ആന്ധ്രയില്‍ ടി.ഡി.പിയുമായി സഖ്യത്തിനില്ല; മുഴുവന്‍ സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ്
D' Election 2019
ആന്ധ്രയില്‍ ടി.ഡി.പിയുമായി സഖ്യത്തിനില്ല; മുഴുവന്‍ സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 24th January 2019, 8:06 am

ഹൈദരാബാദ്: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ആന്ധ്രപ്രദേശില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ്. ആന്ധ്രയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയാണ് ഇക്കാര്യം അറിയിച്ചത്.

നേരത്തെ അയല്‍സംസ്ഥാനമായ തെലങ്കാനയില്‍ ആന്ധ്രപ്രദേശിലെ ഭരണകക്ഷിയായ ടി.ഡി.പിയുമായി സഖ്യം ചേര്‍ന്നായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിച്ചിരുന്നത്. എന്നാല്‍ സഖ്യത്തിന് തെലങ്കാനയില്‍ കാര്യമായ നേട്ടമുണ്ടാക്കാനായില്ല.

“175 നിയമസഭാ സീറ്റിലും 25 ലോക്‌സഭാ സീറ്റിലും ഞങ്ങള്‍ ഒറ്റയ്ക്ക് മത്സരിക്കും. ടി.ഡി.പിയുമായി ഞങ്ങള്‍ക്ക് ദേശീയതലത്തില്‍ മാത്രമാണ് സഖ്യമുള്ളത്.” ഉമ്മന്‍ചാണ്ടി പറഞ്ഞു.

ALSO READ: ലോക്‌സഭയിലേക്ക് മത്സരിക്കാനില്ലെന്ന സൂചന നല്‍കി ഉമ്മന്‍ചാണ്ടി

കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിന് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പിന്തുണയുമുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ മുന്നണിയ്ക്ക് ടി.ഡി.പി അധ്യക്ഷനും ആന്ധ്രാ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു ശ്രമിക്കുന്നതിനിടെയാണ് കോണ്‍ഗ്രസ് തീരുമാനമെന്നതും ശ്രദ്ധേയമാണ്.

വിശാല പ്രതിപക്ഷ ഐക്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിയുടെ പേര് ആദ്യം നിര്‍ദ്ദേശിച്ചതും ചന്ദ്രബാബു നായിഡുവായിരുന്നു.

ALSO READ: ഉത്തര്‍പ്രദേശില്‍ മഹാസഖ്യമുണ്ടായാല്‍ ബി.ജെ.പിയ്ക്ക് വന്‍നാശം; 5 സീറ്റ് മാത്രമേ കിട്ടുകയുള്ളൂവെന്ന് ഇന്ത്യാ ടുഡേ സര്‍വ്വെ

തെലങ്കാനയില്‍ കോണ്‍ഗ്രസ്-ടി.ഡി.പി സഖ്യത്തിന് 21 സീറ്റ് മാത്രമായിരുന്നു നേടാനായത്. കഴിഞ്ഞ തവണ കോണ്‍ഗ്രസിന് ഒറ്റയ്ക്ക് 21 സീറ്റ് കിട്ടിയപ്പോള്‍ ഇത്തവണ 19 സീറ്റിലൊതുങ്ങി. 15 സീറ്റ് നേടിയ ടി.ഡി.പിയ്ക്ക് രണ്ട് സീറ്റിലാണ് ജയിക്കാനായത്.

119 അംഗ നിയമസഭയില്‍ 88 സീറ്റ് നേടിയാണ് ടി.ആര്‍.എസ് അധികാരത്തിലെത്തിയത്.

WATCH THIS VIDEO: