യു.ഡി.എഫില്‍ വിള്ളലുണ്ടാകരുത്; ചെയര്‍മാന്‍ തര്‍ക്കത്തില്‍ എം.എസ്.എഫുമായി വിട്ടുവീഴ്ച വേണമെന്ന് നേതൃത്വം
Kerala News
യു.ഡി.എഫില്‍ വിള്ളലുണ്ടാകരുത്; ചെയര്‍മാന്‍ തര്‍ക്കത്തില്‍ എം.എസ്.എഫുമായി വിട്ടുവീഴ്ച വേണമെന്ന് നേതൃത്വം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 18th July 2025, 11:56 am

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചെയര്‍മാന്‍ തര്‍ക്കത്തില്‍ എം.എസ്.എഫിനോട് വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകണമെന്ന് കെ.എസ്.യുവിനോടാവശ്യപ്പെട്ട് കോണ്‍ഗ്രസ്. യു.ഡി.എഫില്‍ വിള്ളല്‍ വീഴരുതെന്നാണ് നേതൃത്വം കെ.എസ്.യുവിന് നല്‍കുന്ന മുന്നറിയിപ്പ്.

കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ അനുനയ ശ്രമങ്ങള്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് കെ.എസ്.യുവിന് മുമ്പില്‍  പുതിയ നിര്‍ദേശം വെച്ചിരിക്കുന്നത്.

പ്രശ്‌നപരിഹാരത്തിനായി കെ.എസ്.യു നേതൃത്വം പ്രതിപക്ഷ നേതാവിനെയും കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫിനെയും സമീപിക്കുകയായിരുന്നു.

 

യു.ഡി.എഫ് നേതൃത്വം നടത്തിയ ഉഭയകക്ഷി ചര്‍ച്ചയ്ക്ക് പിന്നാലെ കാലിക്കറ്റ് സര്‍വകലാശാല ചെയര്‍മാന്‍ സ്ഥാനത്തെ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ചുമതലപ്പെടുത്തിയിരുന്നു.

ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് കെ.എസ്.യു വിട്ടുവീഴ്ചയ്ക്ക് തയ്യാറാകേണ്ടി വരുമെന്ന് സണ്ണി ജോസഫ് സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറിന് നിര്‍ദേശം നല്‍കിയത്.

നാളെ കെ.എസ്.യു അടിയന്തര സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചു ചേര്‍ക്കും. ഈ യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇത്തവണ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചെയര്‍മാന്‍ സ്ഥാനം എം.എസ്.എഫിന് നല്‍കാമെന്ന് യു.ഡി.എസ്.എഫില്‍ ധാരണയുണ്ടാക്കിയിരുന്നു. എന്നാല്‍ ഈ ധാരണ കെ.എസ്.യു നേതൃത്വം ലംഘിച്ചെന്നാണ് എം.എസ്.എഫ് നേതൃത്വം ആരോപിക്കുന്നത്.

 

എന്നാല്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ ചെയര്‍മാന്‍ പദവി തങ്ങള്‍ക്കെന്ന സ്റ്റാറ്റസ്‌കോ നിലനിര്‍ത്തണമെന്നാണ് കെ.എസ്.യു നേതാക്കളുടെ വാദം.

ഇതോടെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ എം.എസ്.എഫ് തനിച്ച് മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കെ.എസ്.യുവിന്റെ ഈ നിലപാട് വ്യക്തമാക്കി എം.എസ്.എഫ് നേതാക്കള്‍ വി.ഡി. സതീശന് കത്ത് നല്‍കിയിരുന്നു. ഒരു മുന്നണി എന്ന നിലയില്‍ എം.എസ്.എഫിന് ലഭിക്കേണ്ട പരിഗണന കെ.എസ്.യു നിരന്തരമായി തിരസ്‌കരിക്കുന്ന അനുഭവങ്ങളാണ് നിലവിലുള്ളതെന്നാണ് നേതാക്കള്‍ കത്തില്‍ പറയുന്നത്.

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ യു.ഡി.എസ്.എഫ് യൂണിയന്‍ പിടിച്ചപ്പോള്‍ 262 യു.യു.സിമാരില്‍ 41 പേര്‍ മാത്രമാണ് കെ.എസ്.യുവിന് ഉണ്ടായിരുന്നതെന്നും കഴിഞ്ഞ തവണയുണ്ടാക്കിയ ധാരണപ്രകാരം ഇത്തവണ ചെയര്‍മാന്‍ സ്ഥാനം തങ്ങള്‍ക്കാണ് ലഭിക്കേണ്ടതെന്നുമാണ് എം.എസ്.എഫ് നേതാക്കള്‍ പറയുന്നത്.

 

Content Highlight: Congress asks KSU to be ready to make concessions to MSF in the Calicut University chairman dispute.