ധീരജിന്റെ അനുഭവം ഉണ്ടാകുമെന്ന പ്രസ്താവന കൊലപാതകത്തിലെ കോണ്‍ഗ്രസ് ഗൂഢാലോചന വെളിവാക്കി; ഇടുക്കി ഡി.സി.സി പ്രസിഡന്റിനെ അറസ്റ്റ് ചെയ്യണമെന്ന് എസ്.എഫ്.ഐ
Kerala News
ധീരജിന്റെ അനുഭവം ഉണ്ടാകുമെന്ന പ്രസ്താവന കൊലപാതകത്തിലെ കോണ്‍ഗ്രസ് ഗൂഢാലോചന വെളിവാക്കി; ഇടുക്കി ഡി.സി.സി പ്രസിഡന്റിനെ അറസ്റ്റ് ചെയ്യണമെന്ന് എസ്.എഫ്.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 27th June 2022, 5:21 pm

തിരുവനന്തപുരം: ധീരജ് കൊലപാതകത്തിലെ കോണ്‍ഗ്രസ് ഗൂഢാലോചന വെളിവാക്കിയ ഇടുക്കി ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യുവിന്റെ കൊലവിളി പ്രസംഗത്തിനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ചെയ്ത് അറസ്റ്റ് ചെയ്യണമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയേറ്റ്.

ഇടുക്കി മുരിക്കാശേരിയില്‍വെച്ച് സംഘടിപ്പിച്ച പരിപാടിയില്‍ ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു നടത്തിയ കൊലവിളി പ്രസംഗത്തിലൂടെ കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ മുഖം പുറത്തായി. ധീരജ് പഠിച്ചിരുന്ന ഇടുക്കി എഞ്ചിനീയറിങ് കോളേജ് സ്ഥിതി ചെയ്യുന്ന ഡി.സി.സി പ്രസിഡന്റ് തന്നെ ‘എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് ധീരജിന്റെ അനുഭവം ഉണ്ടാകും’ എന്ന് പറഞ്ഞതിലൂടെ ധീരജിന്റെ കൊലപാതകത്തിന്റെ ഭാഗമായി നടന്ന ഉന്നതതല ഗൂഢാലോചന പുറത്തുവരികയാണ്. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ ധീരജിന്റെ രക്തസാക്ഷിത്വത്തെ ‘ഇരന്നു വാങ്ങിയത്’ എന്ന് പറഞ്ഞതിനെയും ഇതിന്റെ കൂടെ കൂട്ടിവായിക്കണമെന്നും എസ്.എഫ്.ഐ പ്രസ്താവനയിലൂടെ പറഞ്ഞു.

വയനാട്ടിലെ സമരവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐയെ ആകെ അക്രമികളായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്ന കെ.എസ്.യുക്കാരും കോണ്‍ഗ്രസുകാരുമാണ് യഥാര്‍ത്ഥ അക്രമകാരികള്‍ എന്ന് ഇതിലൂടെ പൊതുസമൂഹത്തിന് ബോധ്യപ്പെട്ടു. ധീരജ് വധവുമായി ബന്ധപ്പെട്ട് പ്രതികളായ ഒരു പ്രവര്‍ത്തകന് എതിരെ പോലും നടപടിയെടുക്കാതെ കൊലപാതകികളെ സംരക്ഷിക്കുന്ന സമീപനം സ്വീകരിച്ച കോണ്‍ഗ്രസിന്റെയും കെ.എസ്.യുവിന്റെയും മനുഷ്യത്വവിരുദ്ധ നയത്തെക്കുറിച്ച് കേരളം നേരത്തെതന്നെ ചര്‍ച്ച ചെയ്തതാണ്. കൊലവിളി നടത്തിയും ഭീഷണിപ്പെടുത്തിയും എസ്.എഫ്.ഐയെ ഇല്ലാതാക്കാമെന്ന് കിനാവ് കാണുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്.

വലതുപക്ഷത്തിന്റെ നാനാവിധ ആക്രമണങ്ങളെ ചെറുത്തു തോല്‍പ്പിച്ച് എസ്.എഫ്.ഐയുടെ ശുഭ്രപതാക കേരളത്തിലെ ക്യാമ്പസുകളില്‍ കൂടുതല്‍ ഉയരത്തില്‍ പാറും. കേരളത്തിലാകമാനം എസ്.എഫ്.ഐ ഓഫീസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ ആക്രമണം അഴിച്ചുവിട്ട് കലാപം സൃഷ്ടിക്കാന്‍ കോണ്‍ഗ്രസും കെ.എസ്.യുവും നടത്തുന്ന ശ്രമങ്ങളെ മുഴുവന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരും സമചിത്തതയോടെ നേരിടണമെന്നും കൊലവിളി പ്രസംഗം നടത്തിയ ഇടുക്കി ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യുവിനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്യണമെന്നും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, സെക്രട്ടറി പി.എം. ആര്‍ഷോ എന്നിവര്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

CONTENT HIGHLIGHTS: Congress exposes Dheeraj murder conspiracy,SFI demands arrest of Idukki DCC president