നാക്കുപിഴ സംഭവിച്ചതില്‍ ഖേദിക്കുന്നു; മനസില്‍ വിചാരിക്കാത്ത വര്‍ഗീയ വിഷം പ്രചരിപ്പിക്കുന്നവരെ ശ്രദ്ധിക്കണം: ജിന്റോ ജോണ്‍
Kerala
നാക്കുപിഴ സംഭവിച്ചതില്‍ ഖേദിക്കുന്നു; മനസില്‍ വിചാരിക്കാത്ത വര്‍ഗീയ വിഷം പ്രചരിപ്പിക്കുന്നവരെ ശ്രദ്ധിക്കണം: ജിന്റോ ജോണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 20th September 2025, 3:43 pm

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശം വിവാദമായതോടെ തിരുത്തലുമായി കോണ്‍ഗ്രസ് വക്താവ് ഡോ. ജിന്റോ ജോണ്‍. തനിക്ക് നാക്കുപിഴ സംഭവിച്ചതാണെന്നും ഉദ്ദേശിച്ച രീതിയിലല്ല കാര്യം പറഞ്ഞതെന്നും ജിന്റോ ജോണ്‍ ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം മാധ്യമ ചര്‍ച്ചയില്‍ അവതാരകയുമായുള്ള തര്‍ക്കത്തിനിടയില്‍ ഉണ്ണികൃഷ്ണന്‍ എന്ന പേരുമായി ബന്ധപ്പെട്ടുള്ള കാര്യത്തില്‍ തനിക്ക് നാക്കുപിഴ സംഭവിച്ചു പോയതില്‍ ഖേദമുണ്ടെന്നാണ് ജിന്റോ പറഞ്ഞത്. പറ്റിയ തെറ്റില്‍ താന്‍ മനസില്‍ പോലും കരുതാത്ത വര്‍ഗീയ വിഷം പ്രചരിപ്പിക്കുന്നവരെ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സി.പി.ഐ.എം നേതാവ് കെ.ജെ. ഷൈനിനെതിരായ അപവാദ പ്രചാരണത്തിലെ പ്രതികരണത്തിനിടെ ജിന്റോ ജോണ്‍ നടത്തിയ പരാമര്‍ശമായിരുന്നു വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചത്.

‘കേരളത്തില്‍ അസന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ പൊതുവായി പറയുന്ന പേര് ഉണ്ണികൃഷ്ണന്‍’ എന്നാണെന്ന് ജിന്റോ കഴിഞ്ഞദിവസം ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞിരുന്നു. പിന്നാലെ ജിന്റോ ഭഗവാന്‍ ശ്രീകൃഷ്ണനെ അപമാനിച്ചുവെന്നും മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍ ബി. ഗോപാലകൃഷ്ണന്‍ രംഗത്തെത്തുകയുണ്ടായി.

ജിന്റോ ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

ഇന്നലത്തെ ഒരു മാധ്യമ ചര്‍ച്ചയില്‍ അവതാരകയുമായുള്ള തര്‍ക്കത്തിനിടയില്‍ ഉണ്ണികൃഷ്ണന്‍ എന്ന പേരുമായി ബന്ധപ്പെട്ടുള്ള കാര്യത്തില്‍ എനിക്കൊരു നാക്കുപിഴ സംഭവിച്ചു പോയതില്‍ ഖേദമുണ്ട്. ഞാന്‍ പറയാന്‍ ഉദ്ദേശിച്ച രീതിയിലല്ല അതെനിക്ക് അവതരിപ്പിക്കാന്‍ സാധിച്ചത്. പറഞ്ഞു വന്നപ്പോള്‍ പറയാന്‍ ഉദ്ദേശിച്ചതില്‍ നിന്നും മാറ്റമുണ്ടായി.

അതുകൊണ്ട് തന്നെ ആ വാക്ക് പ്രയോഗത്തില്‍ ചിലര്‍ക്ക് വിഷമമുണ്ടായതായി അറിയുന്നു. എന്റെ മാത്രം വാക്കുപിഴയില്‍ പാര്‍ട്ടിയല്ല ഞാനാണ് തിരുത്തേണ്ടത്. എന്റെ പ്രവര്‍ത്തിയുടെയോ വാക്കുകളുടെയോ പേരില്‍ യാതൊരു വിധത്തിലും പാര്‍ട്ടി തെറ്റിദ്ധരിക്കപ്പെടാനും പാടില്ല. ആയതിനാല്‍ മനപൂര്‍വമല്ലാത്ത ആ വാക്കുകളില്‍ വിഷമം തോന്നിയവര്‍ എന്നോട് ക്ഷമിക്കണം.

ഞാന്‍ ഒരു ദൈവനിഷേധിയോ മതനിഷേധിയോ അല്ലെന്ന് എന്റെ ജീവിത വ്യവഹാരങ്ങളിലൂടെ ബോധ്യപ്പെടാത്തവരെ തൃപ്തിപ്പെടുത്താന്‍ എനിക്കാവില്ല. എന്നാലും എനിക്കും തെറ്റായിപ്പോയെന്ന് ബോധ്യപ്പെട്ട ഒരു വാക്കിന്റെ മറപറ്റി ഞാന്‍ ഒരിക്കലും മനസില്‍ വിചാരിക്കാത്ത വര്‍ഗീയ വിഷം പ്രചരിപ്പിക്കുന്നവരെ ശ്രദ്ധിക്കേണ്ടതുണ്ട്. അവരുടെ ലക്ഷ്യം വര്‍ഗീയതയാണ് ഞാനല്ലല്ലോ. അവര്‍ക്ക് ഒരവസരം കൊടുത്തുകൂടാ എന്ന് കരുതിയാണ് ഈ വാക്കുകള്‍ കുറിക്കുന്നത്. ഇതിലെ സത്യസന്ധത ബോധ്യപ്പെടുമെന്ന് കരുതുന്നു.

അപ്പോഴും ഞാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന കാര്യങ്ങളില്‍ മാറ്റമില്ലാതെ ഉറച്ചു നില്‍ക്കുക കൂടിയാണ്. സി.പി.എം നിര്‍മിച്ചു നല്‍കുന്ന വാദങ്ങള്‍ പ്രചരണത്തിന് ഉപയോഗിക്കുന്ന ബി.ജെ.പിയുടെ ആശങ്ക ഇക്കാര്യത്തില്‍ മുഖവിലക്ക് എടുക്കുന്നുമില്ല. പറയാനുള്ളത് പറഞ്ഞു കൊണ്ടേയിരിക്കും. തെറ്റുപറ്റിയെന്ന് ബോധ്യപ്പെട്ടാല്‍ തിരുത്താനും മടിയില്ല. സി.പി.എമ്മിനും ബി.ജെ.പിക്കും എന്നോട് സ്വഭാവികമായി ഉണ്ടാകുന്ന പ്രയാസം മനസ്സിലാക്കുന്നു. എന്നാലും മനുഷ്യര്‍ക്ക് ഉണ്ടായേക്കാവുന്ന സംശയങ്ങളെ ദൂരീകരിക്കാന്‍ മാത്രമാണ് ഈ കുറിപ്പ്.

Content Highlight: Congress Leader Dr. Jinto John corrects remarks made during a channel discussion after controversy