കര്‍ണാടകയില്‍ മോദി നടത്തിയ പ്രസംഗത്തില്‍ വമ്പന്‍ അബദ്ധം; കുറഞ്ഞത് പത്രമെങ്കിലും വായിക്കൂവെന്ന് സോഷ്യല്‍ മീഡിയ
Karnataka Election
കര്‍ണാടകയില്‍ മോദി നടത്തിയ പ്രസംഗത്തില്‍ വമ്പന്‍ അബദ്ധം; കുറഞ്ഞത് പത്രമെങ്കിലും വായിക്കൂവെന്ന് സോഷ്യല്‍ മീഡിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 4th May 2018, 10:17 am

ബംഗളൂരു: കോണ്‍ഗ്രസ് രാജ്യരക്ഷകരായ സൈനികരെ അവമതിക്കുകയാണെന്ന് സമര്‍ത്ഥിക്കാന്‍ വേണ്ടി കര്‍ണാടകയില്‍ മോദി നടത്തിയ പ്രസംഗം തിരിഞ്ഞ് കുത്തുന്നു.വ്യാഴാഴ്ച ബെള്ളാരിയില്‍ നടത്തിയ പ്രസംഗത്തിനിടെയാണ് മോദിക്ക് അബദ്ധം പിണഞ്ഞത്. ചരിത്ര വസ്തുത തെറ്റായി വ്യാഖ്യാനിച്ച് കോണ്‍ഗ്രസിനെ ആക്രമിക്കാന്‍ ശ്രമിച്ച മോദിക്കെതിരെ രൂക്ഷമായ പരിഹാസമാണ് സോഷ്യല്‍ മീഡിയയിലും പുറത്തും ലഭിച്ചുകൊണ്ടിരിക്കുന്നത്.

വ്യാഴാഴ്ച ബെള്ളാരിയില്‍ നടത്തിയ പ്രസംഗത്തിനിടെയാണ് മോദിക്ക് അബദ്ധം പിണഞ്ഞത്. സൈനികരെ മോശക്കാരാക്കുന്ന കോണ്‍ഗ്രസ് കര്‍ണാടകക്കാരായ ഫീല്‍ഡ് മാര്‍ഷല്‍ കരിയപ്പയോടും ജനറല്‍ തിമ്മയ്യയോടും കാണിച്ചതെന്താണെന്നു ചരിത്രത്തിലുണ്ടെന്നു പറഞ്ഞാണ് മോദി തുടങ്ങിയത് “ജനറല്‍ തിമ്മയ്യക്ക്? കീഴില്‍ 1948ല്‍ നമ്മള്‍ ഇന്ത്യ-പാക് യുദ്ധം ജയിച്ചു. എന്നാല്‍,യുദ്ധത്തിന് ശേഷം അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും പ്രതിരോധമന്ത്രി വി.കെ. കൃഷ്ണമേനോനും ജനറല്‍ തിമ്മയ്യയെ തുടര്‍ച്ചയായി അവമതിക്കാനാണ് ശ്രമിച്ചത്. ഇതാണ് ജനറല്‍ തിമ്മയ്യ രാജിവെക്കാന്‍ കാരണം” മോദി പറഞ്ഞു.


Read Also : ബി.ജെ.പി നേതാവ് ഭീഷണിപ്പെടുത്തിയതിനാലാണ് എം.എല്‍.എയ്‌ക്കെതിരെ ബലാത്സംഗക്കേസ് നല്‍കിയത്: വെളിപ്പെടുത്തലുമായി മാധ്യമ വിദ്യാര്‍ഥിനി


എന്നാല്‍, 1948ല്‍ ജനറല്‍ തിമ്മയ്യ ആയിരുന്നില്ല സൈനിക മേധാവി. ഈ വസ്തുത അറിയാതെയാണ് മോദി എഴുതിക്കൊടുത്ത പ്രസംഗം വായിച്ചുകുടുങ്ങിയത്. ഒമ്പതു വര്‍ഷങ്ങള്‍ക്കു ശേഷം 1957ലാണ് ജനറല്‍ തിമ്മയ്യ സൈനിക മേധാവിയായത്. 1948ല്‍ വി.കെ. കൃഷ്ണമേനോന്‍ ഇന്ത്യയുടെ പ്രതിരോധമന്ത്രിയുമായിരുന്നില്ല.1947മുതല്‍ 1952 വരെ യു.കെയിലെ ഇന്ത്യന്‍ അംബാസഡറായിരുന്നു അദ്ദേഹം.1957 മുതല്‍ 1962 വരെയായിരുന്നു അദ്ദേഹം പ്രതിരോധ മന്ത്രിയായിരുന്നത്. 1948ല്‍ ബല്‍ദേവ് സിങ് ആയിരുന്നു പ്രതിരോധ മന്ത്രി.

ചരിത്രവിവരം വര്‍ധിക്കാന്‍ ദിവസവും പത്രം വായിക്കുന്നത് നല്ലതാണെന്നായിരുന്നു കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല മോദിയെ പരിഹസിച്ചത്. പ്രധാനമന്ത്രിക്ക് വിദ്യാഭ്യാസം നല്‍കാന്‍ താന്‍ സന്നദ്ധനാണെന്നായിരുന്നു പത്രപ്രവര്‍ത്തകനായ വിഷ്ണുസോമിന്റെ പരിഹാസം. മോദിയുടെ തെറ്റ് ചൂണ്ടിക്കാട്ടി സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവും രംഗത്തെത്തി.  മോദിക്ക് പരിഹാസവുമായി നിരവധി പേര്‍ രംഗത്തെത്തി.

നേരത്തെ ബെല്ലാരി സഹോദരന്മാരിലൊരാളായ സോമശേഖര റെഡ്ഡിക്കൊപ്പം നരേന്ദ്രമോദി വേദി പങ്കിട്ടത് വിവാദമായിരുന്നു. കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് അഴിമതി ആരോപണം നേരിട്ട ബി.ജെ.പിയുടെ വിവാദ സ്ഥാനാര്‍ത്ഥികളിലൊന്നായ സോമശേഖര റെഡ്ഡിക്കൊപ്പം മോദി വേദി പങ്കിടുന്നത്.

ജനാര്‍ദ്ദന റെഡ്ഡിയുടെ സഹോദരന്മാരായ സോമശേഖര റെഡ്ഡിക്കും കരുണാകര റെഡ്ഡിക്കും ബി.ജെ.പി ബെല്ലാരിയില്‍ തന്നെയാണ് സീറ്റ് നല്‍കിയിരുന്നത്. ബി.ജെ.പിക്ക് ശക്തി കുറഞ്ഞ ഹൈദരാബാദ്-കര്‍ണാടക മേഖലയില്‍ ജയിക്കുന്നതിന് വേണ്ടിയാണ് നീക്കമെന്ന് ബി.ജെ.പി ന്യായീകരിച്ചിരുന്നു. ഇരുവര്‍ക്കും സീറ്റ് നല്‍കിയത് അമിത് ഷായാണെന്നും യെദിയൂരപ്പ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

സാമശേഖര റെഡ്ഡിക്കൊപ്പം വേദി പങ്കിട്ട മോദി റെഡ്ഡി സഹോദരന്മാര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയിരുന്നില്ല. മറിച്ച് കോണ്‍ഗ്രസിനെതിരായി വിമര്‍ശനം ഉന്നയിക്കുകയായിരുന്നു.