ന്യൂദല്‍ഹി: ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ പ്രശംസിച്ച് രംഗത്തെത്തിയ ശശി തരൂര്‍ എം.പിക്കെതിരെ കോണ്‍ഗ്രസ്.
എപ്പോഴും എന്നത്തേയും പോലെ ഡോ. ശശി തരൂര്‍ അദ്ദേഹത്തിന്റെ സ്വന്തം കാര്യങ്ങള്‍ സംസാരിക്കുന്നു എന്നാണ് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര പ്രതികരിച്ചത്. എല്‍.കെ അദ്വാനിയുടെ പേരെടുത്ത് പറയാതെയായിരുന്നു സോഷ്യല്‍മീഡിയയിലൂടെയുള്ള പ്രതികരണം.
എല്ലായ്‌പ്പോഴുമെന്ന പോലെ ഡോ. ശശി തരൂര്‍ സ്വന്തം കാര്യം സംസാരിക്കുന്നു. കോണ്‍ഗ്രസ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പ്രസ്താവനയില്‍ നിന്നും പൂര്‍ണമായും വിട്ടുനില്‍ക്കുന്നു. ഒരു കോണ്‍ഗ്രസിന്റെ എം.പിയായ അദ്ദേഹം അഭിപ്രായം പറയുന്നത് തുടരുന്നു.
കോണ്‍ഗ്രസിന്റെ ജനാധിപത്യപരവും ലിബറല്‍ മനോഭാവവവുമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്’, പവന്‍ ഖേര എക്‌സില്‍ കുറിച്ചു.
Like always, Dr. Shashi Tharoor speaks for himself and the Indian National Congress outrightly dissociates itself from his most recent statement.
That he continues to do so as a Congress MP and CWC member reflects the essential democratic and liberal spirit unique to INC.
ശനിയാഴ്ച അദ്വാനിക്ക് 98ാം ജന്മദിനാശംസകള്‍ നേര്‍ന്നാണ് ശശി തരൂര്‍ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയത്. പിന്നീട് വിമര്‍ശനം ഉയര്‍ന്നതോടെ സംഭവത്തില്‍ വിശദീകരണവുമായി ഞായറാഴ്ച വീണ്ടും ശശി തരൂര്‍ രംഗത്തെത്തി.
മുതിര്‍ന്ന ബി.ജെ.പി നേതാവായ അദ്വാനിയുടെ ദീര്‍ഘകാലത്തെ സേവനത്തെ ഒരു എപിസോഡിലേക്ക് ചുരുക്കുന്നത് അന്യായമാണെന്നായിരുന്നു തരൂരിന്റെ വാക്കുകള്‍.
ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ കാലത്തെ ചൈനയുടെ തിരിച്ചടിയുടെ പേരിലും ഇന്ദിര ഗാന്ധിയെ അടിയന്തരാവസ്ഥയുടെ പേരിലും മാത്രം വിലയിരുത്താനാകാത്ത സാഹചര്യത്തില്‍ അദ്വാനിയോടും അതേ മര്യാദ കാണിക്കണമെന്നാണ് തരൂര്‍ പറഞ്ഞത്.
പൊതുസേവനത്തോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത, എളിമ, മാന്യത, ആധുനിക ഇന്ത്യയുടെ പാത രൂപപ്പെടുത്തുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് മറക്കാനാകാത്തതാണ്.
മാതൃകാപരമായ സേവനജീവിതം നയിച്ച ഒരു യഥാര്‍ത്ഥ രാഷ്ട്രതന്ത്രജ്ഞനാണ് അദ്ദേഹമെന്നാണ് തരൂര്‍ എക്‌സില്‍ കുറിച്ചത്.