ലഖ്‌നൗ: പ്രയാഗ്‌രാജ് മാഘമേളയില്‍ ശങ്കരാചാര്യര്‍ അവിമുക്തേശ്വരാനന്ദിനോട് മോശമായി പെരുമാറിയതിലും അദ്ദേഹത്തിന് പുണ്യസ്‌നാനം നിര്‍വഹിക്കാന്‍ സാധിക്കാതെ പോയതിലും ബി.ജെ.പി നേതൃത്വത്തെ ശക്തമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്.
ബി.ജെ.പിക്ക് കീഴിലുള്ള സര്‍ക്കാര്‍ ശങ്കരാചാര്യരെ പുണ്യസ്‌നാനം ചെയ്യാന്‍ അനുവദിച്ചില്ലെന്നും ഇതിലൂടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരത്തെ തകര്‍ത്തെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
ചരിത്രത്തിലാദ്യമായാണ് ഒരു ശങ്കരാചാര്യരോട് ഭരണാധികാരികള്‍ ഇത്തരത്തില്‍ പെരുമാറുന്നതെന്ന് കോണ്‍ഗ്രസ് വക്താവും പാര്‍ട്ടിയുടെ മീഡിയ ആന്‍ഡ് പബ്ലിസിറ്റി തലവനുമായ പവന്‍ ഖേര കുറ്റപ്പെടുത്തി. ശങ്കരാചാര്യയുടെ അനുയായികളും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടുലിന്റെ വീഡിയോയും വാര്‍ത്താ സമ്മേളനത്തിനിടെ പവന്‍ ഖേര പ്രദര്‍ശിപ്പിച്ചു.
മുഗളന്‍മാരും ബ്രിട്ടീഷുകാരും ഒരിക്കലും ശങ്കരാചാര്യരോട് ചെയ്യാത്ത കാര്യമാണ് ഹിന്ദുക്കളുടെ മിശിഹ എന്ന് അവകാശപ്പെടുന്ന ബി.ജെ.പി ചെയ്തിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിശ്വാസത്തിന്റെ കാര്യത്തില്‍ ബി.ജെ.പിയുടെ ഇരട്ടത്താപ്പ് ഈ സംഭവത്തിലൂടെ തുറന്നുകാട്ടപ്പെട്ടുവെന്ന് വിമര്‍ശിച്ച ഖേര, വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്നും സന്യാസി സമൂഹത്തോട് പരസ്യമായി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു.
‘അവരെ (ബി.ജെ.പി) സംബന്ധിച്ച് വിശ്വാസം എന്നത് ഒരു ബിസിനസ്സാണ്. ഹിന്ദുക്കളുടെ പേരില്‍ വോട്ട് വാങ്ങി ഭരിക്കുന്നവര്‍ ഹിന്ദുമതത്തിലെ ഏറ്റവും പ്രധാനിയായ സന്യാസിവര്യന്‍ ശങ്കരാചര്യരുടെ പുണ്യസ്‌നാനം പ്രയാഗ്‌രാജില്‍ തടഞ്ഞിരിക്കുകയാണ്. അധികാരത്തിലെത്താന്‍ ഹിന്ദുമതത്തെ ഉപയോഗിക്കുകയും ശേഷം അതിനെ ദുരുപയോഗം ചെയ്യുകയുമാണ് അപമാനിക്കുകയുമാണ് അവര്‍ ചെയ്യുന്നത്.
ഇപ്പോള്‍ നമ്മുടെ സന്യാസിമാരോടും ഹിന്ദുമതനേതാക്കളോടും ചെയ്യുന്നത് ഇതാണ്. അലഹബാദിന്റെ പേര് മാറ്റി പ്രയാഗ്‌രാജ് എന്നാക്കും. എന്നാല്‍ അവിടെ എന്താണ് സംഭവിക്കുന്നത്?,’ പവന്‍ ഖേര വിമര്‍ശിച്ചു.
വിശ്വാസങ്ങളെ പിന്നില്‍ നിന്ന് കുത്തുന്ന നടപടിയാണ് ബി.ജെ.പി സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകെ സമര്‍പ്പിച്ചത്, കുംഭമേളയിലെ കെടുകാര്യസ്ഥത, കൊവിഡ് കാലത്ത് ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുകിനടന്നത് തുടങ്ങിയ വിഷയങ്ങളില്‍ വിമര്‍ശനമുന്നയിച്ച ശങ്കരാചാര്യയെ ബി.ജെ.പി ലക്ഷ്യമിടുകയാണെന്നും ഖേര പറഞ്ഞു.
ശങ്കരാചാര്യര്‍ക്കും അനുയായികള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയപ്പോള്‍ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവതിന് ഇസെഡ് പ്ലസ് (Z+) കാറ്റഗറി സുരക്ഷ ഒരുക്കിയതിനെയും ഖേര ചോദ്യം ചെയ്തു. ‘ശങ്കരാചാര്യരേക്കാള്‍ വലിയ മതനേതാവായിട്ടാണോ നിങ്ങള്‍ മോഹന്‍ ഭഗവതിനെ കാണുന്നത്?’ അദ്ദേഹം ചോദിച്ചു.
‘ട്രിപ്പിള്‍ എന്‍ജിന്‍ സര്‍ക്കാര്‍’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംസ്ഥാനത്ത് ഒരു മുതിര്‍ന്ന ഹിന്ദു സന്യാസി അരക്ഷിതാവസ്ഥ പ്രകടിപ്പിച്ചത് അസ്വസ്ഥതയുണ്ടാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Congress criticizes BJP leadership for misbehaving with Shankaracharya at Prayagraj Maghamela.