കോണ്‍ഗ്രസും തൃണമൂലും ഒന്നാകുന്നില്ല; ലയന വാര്‍ത്തകള്‍ തള്ളി ഇരു പാര്‍ട്ടികളും
India
കോണ്‍ഗ്രസും തൃണമൂലും ഒന്നാകുന്നില്ല; ലയന വാര്‍ത്തകള്‍ തള്ളി ഇരു പാര്‍ട്ടികളും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th June 2026, 6:00 pm

ന്യൂദല്‍ഹി: കോണ്‍ഗ്രസ്-തൃണമൂല്‍ കോണ്‍ഗ്രസ് ലയനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ തള്ളി ഇരു പാര്‍ട്ടികളും. ഇന്ന് രാവിലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജിയും ദല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിറകെയാണ് ഇരു പാര്‍ട്ടികളും ലയിക്കാന്‍ ഒരുങ്ങുന്നുവെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പുറത്തുവന്നത്.

കോണ്‍ഗ്രസുമായി പാര്‍ട്ടി ലയിക്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് വിവരം ലഭിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. തൃണമൂലുമായി ലയന ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാലും അറിയിച്ചു. ഇരുപാര്‍ട്ടികളും ഒരുമിച്ച് പോകുമെന്നും ലയനം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

ഇരു പാര്‍ട്ടികളും തമ്മില്‍ ലയിക്കാനൊരുങ്ങുന്നതായി ചില ടെലിവിഷന്‍ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാഹുല്‍ – അഭിഷേക് കൂടിക്കാഴ്ചയില്‍ ലയനം അജണ്ടയായെന്ന തരത്തിലും അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നു.

രാഹുല്‍ ഗാന്ധിയും അഭിഷേക് ബാനര്‍ജിയുമായുള്ള കൂടിക്കാഴ്ചയില്‍ ഇരു പാര്‍ട്ടികളുടെയും ലയനത്തെക്കുറിച്ച് ചര്‍ച്ച നടന്നിട്ടില്ലെന്ന് ടി.എം.സി നേതാക്കള്‍ അറിയിച്ചതായി വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു,

വിമത നേതാക്കള്‍ പാര്‍ട്ടി പിളര്‍ത്തിയതിനെത്തുടര്‍ന്നുള്ള പ്രതിസന്ധി നേരിടുകയാണ് നിലവില്‍ തൃണമൂല്‍ കോണ്‍ഗ്രസ്. പാര്‍ട്ടിയുടെ 28 ലോക്‌സഭാ എം.പിമാരില്‍ 20 പേരും വിമത പക്ഷത്തേക്ക് മാറിയതാണ് വിവരം.

കഴിഞ്ഞ ദിവസം തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സോണിയ ഗാന്ധിയും ദല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ന്യൂദല്‍ഹിയില്‍ സോണിയ ഗാന്ധിയുടെ വസതിയിലായിരുന്നു കൂടിക്കഴ്ച. കൂടിക്കാഴ്ചയില്‍ എന്താണ് ചര്‍ച്ച ചെയ്തതെന്ന് വ്യക്തമല്ല.

നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ പരാജയപ്പെട്ട ശേഷം ഇതാദ്യമായാണ് സോണിയയും മമതയും സ്വകാര്യ കൂടിക്കാഴ്ച നടത്തിയത്. നേരത്തെ ഇന്ത്യ മുന്നണി യോഗത്തില്‍ ഇരു നേതാക്കളും പങ്കെടുത്തിരുന്നു. എന്നാല്‍ ഇരു നേതാക്കളും മാത്രം പങ്കെടുത്ത മറ്റൊരു കൂടിക്കാഴ്ച അടുത്തിടെ നടന്നിരുന്നില്ല.

Content Highlight: Congress and TMC reject Merger Rumors