കേന്ദ്ര സർക്കാർ അരാവലി മലനിരകളെ സംരക്ഷിക്കുന്നതിന് പകരം വിൽക്കാൻ ശ്രമിക്കുന്നു: കോൺഗ്രസ്
India
കേന്ദ്ര സർക്കാർ അരാവലി മലനിരകളെ സംരക്ഷിക്കുന്നതിന് പകരം വിൽക്കാൻ ശ്രമിക്കുന്നു: കോൺഗ്രസ്
ശ്രീലക്ഷ്മി എ.വി.
Wednesday, 24th December 2025, 7:36 pm

ന്യൂദൽഹി: അരാവലി മലനിരകളുടെ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് നേതാവ് ജയറാം രമേശ്. കേന്ദ്രം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണന്ന് ജയറാം രമേശ് പറഞ്ഞു.

അരാവലി മലനിരകളുടെ കേന്ദ്ര സർക്കാരിന്റെ പുതിയ നിർവചനം സുപ്രീം കോടതി അംഗീകരിച്ചതിന് പിന്നാലെയാണ് ജയറാം രമേശിന്റെ പ്രതികരണം. അരാവലി മലനിരകളെ സംരക്ഷിക്കുന്നതിന് പകരം കേന്ദ്ര സർക്കാർ വിൽക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി

ഗുരുതരമായ പിഴവുകളുള്ള പദ്ധതികളാണ് പരിസ്ഥിതി ലോല പ്രദേശമായ അരാവലി മലനിരകളിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അരാവലികൾ നമ്മുടെ പ്രകൃതി പൈതൃകത്തിന്റെ ഭാഗമാണെന്നും അവയ്ക്ക് വലിയ പാരിസ്ഥിതിക മൂല്യമുണ്ടെന്നും അദ്ദേഹം എക്സിലൂടെ പറഞ്ഞു.

‘എന്തുകൊണ്ടാണ് മോദി സർക്കാർ അവയെ പുനർനിർവചിക്കാൻ ധൈര്യപ്പെടുന്നത്? എന്ത് ലക്ഷ്യത്തിലേക്കാണ് കേന്ദ്ര സർക്കാർ നീങ്ങുന്നത്. ആരുടെ നേട്ടത്തിനു വേണ്ടിയാണ്?,’ ജയറാം രമേശ് പറഞ്ഞു.

സർക്കാർ നടപ്പിലാക്കാൻ ഒരുങ്ങുന്ന പുനർനിർവചനത്തെ ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യ, സുപ്രീം കോടതി സെൻട്രൽ എംപവേർഡ് കമ്മിറ്റി (CEC), സുപ്രീം കോടതി അമിക്കസ് ക്യൂറി എന്നിവയുൾപ്പെടെയുള്ള പ്രധാന നിയമ, ജുഡീഷ്യൽ സ്ഥാപനങ്ങൾ എതിർത്തിരുന്നു. എന്നാൽ കേന്ദ്ര സർക്കാർ അതിനെ അവഗണിച്ചെന്നും അദ്ദേഹം പറഞ്ഞു.

‘ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യ പോലുള്ള പ്രൊഫഷണൽ സംഘടനയുടെ ശുപാർശകൾ മനപൂർവ്വം അവഗണിക്കുകയും മാറ്റിവയ്ക്കുകയുമാണ് കേന്ദ്ര സർക്കാർ ചെയ്തത്,’ ജയറാം രമേശ് പറഞ്ഞു.

അരാവലി മേഖലയിലെ 1.44 ലക്ഷം ചതുരശ്ര കിലോമീറ്ററിൽ 0.19 ശതമാനം, ഏകദേശം 277 ചതുരശ്ര കിലോമീറ്റർ മാത്രമേ ഖനന പ്രവർത്തനങ്ങൾക്ക് അനുവദിക്കൂയെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് പറഞ്ഞിരുന്നു.
ഇതിനെതിരെയും കോൺഗ്രസ് നേതാവ് പ്രതികരിച്ചു.

അരാവലി മേഖലയുടെ നിർവചനത്തിൽ വരുത്തുന്ന മാറ്റങ്ങൾ ഖനനത്തിനും റിയൽ എസ്റ്റേറ്റ് പ്രവർത്തനങ്ങൾക്കും വഴിയൊരുക്കുമെന്നും ദേശീയ തലസ്ഥാന മേഖലയിലും പരിസര പ്രദേശങ്ങളിലും മലിനീകരണ തോത് കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.

‘എന്തിന്റെ അടിസ്ഥാനത്തിലാണ് ഖനന പ്രവർത്തനങ്ങൾക്ക് 0.19 ശതമാനം അരാവലി കുന്നുകൾ നൽകാൻ അനുവദിക്കുക? 0.19 ശതമാനം എന്നാൽ 68,000 ഏക്കർ ഭൂമിയാണ്. ഇത് കണക്കുകളുടെ കളിയാണ്. പരിസ്ഥിതിയെ കണക്കുകളുടെ കളിയാക്കി മാറ്റരുത്,’ ജയറാം രമേശ് പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ നീക്കത്തെ ചോദ്യം ചെയ്ത സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അരാവലി മലനിരകളുടെ പുതിയ നിർവചനം സുപ്രീം കോടതി അംഗീകരിച്ചതിന് പിന്നാലെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

സമുദ്ര നിരപ്പിൽ നിന്ന് നൂറ് മീറ്റർ ഉയരമുള്ള മലനിരകളെ മാത്രമേ അരാവലിയുടെ ഭാഗമായി അംഗീകരിക്കേണ്ടതുള്ളൂയെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഇത് ഖനന മാഫിയ മുതലെടുക്കുമെന്ന് കോൺഗ്രസും പരിസ്ഥിതി പ്രവർത്തകരും ആരോപിച്ചിരുന്നു.

രാജ്യത്തെ പശ്ചിമഭാഗത്തായി നിലകൊള്ളുന്ന 800 കിലോമീറ്ററോളം വരുന്ന ഏറ്റവും പഴക്കമേറിയ മലനിരകളാണ് അരാവലി മലനിരകൾ. രാജസ്ഥാൻ ഹരിയാന ഗുജറാത്ത് എന്നീട് സംസ്ഥാനങ്ങളിലൂടെ വടക്കുകിഴക്ക് മുതൽ തെക്ക് പടിഞ്ഞാറുവരെ നീളുന്നതാണ് ഈ മലനിരകൾ.

Content Highlight: Congress leader Jairam Ramesh against the central government on the issue of Aravalli hills

ശ്രീലക്ഷ്മി എ.വി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.