INTERVIEW പാര്‍ട്ടികളോ നേതാക്കളോ വിചാരിച്ചാല്‍ അക്രമരാഷ്ട്രീയത്തിന് പരിഹാരമാവില്ല: മാത്യു കുഴല്‍നാടന്‍
Interview
INTERVIEW പാര്‍ട്ടികളോ നേതാക്കളോ വിചാരിച്ചാല്‍ അക്രമരാഷ്ട്രീയത്തിന് പരിഹാരമാവില്ല: മാത്യു കുഴല്‍നാടന്‍
അന്ന കീർത്തി ജോർജ്
Wednesday, 2nd September 2020, 7:43 pm

വെഞ്ഞാറമൂട് കൊലപാതക്കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെതിരെ സി.പി.ഐ.എം ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍- ഡൂള്‍ന്യൂസിനോട് സംസാരിക്കുന്നു…

മാത്യു കുഴല്‍നാടന്‍

വെഞ്ഞാറമൂട് കൊലപാതകക്കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെതിരെ സി.പി.ഐ.എമ്മിന്റെ ഭാഗത്ത് നിന്നും ഗുരുതരമായ ആരോപണങ്ങളാണല്ലോ ഉണ്ടായിക്കൊണ്ടിരിക്കുന്നത്?

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം തീര്‍ച്ചയായും ദൗര്‍ഭാഗ്യകരമാണ്. ഒരു രീതിയിലും ആര്‍ക്കും ന്യായീകരിക്കാന്‍ കഴിയാത്ത, എല്ലാവരും അപലിക്കേണ്ട സംഭവം തന്നെയാണത്. പക്ഷെ ഇതിന്റെ രാഷ്ട്രീയവശത്തേക്ക് വരുമ്പോള്‍, വീണുകിട്ടിയ അവസരം എന്നതുപോലെ ഈ സംഭവത്തെ ഉപയോഗിക്കാന്‍ വ്യഗ്രത പെടുന്ന ഒരു സി.പി.ഐ.എമ്മിനെയാണ് കാണാനാകുന്നത്.

അവര്‍ക്കെതിരെ നിരവധി പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരികയും സര്‍ക്കാരും ഇടതുമുന്നണിയും വലിയ രാഷ്ട്രീയ പ്രതിസന്ധിയിലായിരിക്കുകയും ചെയ്തിരിക്കുന്ന സമയത്ത് ഈ സംഭവത്തെ ഉപയോഗപ്പെടുത്തിക്കൊണ്ട് അതില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ആസൂത്രിതമായ ശ്രമമാണ് സി.പി.ഐ.എം ചെയ്യുന്നതെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. പക്ഷെ ഈ ശ്രമം വിജയിക്കുകയില്ല. പ്രബുദ്ധരായ കേരളത്തിലെ ജനങ്ങള്‍ ഈ ശ്രമം തിരിച്ചറിയും.

ഒരു മരണം സംഭവിച്ചു കഴിഞ്ഞാല്‍, എന്തൊക്കെ തന്നെയാണെങ്കിലും, മരിച്ച ആളുകളോടുള്ള ആദരവ് നിലനിര്‍ത്തിക്കൊണ്ടേ നമ്മള്‍ സംസാരിക്കാറുള്ളു. പക്ഷെ വെഞ്ഞാറമൂട് സംഭവത്തെ ഒരു രാഷ്ട്രീയ വിവാദമാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുമ്പോള്‍ ഈ കൊല്ലപ്പെട്ടവരുടെ സാഹചര്യങ്ങളും പശ്ചാത്തലവും പരിശോധിക്കേണ്ടി വരികയാണ്.

 

സമൂഹത്തിന് മുതല്‍ക്കൂട്ടാവുകയോ ബഹുമാനിക്കപ്പെടുകയോ ചെയ്തിരുന്ന വ്യക്തികളല്ല ഇവരെന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. ഗുണ്ടായിസമടക്കമുള്ള നിരവധി കേസുകളില്‍ പ്രതികളായിരുന്നു കൊല്ലപ്പെട്ടവര്‍. കൊലപാതകവുമടക്കമുള്ള കേസുകളില്‍ വരെ പ്രതികളാണെന്ന് സംശയിക്കപ്പെടുന്നവരാണിവര്‍.

വെഞ്ഞാറമൂട് സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കൊല്ലപ്പെട്ടവര്‍ അവരുടെ വീടുകളില്‍ നിന്നും കിലോമീറ്ററുകള്‍ അകലെയുള്ള സ്ഥലത്ത് വടിവാളും വെട്ടുകത്തിയുമായിട്ടാണ് എത്തിയിട്ടുള്ളത്. ആ സിസിടിവി ദൃശ്യങ്ങളെ ദൈവത്തിന്റെ കണ്ണ് എന്ന് പറയേണ്ടി വരും. അതില്‍ എല്ലാം വ്യക്തമാണ്. ‘സ്പീക്കിംഗ് എവിഡന്‍സ്’ ആണ് ഇത്. അത് ആര്‍ക്കും നിഷേധിക്കാനാകില്ല. എത്ര വെള്ള പൂശാന്‍ ശ്രമിച്ചാലും ഇതിനെ ആര്‍ക്കും മറക്കാനാകില്ല.

അതുകൊണ്ടു തന്നെ ഈ സംഭവത്തെ ഗുണ്ടകള്‍ തമ്മിലുള്ള കുടിപ്പകയുടെ ഭാഗമായോ അല്ലെങ്കില്‍ മറ്റെതെങ്കിലും ഇടപാടുകളുടെ ഭാഗമായോ നടന്ന കൊലപാതകമായി മാത്രമേ കാണാന്‍ കഴിയൂ. ഇതിന് രാഷ്ട്രീയമാനമില്ല. ഈ പ്രത്യേകസാഹചര്യത്തില്‍ ഇതിനൊരു രാഷ്ട്രീയമാനമുണ്ടാക്കിയെടുക്കാനുള്ള ശ്രമമാണ് സി.പി.ഐ.എം നടത്തുന്നത്. തങ്ങളുടെ മുഴുവന്‍ മിഷനറിയും ഇതിനായി ഉപയോഗിക്കുകയാണ്.

കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ ഒളിക്കാനോ മറക്കാനോ ഒന്നുമില്ല. ഞങ്ങള്‍ക്കിത് ആര്‍ജവത്തോടെ പറയാനാകുന്നതിന് കാരണം ഒരു പാര്‍ട്ടിയെന്ന് നിലയിലും പ്രസ്ഥാനമെന്ന നിലയിലും കോണ്‍ഗ്രസ് ഒരിക്കലും ഇതുപോലെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പോകില്ല. ഏതെങ്കിലും പ്രവര്‍ത്തകര്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ അവര്‍ക്ക് പാര്‍ട്ടിയില്‍ ഒരു സ്ഥാനവുമുണ്ടാവുകയില്ല. അവര്‍ക്ക് യാതൊരു പിന്തുണയും സംരക്ഷണവും ലഭിക്കില്ല. എന്റെ ഇരുപത് വര്‍ഷത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തനത്തില്‍ നിന്നും നിസ്സംശയം എനിക്കിത് പറയാനാകും. ചെറിയ രീതിയില്‍ പോലും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാര്‍ട്ടിയില്‍ നിന്നും ഉണ്ടാകില്ല എന്ന ഉറപ്പ് ഞങ്ങള്‍ക്കുണ്ട്.

കോണ്‍ഗ്രസ് പ്രതിസ്ഥാനത്ത് വരുന്ന രാഷ്ട്രീയ കൊലപാതങ്ങള്‍ ചര്‍ച്ചയാകാതിരിക്കാനായി മാധ്യമങ്ങള്‍ കൂട്ടുനില്‍ക്കുന്നു എന്ന ആരോപണവും സി.പി.ഐ.എം ഉയര്‍ത്തുന്നുണ്ടല്ലോ ?

സി.പി.ഐ.എമ്മിന്റെ ഈ വാദങ്ങളോട് ഒറ്റവാചകത്തില്‍ മറുപടി പറയാനാകുന്ന നല്ലൊരു ചൊല്ല് മലയാളത്തില്‍ ഉണ്ട്, മുഖം മോശമായതിന് കണ്ണാടിയെ കുറ്റം പറയുക. ഇതുപോലെയാണ് സി.പി.ഐ.എമ്മിന്റെ ഇപ്പോഴത്തെ അവസ്ഥ. മാധ്യമങ്ങള്‍ അവരുടെ ധര്‍മം നിറവേറ്റുന്നു. ഉള്ള കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചെയ്തുകൂട്ടുന്ന കാര്യങ്ങള്‍ പുറത്തു വരുമ്പോള്‍ സി.പി.ഐ.എമ്മിന്റെ മുഖമാണ് വികൃതമാകുന്നത്. അതിന് മാധ്യമങ്ങളെ പഴിചാരിയിട്ട് എന്ത് കാര്യം. അങ്ങനെയൊന്നും വിലക്കെടുക്കാന്‍ കഴിയുന്നതോ പക്ഷപാതിത്വപരമായ നിലപാട് സ്വീകരിക്കുന്നവരോ അല്ല കേരളത്തിലെ മാധ്യമങ്ങള്‍. അതൊന്നും കേരളത്തില്‍ സാധ്യവുമല്ല.

മാധ്യമങ്ങളെ കുറ്റം പറഞ്ഞ്, അത്തരത്തിലുള്ള ഒരു അന്തരീക്ഷം സൃഷ്ടിച്ച് ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന പ്രശ്‌നങ്ങളെ ലഘൂകരിക്കാനുള്ള ശ്രമമാണ് സി.പി.ഐ.എം നടത്തുന്നത്. പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നവരുടെ വിശ്വാസ്യത തകര്‍ക്കാനുള്ള ആസൂത്രിതമായ പരിശ്രമമാണിത്. അതിന്റെ ഭാഗമാണ് മാധ്യമങ്ങള്‍ക്കെതിരെയുള്ള ഈ പ്രചരണങ്ങള്‍.

വസ്തുതകള്‍ പരിശോധിച്ചാല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തിയിട്ടുള്ളത് കോണ്‍ഗ്രസാണെന്ന് കാണാനാകുമെന്ന് സി.പി.ഐ.എം നേതാക്കളടക്കം പ്രസ്താവിച്ചിരുന്നല്ലോ. ഇതിന് കോണ്‍ഗ്രസിന് പറയാനുള്ള മറുപടിയെന്താണ്?

നൂറ് ശതമാനവും തെറ്റായ പ്രചരണമാണിത്. മുന്‍പും പല തവണ ശ്രമിച്ച് പരാജയപ്പെട്ട വ്യാജപ്രചരണമാണിത്. സി.പി.ഐ.എം നടത്തുകയോ ഭാഗമാകുകയോ ചെയ്ത രാഷ്ട്രീയ കൊലപാതകങ്ങളുടെ നാലിലൊന്ന് പോലും കോണ്‍ഗ്രസ് പ്രവര്‍ത്തകരോ നേതാക്കളോ ഉള്‍പ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടില്ല. ഒന്നും നടന്നിട്ടില്ലെന്ന് പറയുന്നില്ല. ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

പക്ഷെ കേരളത്തിലെ ഏത് രാഷ്ട്രീയ കൊലപാതകം എടുത്താലും അതിന്റെ ഒരുവശത്ത് സി.പി.ഐ.എം ഉണ്ടാകും. കൊല്ലപ്പെട്ടവരുടെയോ കൊല്ലിച്ചവരുടെയോ സ്ഥാനത്ത് ഇവര്‍ എപ്പോഴും ഉണ്ടാകും. എങ്ങനെയാണ് ഇത് സംഭവിക്കുന്നത്. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന പാര്‍ട്ടിയാണ് സി.പി.ഐ.എം. അവരുടെ രാഷ്ട്രീയ പ്രചരണത്തിന്റെ പ്രധാന മാര്‍ഗം തന്നെ ഈ അക്രമമാണ്. അവരുടെ പാര്‍ട്ടി വിട്ടുപോകുന്നവരോട് പോലും അവര്‍ അത് ചെയ്യും.

അതുകൊണ്ടാണ് അക്രമരാഷ്ട്രീയം എന്നുപറയുമ്പോഴേ കേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ മനസ്സില്‍ ഇവിടുത്തെ സി.പി.ഐ.എംകാരുടെയോ സി.ഐ.ടി.യുകാരുടെയോ എസ്.എഫ്.ഐകാരുടെയോ ചിത്രം വരുന്നത്. അതിന് ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കാലാകാലങ്ങളായി അവര്‍ ചെയ്തതിന്റെ ഫലമാണിത്.

ബംഗാളിലും ഇതുതന്നെയാണ് സംഭവിച്ചത്. ഈ അക്രമരാഷ്ട്രീയത്തിന് ഒരു തിരിച്ചടി വരുമ്പോള്‍ അവര്‍ക്ക് പിടിച്ചുനില്‍ക്കാനാകില്ല. കോണ്‍ഗ്രസ് ബംഗാളില്‍ ദുര്‍ബലപ്പെട്ടുവെങ്കിലും നിലനിന്നു. ദീര്‍ഘകാലം ബംഗാളില്‍ അധികാരത്തിലിരുന്ന സി.പി.ഐ.എം അവിടെ കുറ്റിയറ്റുപോകാന്‍ കാരണം അവിടെ കാലങ്ങളായി ചെയ്തുക്കൂട്ടിയ അക്രമരാഷ്ട്രീയമായിരുന്നു. അതിന് കിട്ടിയ തിരിച്ചടിയാണ് ബംഗാളില്‍ സി.പി.ഐ.എമ്മിനെ ഇല്ലാതാക്കിയത്. അതില്‍ നിന്നും തിരിച്ചുവരാന്‍ അവര്‍ക്കായില്ല. കേരളത്തിലും സി.പി.ഐ.എമ്മിനെ കാത്തിരിക്കുന്നത് സമാനമായ ഭാവി തന്നെയാണ്.

പൊലീസിന്റെ റിപ്പോര്‍ട്ടില്‍ വെഞ്ഞാറമൂട് കൊലപാതകത്തിന്റെ കാരണം രാഷ്ട്രീയ വൈരാഗ്യമെന്ന് തന്നെയാണെന്നാണല്ലോ പറയുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതികളെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്?

പൊലീസിന്റെ ഭാഷ്യം രണ്ടാം വട്ടം തിരുത്തിയതാണല്ലോ. സി.പി.ഐ.എം ഈ സംഭവം ഒരു രാഷ്ട്രീയ അജണ്ടയാക്കിയതിന് ശേഷം പൊലീസിനെക്കൊണ്ട് മാറ്റിപ്പറയിപ്പിച്ചതല്ലേ. അവരുടെ ഏമാന്‍മാര്‍ പറയുന്നതിന് അനുസരിച്ച് അവര്‍ക്ക് മാറ്റിപ്പറഞ്ഞല്ലേ മതിയാകൂ.

അത്രക്കേ അതിനെ കണക്കാക്കാനാകൂ. പൊലീസിന്റെ വശം മാത്രം ഞങ്ങള്‍ വിശ്വാസത്തിലെടുക്കാന്‍ ഉദ്ദേശിക്കുന്നില്ല.രാഷ്ട്രീയ വൈരാഗ്യമല്ലെന്ന് അവര്‍ ആദ്യം പറഞ്ഞിരുന്നു. പിന്നീട് സി.പി.ഐ.എമ്മിന്റെ അജണ്ട വന്നതിന് ശേഷം പൊലീസ് അതിനൊപ്പം നില്‍ക്കുകയാണ്.

പ്രബുദ്ധമെന്ന് അഭിമാനിക്കുന്ന കേരളം എന്നേ നിറുത്തേണ്ടതായിരുന്നതല്ലേ അക്രമരാഷ്ട്രീയവും കൊലപാതകങ്ങളും. കൊലപാതകം നടക്കുമ്പോള്‍ മാത്രം ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയരുകയും പരസ്പരം പഴിചാരുകയുമല്ലാതെ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളൊന്നും തന്നെ ഇതുവരെയും ശക്തമായ നിലപാടുകള്‍ സ്വീകരിക്കുകയോ നടപ്പില്‍ വരുത്തകയോ ചെയ്തിട്ടില്ല. കേരളത്തില്‍ അക്രമരാഷ്ട്രീയത്തിന് അറുതിവരുത്താന്‍ ഇവിടുത്തെ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ ഏതെങ്കിലും നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാകുമോ?

ഞാന്‍ പലതവണ ചിന്തിച്ചിട്ടുള്ള വിഷയമാണിത്. രാഷ്ട്രീയ പാര്‍ട്ടികളോ നേതാക്കളോ വിചാരിച്ചാല്‍ അക്രമരാഷ്ട്രീയത്തിന് പരിഹാരമാവില്ല. ഇതിന് ഒരേ ഒരു പരിഹാരമേയുള്ളു. ജനങ്ങള്‍ വിചാരിക്കണം.

അക്രമരാഷ്ട്രീയത്തില്‍ ഏര്‍പ്പെടുന്നവരെ ജനങ്ങള്‍ ഒറ്റപ്പെടുത്തുന്ന, രാഷ്ട്രീയപരമായി തന്നെ ഇവര്‍ക്ക് തിരിച്ചടി നേരിടേണ്ടി വരുന്ന ഒരു സ്ഥിതിവിശേഷമുണ്ടായാലേ അക്രമരാഷ്ട്രീയം അവസാനിക്കൂ. എന്നാല്‍ മാത്രമേ ഇതിന് പരിഹാരമാകൂ.

വളര്‍ന്നുവരുന്ന തലമുറയെങ്കിലും അക്രമത്തോട് പരിപൂര്‍ണ്ണമായ അസഹിഷ്ണുത പുലര്‍ത്തുന്നവരാകണം. അത്തരമൊരു രാഷ്ട്രീയസംസ്‌ക്കാരത്തിലേക്ക് അവര്‍ മാറണം. പുതിയ തലമുറ അത്രക്ക് പൊളിറ്റിക്കലല്ല. പക്ഷെ അവര്‍ അക്രമത്തെ ഒരിക്കലും അംഗീകരിക്കാത്തവരായാല്‍ മാത്രമേ രാഷ്ട്രീയ പാര്‍ട്ടികള്‍ ആയുധം താഴേവെക്കുകയുള്ളു. കേരളത്തിലെ ജനാധിപത്യവിശ്വാസികള്‍ ഇതിനായി മുന്നോട്ടുവരണം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Congress Leader Mathew Kuzhalnadan against CPIM blaming Congress in Venjaramoodu Murder Case

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.