'ജ്യോതിരാദിത്യ സിന്ധ്യ പോയതോടെ കോണ്‍ഗ്രസ് നവീകരിക്കപ്പെട്ടു'; ദിഗ് വിജയ സിംഗ്
national news
'ജ്യോതിരാദിത്യ സിന്ധ്യ പോയതോടെ കോണ്‍ഗ്രസ് നവീകരിക്കപ്പെട്ടു'; ദിഗ് വിജയ സിംഗ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 24th August 2020, 7:33 am

ഗ്വാളിയോര്‍: ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടതോടെ പാര്‍ട്ടി നവീകരിക്കപ്പെട്ടുവെന്ന് മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ദിഗ് വിജയ സിംഗ്.

‘ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടാല്‍ ഗ്വാളിയോറിലെയും ചമ്പല്‍ ജില്ലയിലെയും പാര്‍ട്ടിയുടെ സ്വാധീനം നഷ്ടപ്പെടുമെന്ന് പലരും പറഞ്ഞിരുന്നു. എന്നാല്‍ അങ്ങനൊന്നും ഉണ്ടായിട്ടില്ല. സിന്ധ്യ പോയതോടെ കോണ്‍ഗ്രസില്‍ സംഭവിച്ചത് ഒരു പുനര്‍ നവീകരണമാണ്’-ദിഗ് വിജയ സിംഗ് എ.എന്‍.ഐയോട് പറഞ്ഞു.

‘കോണ്‍ഗ്രസ് പാര്‍ട്ടി എല്ലാം നല്‍കി വളര്‍ത്തിക്കൊണ്ടുവന്ന നേതാവാണ് സിന്ധ്യ. പ്രിയങ്ക ഗാന്ധിയുമായും, രാഹുലുമായും നല്ല ബന്ധം പുലര്‍ത്തിയയാള്‍. നീണ്ട പതിനെട്ട് വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് അദ്ദേഹം ബി.ജെ.പി യില്‍ ചേരുമെന്ന് ഞാനൊട്ടും പ്രതീക്ഷിച്ചിരുന്നില്ല’- അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ജ്യോതിരാദിത്യ സിന്ധ്യയുടെ ഗ്വാളിയാര്‍ സന്ദര്‍ശനത്തില്‍ വന്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ബി.ജെ.പി മെമ്പര്‍ഷിപ്പ് പ്രചരണത്തിന്റെ ഭാഗമായുള്ള റോഡ് ഷോയ്ക്കിടെയായിരുന്നു നൂറിലേറെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മൂന്ന് നഗരങ്ങളില്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

സിന്ധ്യ പാര്‍ട്ടി വിട്ടെങ്കിലും പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിനൊപ്പമെന്ന് തെളിയിക്കുന്നതാണ് സംഭവസ്ഥലത്തെ ദൃശ്യങ്ങളെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തിരുന്നു. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പ്രചരണമാണ് ബി.ജെ.പി പദ്ധതിയിട്ടിരിക്കുന്നത്.

അതേസമയം കൊവിഡ് കാലത്ത് സാമൂഹിക അകലം പാലിക്കാതേയും മാസ്‌കിടാതേയും ആളുകള്‍ കൂട്ടം കൂടിയതും വിമര്‍ശനം വരുത്തിവെക്കുന്നുണ്ട്. മുന്‍ മന്ത്രി ലഖന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് നേതാക്കളേയും പ്രവര്‍ത്തകരേയും പൊലീസ് തടവിലാക്കിയിരുന്നു.

ഇക്കഴിഞ്ഞ മാര്‍ച്ച് 11 നാണ് മുന്‍ കേന്ദ്രമന്ത്രി കൂടിയായ ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയില്‍ ചേരുന്നത്. പതിനെട്ട് വര്‍ഷം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച ശേഷമായിരുന്നു ഈ പിന്മാറ്റം.

സിന്ധ്യ പാര്‍ട്ടി വിട്ടതോടെ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന് മധ്യപ്രദേശില്‍ ഭരണം നഷ്ടമായിരുന്നു.കോണ്‍ഗ്രസില്‍ വിശ്വാസമില്ലെന്ന് പറഞ്ഞാണ് സിന്ധ്യ പാര്‍ട്ടി വിട്ടത്.

‘മുമ്പുണ്ടായിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയല്ല ഇപ്പോഴുള്ളത്. പൊതുജനസേവനം നടത്താന്‍ ഇനി ആ പാര്‍ട്ടിക്ക് സാധിക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ട്.’

അത് ഇനിയൊരിക്കലും സാധിക്കില്ലെന്നാണ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ സൂചിപ്പിക്കുന്നതെന്നും സിന്ധ്യ കുറ്റപ്പെടുത്തിയിരുന്നു. അഞ്ച് എം.എല്‍.എ.മാരുടെ ഭൂരിപക്ഷത്തിലാണ് മധ്യപ്രദേശില്‍ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലനിന്നിരുന്നത്.

മുന്‍ കേന്ദ്രമന്ത്രിയും നാലുതവണ എം.പി.യുമായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ. രാഹുല്‍ ഒഴിഞ്ഞശേഷം പാര്‍ട്ടി ദേശീയ അധ്യക്ഷപദവിയിലേക്കുവരെ പറഞ്ഞുകേട്ട പേരായിരുന്നു സിന്ധ്യയുടേത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


CONTENT HIGHLIGHTS: digvijay singh says about sindhya