'കര്‍ണാടകയില്‍ ആരംഭിച്ച കുതിരക്കച്ചവടം മഹാരാഷ്ട്രയില്‍ പ്രയോഗിക്കാന്‍ അനുവദിക്കില്ല'; എം.എല്‍.എമാര്‍ക്ക് ബി.ജെ.പി പണം വാഗ്ദാനം ചെയ്തത് സ്ഥിരീകരിച്ച് കോണ്‍ഗ്രസ്
national news
'കര്‍ണാടകയില്‍ ആരംഭിച്ച കുതിരക്കച്ചവടം മഹാരാഷ്ട്രയില്‍ പ്രയോഗിക്കാന്‍ അനുവദിക്കില്ല'; എം.എല്‍.എമാര്‍ക്ക് ബി.ജെ.പി പണം വാഗ്ദാനം ചെയ്തത് സ്ഥിരീകരിച്ച് കോണ്‍ഗ്രസ്
ന്യൂസ് ഡെസ്‌ക്
Friday, 8th November 2019, 1:32 pm

മുംബൈ: ബി.ജെ.പി കര്‍ണാടകയില്‍ ആരംഭിച്ച കുതിരക്കച്ചവടം മഹാരാഷ്ട്രയില്‍ പ്രയോഗിക്കാന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് നിതില്‍ റാവത്ത്. എം.എല്‍.എമാര്‍ക്ക് ബി.ജെ.പി പണം വാഗ്ദാനം ചെയ്തത് സ്ഥിരീകരിച്ചായിരുന്നു നിതില്‍ റാവത്തിന്റെ പ്രതികരണം.

‘ബി.ജെ.പി നേതാക്കള്‍ കോണ്‍ഗ്രസ് എം.എല്‍.എമാരെ പണവുമായി സമീപിച്ചിട്ടുണ്ട്. രണ്ടു എം.എല്‍.എമാര്‍ക്ക് ഇന്നലെ അവര്‍ 25 കോടി വാഗ്ദാനം ചെയ്തു. കര്‍ണാടകയില്‍ പ്രയോഗിച്ച കുതിരക്കച്ചവട രീതി തടയാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കും.’, നിതില്‍ റാവത്ത് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ശിവസേനയുടെ എം.എല്‍.എമാരെ അടക്കം റാഞ്ചാന്‍ ബി.ജെ.പി ശ്രമിക്കുന്നതായി കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ വിജയ് വഡെട്ടിവാറും പറഞ്ഞിരുന്നു. കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കും നിരന്തരം ഫോണ്‍ കോളുകള്‍ വരുന്നതായും വഡെട്ടിവാര്‍ പറഞ്ഞിരുന്നു.

‘ശിവസേനയുടെ എം.എല്‍.എമാര്‍ക്ക് 50 കോടി രൂപയാണ് ബി.ജെ.പി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഞങ്ങളുടെ എം.എല്‍.എമാര്‍ക്ക് 25 മുതല്‍ 50 കോടി വരെയും. ഞങ്ങള്‍ ബി.ജെ.പിയോടു പറഞ്ഞു, ഈ ഫോണ്‍ കോളുകള്‍ റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്നും ജനങ്ങളോട് അറിയിക്കുമെന്നും.’, വഡെട്ടിവാര്‍ കൂട്ടിച്ചേര്‍ത്തു.

റാഞ്ചല്‍ ഭീഷണിയെത്തുടര്‍ന്ന് ശിവസേന 56 എം.എല്‍.എമാരെയും പിന്തുണ അറിയിച്ച ഒമ്പത് സ്വതന്ത്രരെയും നഗരത്തിലെ ഹോട്ടലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ബി.ജെ.പിയുടെ പ്രലോഭനങ്ങള്‍ക്ക് വഴങ്ങില്ലെന്ന് കഴിഞ്ഞദിവസം ശിവസേന എം.എല്‍.എമാരെ കൊണ്ട് പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെ പ്രതിജ്ഞയെടുപ്പിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ