ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
national news
വിശാലസഖ്യം രൂപീകരിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം; ബി.ജെ.പിയെ താഴെയിറക്കുകയാണ് പ്രധാനലക്ഷ്യമെന്ന് രാഹുല്‍ഗാന്ധി
ന്യൂസ് ഡെസ്‌ക്
Sunday 22nd July 2018 4:14pm

പൊതുതെരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്ത് വിശാലസഖ്യം രൂപീകരിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗം. കോണ്‍ഗ്രസ് സഖ്യത്തിന് നേതൃത്വം നല്‍കും. 12 സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്ക് ഒറ്റയ്ക്ക് മേധാവിത്വമുണ്ടാക്കാന്‍ കഴിയും. മറ്റിടങ്ങളില്‍ സഖ്യം രൂപീകരിക്കുമെന്നും പ്രവര്‍ത്തകസമിതി യോഗം വിലയിരുത്തി.

ബി.ജെ.പിയെ താഴെയിറക്കുകയാണ് പ്രധാനലക്ഷ്യമെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. ഇതിന് സഖ്യത്തില്‍ വിട്ടുവീഴ്ച ചെയ്യുമെന്നും രാഹുല്‍ പറഞ്ഞു. ഇന്ത്യയുടെ ശബ്ദമാവുകയാണ് കോണ്‍ഗ്രസിന്റെ ദൗത്യം പുതുതായി രൂപീകരിച്ച പ്രവര്‍ത്തക സമിതി പരിചയ സമ്പത്തിന്റെയും ഊര്‍ജത്തിന്റെയും കേന്ദ്രമാണ്. പഴയതിനെയും പുതിയതിനെയും കൂട്ടിയിണക്കാന്‍ സാധിക്കുന്നതാണ് പ്രവര്‍ത്തകസമിതിയെന്നും രാഹുല്‍ പറഞ്ഞു.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പുനസംഘടിപ്പിച്ച ശേഷമുള്ള ആദ്യയോഗത്തിലാണ് നിര്‍ണ്ണായക തീരുമാനം. പ്രവര്‍ത്തകസമിതിയില്‍ 23 സ്ഥിരം അംഗങ്ങളാണ് ഉള്ളത്. 19 സ്ഥിരം ക്ഷണിതാക്കളും ഒമ്പത് പ്രത്യേക ക്ഷണിതാക്കളും പ്രവര്‍ത്തക സമിതിയിലുണ്ട്.

ബൂത്തുതലം മുതല്‍ പ്രവര്‍ത്തനം സജീവമാകണമെന്നതടക്കമുള്ള നിര്‍ദേശങ്ങളാണ് യോഗത്തില്‍ മുന്നോട്ടുവരുന്നത്.

Advertisement