തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കി കോണ്‍ഗ്രസ്. ലൈംഗിക പീഡന കേസില്‍ രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയാണ് കെ.പി.സി.സിയുടെ നടപടി. ഹൈക്കമാൻഡ് നൽകിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് രാഹുലിനെ പുറത്താക്കിയത്.
പാർട്ടിയിലെ പ്രാഥമിക അംഗത്വം റദ്ദാക്കിക്കൊണ്ടാണ് നടപടി. മാങ്കൂട്ടത്തില്‍ എം.എല്‍.എ സ്ഥാനം രാജിവെക്കുന്നതെന്നാണ് നല്ലതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു. രാഹുലുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പാര്‍ട്ടിയെ ചെറിയ രീതിയില്‍ ബാധിച്ചിട്ടുണ്ടെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.
ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്ന ആദ്യഘട്ടത്തില്‍ തന്നെ രാഹുല്‍ മാങ്കൂട്ടത്തിലിനെ കെ.പി.സി.സി സസ്പെന്‍ഡ് ചെയ്തിരുന്നു. എ.ഐ.സി.സിയുടെ നിര്‍ദേശത്തിന് പിന്നാലെയായിരുന്നു നടപടി. തുടര്‍ന്ന് ഇന്നലെ (ബുധന്‍) രാഹുലിനെ പുറത്താക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഈ നിര്‍ദേശം കെ.പി.സി.സി നടപ്പാക്കിയിരുന്നില്ല.
മാത്രമല്ല രാഹുലിന്റെ ജാമ്യാപേക്ഷയില്‍ അന്തിമ വിധി പുറപ്പെടുവിക്കുന്നത് കോടതി മാറ്റിവെക്കുകയും ചെയ്തിരുന്നു. ഇന്നലെ ഒന്നേമുക്കാല്‍ മണിക്കൂര്‍ നീണ്ടുനിന്ന വാദം നടന്നിരുന്നുവെങ്കിലും തെളിവുകള്‍ ആഴത്തില്‍ പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി അറിയിച്ചിരുന്നു. വാദങ്ങളുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇതിനിടെ രാഹുലിനെതിരായ നടപടി ഉചിതമായ സമയത്ത് തീരുമാനിച്ച് നടപ്പിലാക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. കോടതി വിധി വന്നതിനുശേഷം നടപടിയെടുക്കാം എന്നായിരുന്നു കെ.പി.സി.സി തീരുമാനിച്ചിരുന്നതെന്നാണ് വിലയിരുത്തല്‍.
രാഹുലിനെതിരായ നടപടി അതിജീവിതയുടെ വിജയമെന്ന് യുവനടിയും മാങ്കൂട്ടത്തിലിനെതിരെ ആദ്യമായി വെളിപ്പെടുത്തല്‍ നടത്തിയ റിനി ആന്‍ ജോര്‍ജ് പറഞ്ഞു.
അന്തസമുള്ള നടപടിയാണ് കോണ്‍ഗ്രസ് സ്വീകരിച്ചതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. നിലവില്‍ രാഹുലിന്റെ ഫോണ്‍ ഓണാതായി വിവരമുണ്ട്. ഇന്ന് രാവിലെ എം.എല്‍.എയുടെ ഒരു സഹായിയെ പൊലീസ് പിടികൂടിയിരുന്നു.