ഡെഡ്‌ലൈന്‍ നല്‍കാതെ ഹെഡ്‌ലൈന്‍ മാത്രം നല്‍കുന്നതില്‍ മോദി ഒരു മാസ്റ്ററാണ്, ജാതി സെന്‍സസ് പ്രഖ്യാപനത്തില്‍ ജയറാം രമേശ്
national news
ഡെഡ്‌ലൈന്‍ നല്‍കാതെ ഹെഡ്‌ലൈന്‍ മാത്രം നല്‍കുന്നതില്‍ മോദി ഒരു മാസ്റ്ററാണ്, ജാതി സെന്‍സസ് പ്രഖ്യാപനത്തില്‍ ജയറാം രമേശ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd May 2025, 9:36 am

ന്യൂദല്‍ഹി: ജാതി സെന്‍സസ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെക്കുറിച്ച് ജയറാം രമേശ്. 2025-26 വര്‍ഷത്തില്‍ സെന്‍സസിനായി കേന്ദര സര്‍ക്കാര്‍ നടത്തുന്ന നീക്കവും അതിനായി വകയിരുത്തിയ തുകയെക്കുറിച്ചുമാണ് ജയറാം രമേശ് സംസാരിച്ചത്. കോണ്‍ഗ്രസ് ഓഫീസില്‍ നടത്തിയ വിശദീകരണയോഗത്തില്‍ സംസാരിക്കവെയാണ് ജയറാം രമേശ് മോദിയെ വിമര്‍ശിച്ചത്.

സെന്‍സസില്‍ ജാതി ഉള്‍പ്പെടുത്തണമെന്നുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവില്‍ സമയപരിധി നിശ്ചയിച്ചിട്ടില്ലാത്തതിനെ ജയറാം രമേശ് ചൂണ്ടിക്കാട്ടി. സംവരണത്തിന് 50% പരിധി എന്ന തടസ്സം നീക്കണമെന്ന് വാദിച്ച രമേശ്, ഇതില്‍ നിന്ന് മോദി സര്‍ക്കാരിനെ തടയുന്നതെന്താണെന്ന് ചോദിച്ചു. ഭരണഘടനാ ഭേദഗതി വരുത്തണമെന്നും സംവരണത്തിനുള്ള 50 ശതമാനം പരിധി നീക്കം ചെയ്യണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു, അങ്ങനെ ചെയ്യുമ്പോള്‍ മാത്രമേ ജാതി സെന്‍സസ് അര്‍ത്ഥവത്താകൂ എന്നും അദ്ദേഹം പറഞ്ഞു.

2021ല്‍ സെന്‍സസ് നടത്താന്‍ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നെന്നും അതിനായി 8254 കോടി രൂപ വകയിരുത്തിയിരുന്നെന്നും ജയറാം രമേശ് ചൂണ്ടിക്കാട്ടി. കേന്ദ്ര മന്ത്രിസഭയുടെ പത്രക്കുറിപ്പ് ഉദ്ധരിച്ചായിരുന്നു ജയറാം രമേശിന്റെ പരാമര്‍ശം. എന്നാല്‍ ആ പത്രക്കുറിപ്പിലും ജാതി കണക്കെടുപ്പിനെക്കുറിച്ച് കേന്ദ്രം നിര്‍ദേശിച്ചിട്ടില്ലെന്നും ജയറാം രമേശ് പറയുന്നു.

‘ഈ സെന്‍സസ് നടത്തിയിട്ടില്ലെന്നും ആറ് വര്‍ഷം കഴിഞ്ഞെന്നും എല്ലാവര്‍ക്കും അറിയാം. അതിശയകരമെന്നു പറയട്ടെ, ഇന്നലെ സര്‍ക്കാര്‍ പ്രഖ്യാപനം നടത്തി,’ അദ്ദേഹം പറഞ്ഞു. 2025-26 ലെ ബജറ്റില്‍ സെന്‍സസ് കമ്മീഷണറുടെ ഓഫീസിന് 575 കോടി രൂപ മാത്രമാണ് അനുവദിച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘575 കോടി ചെലവില്‍ എന്ത് തരത്തിലുള്ള സെന്‍സസ് നടത്താനാണ് അവര്‍ പദ്ധതിയിടുന്നത്? അപ്പോള്‍ എന്താണ് ഉദ്ദേശം ഒരു തലക്കെട്ട് നല്‍കുക എന്നതാണോ അത്? അവരുടെ ഉദ്ദേശം  എന്താണ്? ഉദ്ദേശത്തെക്കുറിച്ച് നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നുവരുന്നു, ഡെഡ്‌ലൈന്‍ നല്‍കാതെ ഹെഡ്‌ലൈന്‍ മാത്രം നല്‍കുന്നതില്‍ മോദി ഒരു മാസ്റ്ററാണ്’, കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

2021ല്‍ സെന്‍സസ് നടക്കാത്തതിന്റെ കാരണമായി കേന്ദ്രസര്‍ക്കാര്‍ കൊവിഡ് പാന്‍ഡെമിക്കിനെ ചൂണ്ടിക്കാണിക്കുന്നുവെന്നും എന്നാല്‍ ആ സമയത്ത് മറ്റ് പല രാജ്യങ്ങളും അതേ സമയം സെന്‍സസ് നടത്തിയിരുന്നെന്നും ജയറാം രമേശ് പറയുന്നു. 2023ലും 2024ലും കൊവിഡ് ഇല്ലാതിരുന്നിട്ടും സെന്‍സസ് നടത്താത്തതിനെയും അദ്ദേഹം വിമര്‍ശിച്ചു.

കഴിഞ്ഞ വര്‍ഷം ടി.വി. ചാനലുകളോട് സംസാരിക്കവെ ജാതി സെന്‍സസിനെക്കുറിച്ച് സംസാരിക്കുന്നവരെ അര്‍ബന്‍ സക്‌സലുകള്‍ എന്ന് നരേന്ദ്ര മോദി വിശേഷിപ്പിച്ചതിനെയും ജയറാം രമേശ് വിമര്‍ശിച്ചു.

‘അദ്ദേഹം എന്നുമുതലാണ് അര്‍ബന്‍ നക്‌സലായി മാറിയത്? എന്നുമുതലാണ് ആഭ്യന്തര മന്ത്രി അമിത് ഷാ അര്‍ബന്‍ നക്‌സലായി മാറിയത്?’ ജയറാം രമേശ് ചോദിക്കുന്നു.

ജാതി സെന്‍സസിനായി കോണ്‍ഗ്രസ് സര്‍ക്കാരില്‍ ചെലുത്തിയ സമ്മര്‍ദ്ദം ഫലിച്ചുവെന്ന് വ്യക്തമാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടത്. 11 വര്‍ഷത്തെ എതിര്‍പ്പിനു ശേഷം വരാനിരിക്കുന്ന സെന്‍സസില്‍ ജാതി കണക്കെടുപ്പ് ഉള്‍പ്പെടുത്താനുള്ള സര്‍ക്കാരിന്റെ ‘പെട്ടെന്നുള്ള’ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Content Highlight: Congress Leader Jairam Ramesh reacts to Caste Census move of Central Government