷനുമായ പി.പി. തങ്കച്ചന്‍ (86) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറേ ദിവസങ്ങളായി അദ്ദേഹം ചികിത്സയിലായിരുന്നു.

ഇന്ന് (വ്യാഴാഴ്ച) വൈകീട്ട് നാലരയോടെയായിരുന്നു അന്ത്യം. ആലുവയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സ്ഥിരീകരിച്ചത്.

ദീര്‍ഘകാലം യു.ഡി.എഫ് കണ്‍വീനറായിരുന്ന പി.പി. തങ്കച്ചന്‍ മുന്‍ സ്പീക്കറും കൃഷിമന്ത്രിയുമായിരുന്നു. 1982, 1987, 1991, 1996 എന്നീ വര്‍ഷങ്ങളിലാണ് അദ്ദേഹം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

എക്കാലവും പെരുമ്പാവൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് പി.പി. തങ്കച്ചന്‍ നിയമസഭയിലെത്തിയത്. 12 വര്‍ഷം എറണാകുളം ഡി.സി.സി അധ്യക്ഷനായിരുന്നു.

1939 ജൂലൈ 29ന് അങ്കമാലിയിലായിരുന്നു പി.പി. തങ്കച്ചന്റെ ജനനം. ഫാ. പൗലോസ് പൈനാടത്തും അന്നമ്മയുമാണ് മാതാപിതാക്കള്‍. തേവര എസ്.എച്ച് കോളേജിലും ഗവ. ലോ കോളേജിലുമായിരുന്നു പഠനം.

Content Highlight: Congress Leader PP Thankachan passed away