ബാബരി മസ്ജിദ് തകര്‍ക്കാന്‍ എല്ലാ ഒത്താശയും ചെയ്തത് കോണ്‍ഗ്രസ്: മുഖ്യമന്ത്രി
Kerala
ബാബരി മസ്ജിദ് തകര്‍ക്കാന്‍ എല്ലാ ഒത്താശയും ചെയ്തത് കോണ്‍ഗ്രസ്: മുഖ്യമന്ത്രി
രാഗേന്ദു. പി.ആര്‍
Monday, 19th January 2026, 11:54 pm

കൊല്ലം: ബാബരി മസ്ജിദ് തകര്‍ക്കാന്‍ എല്ലാ ഒത്താശയും ചെയ്തത് കോണ്‍ഗ്രസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നരസിംഹ റാവു മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സി.പി.ഐ.എം പുനലൂര്‍ ഏരിയ കമ്മിറ്റി ഓഫീസ്-വി.എസ് ഭവന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതനിരപേക്ഷതയുടെ പ്രതീകമായിരുന്നു ബാബരി മസ്ജിദ്. ബാബരിയുടെ തകര്‍ച്ച ഇന്ത്യയുടെ മതനിരപേക്ഷതയ്ക്ക് ഏറ്റ വലിയ തിരിച്ചടിയാണ്. ബാബരി തകര്‍ത്തത് സംഘപരിവാര്‍ ആണെങ്കിലും അതിനുള്ള ഒത്താശ ചെയ്ത് കൊടുത്തതില്‍ നിന്നും കോണ്‍ഗ്രസിന് വിട്ടുനില്‍ക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബാബരി മസ്ജിദ് തകര്‍ക്കപ്പെടുന്നതിന് മുന്നോടിയായി ഈ രാജ്യം ഒരു ബ്ലാങ്ക് ചെക്കാണ് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവുവിന് നല്‍കിയത്. അന്ന് പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത കക്ഷികളുടെ യോഗം ഏകകണ്ഠമായി ഒരു പ്രമേയം അംഗീകരിച്ചു. അത് ബാബരി മസ്ജിദ് തകര്‍ക്കുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും തങ്ങളുടെ പിന്തുണ ഉണ്ടെന്നായിരുന്നു.

രാജ്യം ഒറ്റക്കെട്ടായി പ്രധാനമന്ത്രിക്ക് എഴുതിയ നല്‍കിയ ഉറപ്പായിരുന്നു അത്. എന്നാല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെടുന്ന ദിവസം, ആ വിവരമറിഞ്ഞ രാജ്യത്തെ മതനേതാക്കള്‍ ഉള്‍പ്പെടെ പ്രധാനമന്ത്രിയെ വിളിക്കുന്നു. ആര്‍ക്കും അദ്ദേഹത്തെ കിട്ടുന്നില്ല. ബാബരി മസ്ജിദ് പൂര്‍ണമായും തകര്‍ക്കപ്പെടുന്നത് വരെ അദ്ദേഹത്തെ ലഭ്യമായിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നെഹ്റുവിന്റെ രക്തം എന്നേ കോണ്‍ഗ്രസുകാര്‍ ഉപേക്ഷിച്ചുവെന്നതിന്റെ തെളിവാണ് ബാബരിയുടെ തകര്‍ച്ചയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് ഒരു കാലത്തും മതനിരപേക്ഷതയ്ക്ക് വേണ്ടി ശക്തമായി നിലകൊണ്ടിട്ടില്ല. വര്‍ഗീയതയുമായി സന്ധിചേരാനാണ് ശ്രമിച്ചിരുന്നത്. ആദ്യഘട്ടം മുതല്‍ക്കേ കോണ്‍ഗ്രസിനുള്ളില്‍ വര്‍ഗീയതയോട് മൃദുസമീപനം കാണിക്കുന്ന നേതാക്കള്‍ ഉണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ കാലത്തും വര്‍ഗീയതുമായി സമരസപ്പെട്ട് പോകാനുള്ള താത്പര്യമാണ് കോണ്‍ഗ്രസിന് ഉണ്ടായിരുന്നത്. അത് പരിധി വിട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പണ്ടത്തെ കോണ്‍ഗ്രസ് നേതാക്കളെല്ലാം ഇപ്പോള്‍ ബി.ജെ.പിയുടെ ഭാഗമായി മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതില്‍ മുന്‍കാല എ.ഐ.സി.സി അംഗങ്ങളും മുഖ്യമന്ത്രിമാരും സംസ്ഥാന അധ്യക്ഷന്മാരും കേന്ദ്ര മന്ത്രിമാരും ഉള്‍പ്പെടുന്നു. കോണ്‍ഗ്രസിന്റെ അകത്ത് നിന്ന് ബി.ജെ.പിയിലേക്ക് വലിയ ഒഴുക്കാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു കാലത്തും വര്‍ഗീയതയെ ശരിയായി എതിര്‍ക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. എന്നാല്‍ ഇടതുപക്ഷം എല്ലാ കാലത്തും വര്‍ഗീയതയോട് വിട്ടുവീഴ്ചയില്ലാതെ സമീപനമാണ് വെച്ചുപുലര്‍ത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Content Highlight: Congress did everything possible to demolish Babri Masjid: Chief Minister

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.