കര്‍ണാടക സര്‍ക്കാരിനെ പുറത്താക്കണം, അമിത് ഷായെ നീക്കണം; ശബ്ദരേഖ പുറത്തുവന്നതിനു പിന്നാലെ രാഷ്ട്രപതിയെ സമീപിച്ച് കോണ്‍ഗ്രസ്
Karnataka crisis
കര്‍ണാടക സര്‍ക്കാരിനെ പുറത്താക്കണം, അമിത് ഷായെ നീക്കണം; ശബ്ദരേഖ പുറത്തുവന്നതിനു പിന്നാലെ രാഷ്ട്രപതിയെ സമീപിച്ച് കോണ്‍ഗ്രസ്
ന്യൂസ് ഡെസ്‌ക്
Saturday, 2nd November 2019, 5:53 pm

ബെംഗളൂരു: കര്‍ണാടകയിലെ യെദ്യൂരപ്പ സര്‍ക്കാരിനെ പുറത്താക്കണമെന്നും കേന്ദ്ര ആഭ്യന്തര നീക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രാഷ്ട്രപതിയെ സമീപിച്ചു. ഗവര്‍ണര്‍ വഴിയാണ് കര്‍ണാടക കോണ്‍ഗ്രസ് രാഷ്ട്രപതി രാംനാഥ് കോവിന്ദിനു നിവേദനം സമര്‍പ്പിച്ചത്.

ജനാധിപത്യ താത്പര്യങ്ങള്‍ക്കു വേണ്ടിയാണ് ഇതെന്നും കോണ്‍ഗ്രസ് പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യസര്‍ക്കാരിനെ താഴെയിറക്കാന്‍ ചുക്കാന്‍ പിടിച്ചത് അമിത് ഷായാണെന്ന് ബി.ജെ.പി നേതാവും കര്‍ണാടക മുഖ്യമന്ത്രിയുമായ ബി.എസ് യെദ്യൂരപ്പ പറയുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു. ഇതിനെത്തുടര്‍ന്നാണ് കോണ്‍ഗ്രസ് നീക്കം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കോണ്‍ഗ്രസില്‍നിന്നും ജെ.ഡി.എസില്‍ നിന്നുമെത്തിയ എം.എല്‍.എമാരോടു മാന്യമായി ഇടപെടണമെന്നാന്ന് യദ്യൂരപ്പ പറയുന്നതാണ് ശബ്ദരേഖയിലുള്ളത്. എച്ച്.ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാരില്‍നിന്ന് 17 എം.എല്‍.എമാര്‍ രാജിവെച്ച് ബി.ജെ.പിയിലെത്തിയതോടെയാണ് കര്‍ണാടകത്തില്‍ ബി.ജെ.പി അധികാരത്തിലെത്തിയത്.

‘മിത് ഷായ്ക്ക് സഖ്യത്തില്‍നിന്നുള്ള എം.എല്‍.എമാരുടെ കൂറുമാറ്റവും തുടര്‍ന്ന് എം.എല്‍.എമാരെ മുംബൈയിലെ ഹോട്ടലിലേക്ക് മാറ്റിയതും അറിയാമായിരുന്നു. നിങ്ങള്‍ക്കറിയാമോ, ആ തീരുമാനമെടുത്തത് യെദ്യൂരപ്പയല്ല.

ദേശീയാധ്യക്ഷന് അതിനെക്കുറിച്ച് അറിയാമായിരുന്നു. അദ്ദേഹമാണ് എല്ലാത്തിനും നേതൃത്വം നല്‍കിയതും എല്ലാ ഏര്‍പ്പാടുകള്‍ നടത്തിയതും ചുക്കാന്‍ പിടിച്ചതും. നിങ്ങള്‍ക്കറിയാമോ?, മുംബൈയിലേക്ക് കൊണ്ടുപോയ ആ 17 പേര്‍ക്കും മൂന്ന് നാല് മാസത്തേക്ക് അവരുടെ മണ്ഡലങ്ങളിലേക്ക് തിരിച്ചുപോകാന്‍ കഴിഞ്ഞിരുന്നില്ല.

എന്തിനേറെ ആ കാലയളവില്‍ അവര്‍ അവരുടെ കുടുംബത്തെപ്പോലും കണ്ടിട്ടില്ല. നിങ്ങള്‍ക്കതെന്തെങ്കിലും അറിയുമോ? ഇല്ലല്ലോ?’- സംഭാഷണത്തില്‍ യെദ്യൂരപ്പ പറയുന്നതിങ്ങനെ.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘പതിവിനു വിപരീതമായി, ഈ ഭരണകാലയളവില്‍ പ്രതിപക്ഷത്തിരിക്കേണ്ട നമ്മളെ അവരാണു സഹായിച്ചത്. ഭരണകക്ഷിയാകാന്‍ അവര്‍ നമ്മളെ സഹായിച്ചു. അവര്‍ അവരുടെ എം.എല്‍.എ സ്ഥാനം രാജിവച്ചു. സുപ്രീംകോടതിവരെ പോയി. ഇതെല്ലാം അറിഞ്ഞുതന്നെ എന്തുതന്നെ സംഭവിച്ചാലും നമ്മള്‍ അവരുടെ കൂടെ നില്‍ക്കണം’.

‘നിങ്ങളിലാരുമിത് പറഞ്ഞിട്ടില്ല. ഞാന്‍ നിങ്ങളില്‍നിന്നും ഇത് പ്രതീക്ഷിച്ചില്ല. സോറി. എനിക്ക് മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹമൊന്നുമില്ല. ഞാന്‍ മൂന്നോ നാലോ തവണ മുഖ്യമന്ത്രിയായിരുന്ന ആളാണ്.

ഞാനിത് കണ്ടിട്ടുണ്ട്. അവര്‍ എന്നില്‍ വിശ്വസിച്ചതുകൊണ്ടാണ് ഞാന്‍ മുഖ്യമന്ത്രിയായത്. മുഖ്യമന്ത്രിയായത് ഒരു തെറ്റായിരുന്നെന്നാണ് എനിക്കിപ്പോള്‍ തോന്നുന്നത്’- പുറത്തുവന്ന ശബ്ദരേഖയില്‍ യെദ്യൂരപ്പ പറഞ്ഞു.