സിഡ്‌നി: കഴിഞ്ഞ ദിവസം സിഡ്‌നിയിലെ ബോണ്ടി ബീച്ച് വെടിവെപ്പില്‍ അക്രമിയെ കീഴ്‌പ്പെടുത്തിയ 43കാരന്‍ അഹമ്മദ് അല്‍ അഹമ്മദിന് അഭിനന്ദന പ്രവാഹം. ബീച്ചില്‍ ഹനൂക ആഘോഷത്തിനിടെ ആളുകള്‍ക്കിടയിലേക്ക് വെടിവെച്ച അക്രമിയെ അടിച്ചുവീഴ്ത്തിയാണ് അഹമ്മദ് അല്‍ അഹമ്മദ് കൂടുതല്‍ അനിഷ്ട സംഭവങ്ങളുണ്ടാകാതെ കാത്തത്.
ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയില്‍ വൈറലായതിന് പിന്നാലെ തന്റെ ജന്മനാടായ സിറിയയില്‍ നിന്നടക്കം അഹമ്മദിന് അഭിനന്ദനപ്രവാഹമാണ്. വീഡിയോയില്‍ അഹമ്മദിനെ തിരിച്ചറിഞ്ഞ ബന്ധുക്കളും സുഹൃത്തുക്കളും അദ്ദേഹത്തെ അഭിനന്ദിക്കുകയാണ്.
‘ഞങ്ങള്‍ ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെയാണ് അറിഞ്ഞത്. ഞാന്‍ അദ്ദേഹത്തിന്റെ പിതാവിനെ ഫോണ്‍ ചെയ്തു, അദ്ദേഹം അത് അഹമ്മദ് തന്നെയാണ് വ്യക്തമാക്കി. അഹമ്മദ് ഒരു ഹീറോയാണ്. ഞങ്ങള്‍ക്ക് അവനില്‍ ഏറെ അഭിമാനമുണ്ട്. സിറിയയും അവനെയോര്‍ത്ത് അഭിമാനിക്കുന്നു,’ അഹമ്മദിന്റെ അമ്മാവന്‍ റോയ്‌ട്ടേഴ്‌സിനോട് പറഞ്ഞു.
‘കൊല്ലപ്പെടുന്നവര്‍ ക്രിസ്ത്യാനിയാണോ മുസല്‍മാനാണോ ജൂതനാണോ എന്നൊന്നും നോക്കാതെ, അവരുടെ ജാതിയോ മതമോ ഒന്നും ചിന്തിക്കാതെയാണ് അവന്‍ അവസരോചിതമായി ഇടപെട്ടത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ന്യൂ സൗത്ത് വെയ്ല്‍സ് പ്രീമിയര്‍ ക്രിസ് മിന്‍സ് അഹമ്മദ് അല്‍ അഹമ്മദിനെ ആശുപത്രിയിലെത്തി സന്ദര്‍ശിക്കുന്നു. Photo: x.com
ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസും അഹമ്മദിനെ അഭിനന്ദിച്ചിരുന്നു. ഹീറോ എന്ന് വിളിച്ചുകൊണ്ടാണ് ആല്‍ബനീസ് അഹമ്മദ് അല്‍ അഹമ്മദിനെ അഭിനന്ദിച്ചത്.
അക്രമിയെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ അഹമ്മദിനും വെടിയേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അദ്ദേഹം നിലവില്‍ ചികിത്സയില്‍ തുടരുകയാണ്.
ആക്രമണത്തിന് പിന്നില്‍ ഒരു അച്ഛനും മകനുമാണെന്ന് ന്യൂ സൗത്ത് വെയില്‍സ് പൊലീസ് കമ്മീഷണര്‍ മാല്‍ ലാന്‍യോണ്‍ അറിയിച്ചു.
പ്രതികളില്‍ 50 വയസുകാരനായ അച്ഛനെ സംഭവസ്ഥലത്തുവെച്ചുതന്നെ പൊലീസ് കൊലപ്പെടുത്തി. 24കാരനായ മകന്‍ പൊലീസ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജൂത ഫെസ്റ്റിവലിനിടെ ബോണ്ടി ബീച്ചിലുണ്ടായ ആക്രമണത്തെ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അപലപിച്ചിരുന്നു. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് സെമിറ്റിക് വിരുദ്ധ നയങ്ങള്‍ക്ക് ഇന്ധനം പകരുകയാണെന്നും ഇതാണ് ജൂത സമൂഹത്തിനെതിരായ ആക്രമണത്തിന് കാരണമായതെന്നും നൈതന്യാഹു ആരോപിച്ചിരുന്നു.