ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ത്രിരാഷ്ട്ര പര്യടനത്തെ പരിഹസിച്ച് കോൺഗ്രസ്. വിദേശ സന്ദർശനങ്ങൾക്ക് ആവശ്യമായ എല്ലാ ഊർജവും, ആവേശവും, ഉത്സാഹവും പ്രധാനമന്ത്രിക്കുണ്ടെന്നും എന്നാൽ മണിപ്പൂരിലേക്ക് പോകാൻ അദ്ദേഹത്തിന് ഇനിയുമാകുന്നില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് വിമർശിച്ചു.
അതിർത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയെ പിന്തുണച്ചതിന് പങ്കാളി രാജ്യങ്ങൾക്ക് നന്ദി പറയാൻ വേണ്ടി പ്രധാനമന്ത്രി ഇന്ന് സൈപ്രസ്, കാനഡ, ക്രൊയേഷ്യ എന്നിവിടങ്ങളിലേക്ക് ത്രിരാഷ്ട്ര പര്യടനം ആരംഭിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അന്താരാഷ്ട്ര യാത്രകളോടുള്ള ആവേശവും മണിപ്പൂരിലെ സാഹചര്യം പോലുള്ള ആഭ്യന്തര പ്രശ്‌നങ്ങളോടുള്ള അവഗണനയും ജയറാം രമേശ് വിമർശിച്ചു.
‘ഇന്ത്യയ്ക്കും കാനഡയ്ക്കും ബാധകമായ (a+b)^2 സമവാക്യം പറഞ്ഞുകൊണ്ട് ബീജഗണിതത്തെക്കുറിച്ചുള്ള തന്റെ അറിവിനെക്കുറിച്ച് അദ്ദേഹം വീമ്പിളക്കിയ ഒരു കാലമുണ്ടായിരുന്നു. എന്നാൽ അതിനുശേഷം കണക്കുകൂട്ടലുകൾ തെറ്റിയിരുന്നു. ഇന്ത്യയിലേക്കുള്ള ക്ഷണം സ്വീകരിക്കാൻ കാനഡ മടിച്ചുനിൽക്കുന്നതായി തോന്നിയപ്പോൾ, കാനഡ ക്ഷണിച്ചാലും മോദി അങ്ങോട്ട് പോകില്ലെന്ന് അദ്ദേഹത്തിന്റെ ആളുകൾ പ്രഖ്യാപിച്ചു. എന്നാൽ അതെല്ലാം തെറ്റായിരുന്നു ,’ അദ്ദേഹം പറഞ്ഞു.
മോദിക്ക് സഹാനുഭൂതി ഇല്ലെന്നും അതുകൊണ്ടാണ് അദ്ദേഹം മണിപ്പൂർ സന്ദർശിക്കാത്തതെന്നും വിമർശിച്ച ജയറാം രമേശ്, 2023 മെയ് മാസത്തിൽ മണിപ്പൂരിൽ അക്രമം പൊട്ടിപ്പുറപ്പെട്ടതിനുശേഷം പ്രധാനമന്ത്രിയുടെ 35-ാമത്തെ വിദേശ സന്ദർശനമാണിതെന്നും പറഞ്ഞു.
‘2023 മെയ് മുതൽ മിസ്റ്റർ മോദിയുടെ 35-ാമത്തെ വിദേശ യാത്രയാണിത്. അത്തരം സന്ദർശനങ്ങൾക്കുള്ള മൂന്ന് ‘ഇ’കൾ അദ്ദേഹത്തിനുണ്ട്. എനർജി, എക്സൈറ്റ്മെന്റ്റ്, എന്തൂസിയാസം എന്നാൽ ജനങ്ങളുടെ ദുരിതവും വേദനയും കഷ്ടപ്പാടും അണയാതെ തുടരുന്ന മണിപ്പൂരിലേക്ക് പോകുന്നതിന് അദ്ദേഹത്തിന് നാലാമത്തെ ‘ഇ’ അദ്ദേഹത്തിനില്ല. എമ്പതി. 2023 മെയ് മൂന്ന് മുതൽ സംസ്ഥാനത്തുനിന്നുള്ള ആരെയും, രാഷ്ട്രീയ നേതാക്കളെ പോലും അദ്ദേഹം കണ്ടിട്ടില്ല. മണിപ്പൂരിനോട് ഇത്രയും മോശമായ രീതിയിൽ പെരുമാറുന്നത് പ്രധാനമന്ത്രിയുടെ ദൈന്യതയാണ് കാണിക്കുന്നത്,’ എക്സിലെ പോസ്റ്റിൽ ജയറാം രമേശ് കൂട്ടിച്ചേർത്തു.
മണിപ്പൂരിൽ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടത് മുതൽ പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടുവരികയാണ്. അക്രമം പൊട്ടിപ്പുറപ്പെട്ടതിനുശേഷം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നിരവധി തവണ മണിപ്പൂർ സന്ദർശിച്ചിട്ടുണ്ട്.
Content Highlight: Congress asks Modi again ‘When to Manipur?’ as PM embarks on tri-nation tour