ദല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനില്ലെന്ന് കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും
Daily News
ദല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനില്ലെന്ന് കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 18th May 2014, 4:20 pm

[] ന്യൂദല്‍ഹി: ദല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആം ആദ്മി പാര്‍ട്ടിയെ പിന്തുണയ്ക്കുമെന്ന വാര്‍ത്ത തള്ളി കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വം രംഗത്തെത്തി. ദല്‍ഹി നിയമസഭയിലേക്ക് പുതിയൊരു തിരഞ്ഞെടുപ്പിനാണ് തങ്ങള്‍ക്ക് താല്‍പ്പര്യമെന്ന് സംസ്ഥാന കോണ്‍ഗ്രസ് മുഖ്യവക്താവ് മുകേഷ് ശര്‍മ വ്യക്തമാക്കി.

അതേ സമയം കോണ്‍ഗ്രസ് പിന്തുണ വേണ്ടെന്ന് ആം ആദ്മി പാര്‍ട്ടിയും വ്യക്തമാക്കി. ദല്‍ഹിയില്‍ സര്‍ക്കാര്‍ രുപീകരിക്കാന്‍ കോണ്‍ഗ്രസ് പിന്തുണ വേണ്ടെന്നും അത്തരമൊരു സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കില്ലെന്നും പാര്‍ട്ടി നേതാവ് മനീഷ് സിസോദിയ പറഞ്ഞു.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് വീണ്ടും ആം ആദ്മി പാര്‍ട്ടിയെ പിന്തുണക്കാനൊരുങ്ങിയത്.
ദല്‍ഹിയില്‍ ഏഴ് ലോക്‌സഭാ സീറ്റും വന്‍ ഭൂരിപക്ഷത്തില്‍ ബി.ജെ.പി വിജയിച്ചപ്പോള്‍ എല്ലായിടത്തും കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തായി. നിയമസഭാ മണ്ഡലങ്ങള്‍ കണക്കിലെടുത്താല്‍ ആകെയുള്ള 70 സീറ്റില്‍ 60 സീറ്റിലും ബി.ജെ.പിയാണ് മുന്നിലെത്തിയത്.

കോണ്‍ഗ്രസ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പരാജയമായതിനാല്‍ വീണ്ടുമൊരു തിരഞ്ഞെടുപ്പ് ശക്തമായ തിരിച്ചടിയാകുമെന്ന ഭീതിയുണ്ട് കോണ്‍ഗ്രസിന്. 2013 ഡിസംബറില്‍ നടന്ന ദല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ 28 സീറ്റ് നേടി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്.

70 അംഗ നിയമസഭയില്‍ 33 സീറ്റ് നേടിയ ബി.ജെ.പിയ്ക്ക് കേവല ഭൂരിപക്ഷമില്ലാത്തതിനാല്‍ സര്‍ക്കാര്‍ രൂപീകരിക്കാനായിരുന്നില്ല. തുടര്‍ന്ന് ബി.ജെ.പി അധികാരത്തില്‍ വരാതിരിക്കാന്‍ കോണ്‍ഗ്രസ് ആം ആദ്മി പാര്‍ട്ടിയെ പിന്തുണയ്ക്കുകയായിരുന്നു. എന്നാല്‍ ജന്‍ലോക്പാല്‍ ബില്‍ പാസാക്കത്തില്‍ പ്രതിഷേധിച്ച് 49 ദിവസത്തെ ഭരണത്തിന് ശേഷം കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജിവെക്കുകയായിരുന്നു.