ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Karnataka Election
‘കോണ്‍ഗ്രസ് കെണിയൊരുക്കി, ബി.ജെ.പി നടന്ന് കയറി’; ഫോണ്‍ കെണി ബി.ജെ.പിയെ തുറന്ന് കാണിക്കാന്‍ ബോധപൂര്‍വ്വം ഒരുക്കിയതെന്ന് കോണ്‍ഗ്രസ്
ന്യൂസ് ഡെസ്‌ക്
Monday 21st May 2018 2:23pm

ബെംഗളൂരു: കര്‍ണാടകയില്‍ ബി.ജെ.പിയുടെ കുതിരക്കച്ചവട ശ്രമങ്ങള്‍ വെളിച്ചത്ത് കൊണ്ട് വന്ന ഫോണ്‍ റെക്കോഡിംഗ്‌സ് തങ്ങള്‍ മനഃപൂര്‍വ്വം ഒരുക്കിയ കെണിയെന്ന് കോണ്‍ഗ്രസ്.

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബി.എസ് യെദ്യൂരപ്പ രാജി പ്രഖ്യാപിക്കുന്നതിന് 24 മണിക്കൂര്‍ മുമ്പ് കോണ്‍ഗ്രസ് പലപ്പോഴായി പുറത്ത് വിട്ട ആറ് ശബ്ദരേഖകള്‍ ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയിരുന്നു. ബി.ജെ.പി നേതാക്കളും ബെല്ലാരിയിലെ ഖനന മാഫിയ തലവനുമായ ജനാര്‍ദ്ധന റെഡ്ഡി ഉള്‍പ്പെടെയുള്ളവര്‍ കോണ്‍ഗ്രസ് എം.എല്‍.എമാരെ പണവും പദവിയും വാഗ്ദാനം ചെയ്തു ചാക്കിട്ട് പിടിക്കാന്‍ ശ്രമിക്കുന്ന ഫോണ്‍കോള്‍ റെക്കോര്‍ഡ് ആണ് കോണ്‍ഗ്രസ് പുറത്ത് വിട്ടത്.

ബി.ജെ.പി അയച്ച ഇടനിലക്കാരന്‍ സമീപിച്ചപ്പോഴാണ് ഫോണ്‍ കെണിയെക്കുറിച്ച് ആലോചിച്ചതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.


Read | കേരളത്തിലെ ജാതിയില്ലായ്മ വെറും നാട്യം; സി. അയ്യപ്പന്‍ തമസ്‌കരിക്കപ്പെട്ടത് അതിനുദാഹരണം; എസ് ഹരീഷ്


‘ബി.ജെ.പിയില്‍ നിന്നുള്ള ഇടനിലക്കാരന്‍ ഞങ്ങളെ സമീപിച്ചിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് അനുയോജ്യമായ എം.എല്‍.എമാരെ കണ്ട് പിടിക്കാനാണ് തന്നെ അയച്ചതെന്ന് അയാള്‍ പറഞ്ഞു. കൂറ് മാറാന്‍ തയ്യാറാവുന്ന എം.എല്‍.എമാരോട് മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ സ്വകാര്യമായി സംസാരിക്കുമെന്നും അയാള്‍ അറിയിച്ചു. ഞങ്ങള്‍ ഇക്കാര്യം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളോട് സംസാരിച്ചു. അങ്ങനെയാണ് ബി.ജെ.പിയെ തെളിവ് സഹിതം തുറന്ന് കാണിക്കാനുള്ള കെണിയൊരുക്കാന്‍ തീരുമാനിച്ചത്.’ – ഓഡിയോ ക്ലിപ്പ് പുറത്ത് വിട്ട ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

കെണിയാണെന്ന് സംശയം തോന്നിക്കാതെ അഭിനയിച്ച് ഫലിപ്പിക്കാനാവുന്ന എം.എല്‍.എമാരെ ഇതിനായി നിയോഗിച്ചതായും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

നിരവധി കന്നഡ സിനിമയില്‍ അഭിനയിച്ച എം.എല്‍.എ ബി.സി പട്ടീലിനെ ഉള്‍പ്പടെ ഇതിനായി നിയോഗിച്ചു. പട്ടീല്‍ ഉള്‍പ്പെടെയുള്ള എം.എല്‍.എമാരെ ബെംഗളൂരുവിന് പുറത്തേക്ക് കൊണ്ട് പോവുമ്പോഴാണ് ഇവര്‍ പട്ടീലിനെ വിളിച്ചതെന്നും പട്ടീല്‍ ഫോണ്‍ റെക്കോര്‍ഡ് ചെയ്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കൈമാറുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

നാല്‍പതോളം എം.എല്‍.എമാര്‍ക്ക് ഫോണ്‍ കോള്‍ ലഭിച്ചതായി കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ പറഞ്ഞു. ‘ഒരു മീറ്റിംഗിനിടെ, ആര്‍ക്കൊക്കെ ഫോണ്‍ വന്നു എന്ന് ചോദിച്ചപ്പോള്‍ 70 ശതമാനം പേരും കൈ ഉയര്‍ത്തി. ഇതോടെ ഫോണ്‍ റെക്കോര്‍ഡ് ചെയ്യാന്‍ ഗുലാം നബി ആസാദ് നിര്‍ദ്ദേശിക്കുകയായിരുന്നു.’ – ശിവകുമാര്‍ പറഞ്ഞു.

Advertisement