പ്രിയങ്കയുടെ വിശ്വസ്തന്‍ ശ്രീനിവാസന്‍ കൃഷണയെ രാജ്യസഭയിലേക്ക് നിര്‍ദേശിച്ച് ഹൈക്കമാന്റ്
Kerala News
പ്രിയങ്കയുടെ വിശ്വസ്തന്‍ ശ്രീനിവാസന്‍ കൃഷണയെ രാജ്യസഭയിലേക്ക് നിര്‍ദേശിച്ച് ഹൈക്കമാന്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 16th March 2022, 6:09 pm

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് യു.ഡി.എഫിന് വിജയ സാധ്യതയുള്ള ഏക രാജ്യസഭാ സീറ്റില്‍ പ്രിയങ്കാ ഗാന്ധിയുടെ വിശ്വസ്തന്റെ പേര് നിര്‍ദേശിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്റ്.

തൃശൂര്‍ സ്വദേശിയും ബിസ്‌നസുകാരനുമായ ശ്രീനിവാസന്‍ കൃഷ്ണ(57)യുടെ പേരാണ് ഹൈക്കമാന്റ് നിര്‍ദേശിച്ചത്. എ.ഐ.സി.സി സെക്രട്ടറിയാണ് ശ്രീനിവാസന്‍ കൃഷ്ണ.

എം. ലിജുവിനെ കോണ്‍ഗ്രസ് പരിഗണിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍പ്പ് പിന്നാലെയാണ് ഹൈക്കമാന്റിന്റെ നാടകീയ നീക്കം. ദല്‍ഹിയിലുള്ള കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ രാഹുല്‍ ഗാന്ധിയുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടന്നെന്നാണ് റിപ്പോര്‍ട്ട്. കൂടിക്കാഴ്ചയില്‍ ലിജുവും പങ്കെടുത്തിട്ടുണ്ട്.

എന്നാല്‍ രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചക്ക് രാജ്യസഭാ സീറ്റുമായി ബന്ധമില്ലെന്ന് ലിജു പ്രതികരിച്ചു. ഇതുസംബന്ധിച്ച തീരുമാനം കോണ്‍ഗ്രസ് ഹൈക്കമാന്റാണ് എടുക്കേണ്ടതെന്നും ലിജു പറഞ്ഞു.

പുതുമുഖങ്ങളായ യുവാക്കള്‍ക്ക് സി.പി.ഐ.എമ്മും സി.പി.ഐയും അവസരം നല്‍കിയത് കോണ്‍ഗ്രസിനെ ഇരുത്തി ചിന്തിപ്പിക്കുന്നുണ്ട്.

ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റും സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗവുമായ എ.എ. റഹീമിനെ തങ്ങള്‍ക്ക് ലഭിച്ച സീറ്റില്‍ മത്സരിപ്പിക്കാനാണ് സി.പി.ഐ.എം തീരുമാനിച്ചത്.

പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും എ.ഐ.വൈ.എഫ് നേതാവുമായ പി. സന്തോഷ് കുമാറിനെയാണ് സി.പി.ഐ.എം സ്ഥാനാര്‍ഥിയാക്കിയത്.