പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ദിഗ്‌വിജയ്‌യുടെ സഹോദരന്‍ ലക്ഷ്മണ്‍ സിങ്ങിനെ പുറത്താക്കി കോണ്‍ഗ്രസ്
national news
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ദിഗ്‌വിജയ്‌യുടെ സഹോദരന്‍ ലക്ഷ്മണ്‍ സിങ്ങിനെ പുറത്താക്കി കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 12th June 2025, 8:59 am

ഭോപ്പാല്‍: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തെ തുടര്‍ന്ന് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദിഗ്‌വിജയ് സിങ്ങിന്റെ സഹോദരന്‍ ലക്ഷ്മണ്‍ സിങ്ങിനെ പുറത്താക്കി കോണ്‍ഗ്രസ്. പാര്‍ട്ടിയുടെ അംഗത്വത്തില്‍ നിന്ന് ലക്ഷ്മണ്‍ സിങ്ങിനെ ആറ് വര്‍ഷത്തേക്കാണ് പുറത്താക്കിയത്. കോണ്‍ഗ്രസ് അച്ചടക്ക സമിതി അംഗം സെക്രട്ടറി താരിഖ് അന്‍വറാണ് ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്.

രാജ്ഗഢ് സീറ്റില്‍ നിന്ന് അഞ്ച് തവണ എം.പിയും ഗുണ ജില്ലയിലെ ചച്ചൗഡ സീറ്റില്‍ നിന്ന് ഒരു തവണ എം.എല്‍.എയുമായ കോണ്‍ഗ്രസ് നേതാവാണ് ലക്ഷ്മണ്‍ സിങ്. ഏപ്രില്‍ 25ന് നടത്തിയ വിവാദ പ്രസ്താവനയാണ് അച്ചടക്ക നടപടിക്ക് കാരണമായത്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, കോണ്‍ഗ്രസ് എം.പിയായ പ്രിയങ്ക ഗാന്ധിയുടെ പങ്കാളി റോബര്‍ട്ട് വാദ്ര എന്നിവര്‍ക്കെതിരെയാണ് ലക്ഷ്മണ്‍ സിങ് പ്രസ്താവന നടത്തിയത്.

‘രാഹുല്‍ ഗാന്ധിയുടെ അളിയന്റെ ബാലിശമായ പ്രസ്താവന, എത്രകാലം നമ്മള്‍ ഇത് സഹിക്കും. പ്രതിപക്ഷ നേതാവായ രാഹുല്‍ ജി ഇപ്പോള്‍ ചിന്താപൂര്‍വം സംസാരിക്കേണ്ടതുണ്ട്. രാഹുല്‍ ഗാന്ധിയുടെ മണ്ടത്തരവും ഇത്തരം പ്രസ്താവനകള്‍ക്ക് ഉത്തരവാദികളാണ്,’ എന്നായിരുന്നു ലക്ഷ്മണ്‍ സിങ്ങിന്റെ പരാമര്‍ശം.

‘ജമ്മു കശ്മീരില്‍ ഇപ്പോള്‍ അധികാരത്തിലിരിക്കുന്നവരും മുന്‍ സര്‍ക്കാര്‍ നേതൃത്വവും കുറ്റക്കാരാണ്. ജമ്മുവില്‍ അധികാരത്തിലിരിക്കുന്നവര്‍ സര്‍ക്കാരിന്റെ നടത്തിപ്പിനായി പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഘടകങ്ങളുടെ പിന്തുണ സ്വീകരിച്ചിട്ടുണ്ട്. ഒമര്‍ അബ്ദുള്ള നിലവിലെ മുഖ്യമന്ത്രിയാണെങ്കിലും, അദ്ദേഹത്തിന്റെ പിതാവും മുമ്പ് പലതവണ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായിരുന്നു.

അതുകൊണ്ട് തന്നെ ഒമര്‍ അബ്ദുള്ള തീവ്രവാദികളുമായി കൈകോര്‍ത്തിരിക്കുന്നു. നാഷണല്‍ കോണ്‍ഫറന്‍സ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കണമെന്ന് ഞാന്‍ ഇതിനകം കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കത്തെഴുതിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ജമ്മു കശ്മീര്‍ സര്‍ക്കാര്‍ വീഴട്ടെ, പിരിച്ചുവിടണം,’ ഒമര്‍ അബ്ദുല്ലക്കെതിരായ ലക്ഷ്മണ്‍ സിങ്ങിന്റെ പരാമര്‍ശം.

ഇതാദ്യമായല്ല ലക്ഷ്മണ്‍ സിങ് പരസ്യമായി പാര്‍ട്ടിക്കെതിരെയും നേതാക്കള്‍ക്കെതിരെയും പ്രതികരിക്കുന്നത്. 2023 ഡിസംബറില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തെ ലക്ഷ്മണ്‍ ചോദ്യം ചെയ്തിരുന്നു. മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നത് പോലെ രാഹുല്‍ ഗാന്ധി ഒരു വലിയ നേതാവല്ലെന്നും മറ്റേതൊരു എം.പിയെ പോലെയും ഒരു എം.പി മാത്രമാണെന്നുമായിരുന്നു ലക്ഷ്മണ്‍ സിങ്ങിന്റെ വിമര്‍ശനം.

ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ എന്‍.ഡി.എ സര്‍ക്കാരിന്റെ നീക്കത്തെ പിന്തുണച്ച് അദ്ദേഹം പാര്‍ട്ടി വിരുദ്ധ നിലപാടും സ്വീകരിച്ചിരുന്നു. 2019 ചച്ചൗഡയെ ജില്ലയാക്കി ഉയര്‍ത്തണമെന്ന ആവശ്യത്തെ പിന്തുണച്ച് ദിഗ് വിജയ് സിങ്ങിന്റെ വസതിക്ക് മുന്നില്‍ ലക്ഷ്മണ്‍ സിങ് നടത്തിയ പ്രതിഷേധവും വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

Content Highlight: Congress expels former Madhya Pradesh Chief Minister Digvijay’s brother Laxman Singh