കോണ്‍ഗ്രസ് ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പട്ടികയില്‍ നിന്ന് ശശി തരൂരിനെ ഒഴിവാക്കി
Kerala News
കോണ്‍ഗ്രസ് ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പട്ടികയില്‍ നിന്ന് ശശി തരൂരിനെ ഒഴിവാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st November 2023, 8:51 am

കോഴിക്കോട്: കെ.പി.സി.സിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി കോഴിക്കോട് കടപ്പുറത്ത് ഫ്രീഡം സ്‌ക്വയറില്‍ തന്നെ നടത്തുമെന്ന് എം.പി രാഘവന്‍. റാലി ഫ്രീഡം സ്‌ക്വയറില്‍ നടത്താന്‍ കോഴിക്കോട് കളക്ടറുടെ അനുമതി ലഭിച്ചതായി റാലിയുടെ സ്വാഗത സംഘം ചെയര്‍മാന്‍ കൂടിയായ എം.പി രാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സമീപകാലങ്ങളില്‍ കേരളം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ റാലിയായിരിക്കും ഇതെന്നും കോഴിക്കോട് ജില്ലയിലെ കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് ഇത് തുടക്കം കുറിക്കുമെന്നും എം.പി രാഘവന്‍ കൂട്ടിച്ചേര്‍ത്തു.

നവംബര്‍ 23ന് നടക്കുന്ന ഐക്യദാര്‍ഢ്യ റാലിയില്‍ അരലക്ഷത്തിലേറെ ആളുകള്‍ പങ്കെടുക്കുമെന്നും ഇത് കോണ്‍ഗ്രസിന്റെ വിജയമാണെന്നും ഡി.സി.സി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ പറഞ്ഞു.

23ന് വൈകീട്ട് നാലുമണിക്ക് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി റാലിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ അധ്യക്ഷത വഹിക്കും. മുഖ്യപ്രഭാഷണം നടത്തുന്നത് മുസ്ലിം ലീഗ് സംസഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ ആയിരിക്കും.

കൂടാതെ മുഖ്യാതിഥികളായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല, സാമൂഹിക-സാംസ്‌കാരിക-മത രംഗത്തെ പ്രമുഖരും റാലിയില്‍ പങ്കുചേരും.

അതേസമയം കെ.പി.സി.സി പുറത്തുവിട്ട റാലിയില്‍ പങ്കെടുക്കുന്ന നേതാക്കളുടെ ലിസ്റ്റില്‍ എം.പി ശശി തരൂരിന്റെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല. അന്തിമമായ ലിസ്റ്റ് വരുന്ന ദിവസങ്ങളില്‍ പുറത്തുവിടുമെന്നും വ്യക്തിപരമായ അസൗകര്യങ്ങള്‍ ഉള്ളതിനാലാണ് തരൂര്‍ റാലിയില്‍ പങ്കെടുക്കാത്തതെന്ന് എം.പി രാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു.

നവകേരള സദസിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിന്റെ ഐക്യദാര്‍ഢ്യ റാലിക്ക് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും 25ന് നവകേരള സദസില്‍ പങ്കെടുക്കുമെന്നതിനാല്‍ മുന്‍കൂറായി സുരക്ഷാ സന്നാഹം ഒരുക്കേണ്ടതിനാലാണ് കോണ്‍ഗ്രസ് റാലിക്ക് അനുമതി നിഷേധിക്കുന്നത് എന്നാണ് ജില്ലാ കളക്ടറേറ്റ് അറിയിച്ചിരുന്നത്.

അതേസമയം റാലിയുമായി മുന്നോട്ട് പോകുമെന്നാണ് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയും കെ.പി.സി.സിയും മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.

Content Highlight: Congress drops Shashi Tharoor from Palestine solidarity rally list